CMDRF

നല്ല ആരോഗ്യത്തിന് നട്‌സിന്റെ പ്രാധാന്യം

നല്ല ആരോഗ്യത്തിന് നട്‌സിന്റെ പ്രാധാന്യം
നല്ല ആരോഗ്യത്തിന് നട്‌സിന്റെ പ്രാധാന്യം

രോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. നല്ല ഡയറ്റാണ് എപ്പോഴും ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവുമധികം സഹായിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തില്‍ ഒരല്‍പ്പം ശ്രദ്ധിച്ചാല്‍ ആരോഗ്യമുള്ള ശരീരം നിലനിര്‍ത്താന്‍ സാധിക്കും. പോഷകങ്ങള്‍ നിറഞ്ഞ സമീകൃത ആഹാരമാണ് എപ്പോഴും ആരോഗ്യത്തിന് ഏറെ നല്ലത്. വൈകുന്നേരങ്ങളും ഇട നേരങ്ങളിലും കഴിക്കുന്ന സ്‌നാക്‌സുകള്‍ക്ക് പകരമായി നട്‌സുകള്‍ കഴിക്കുന്നത് വളരെയധികം നല്ലതാണ്. പോഷകങ്ങള്‍ ധാരാളമായി നിറഞ്ഞിരിക്കുന്ന നട്‌സുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെ നല്ലതാണെന്ന് തന്നെ പറയാം. ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ചില നട്‌സുകളെക്കുറിച്ച് നോക്കാം. രോഗപ്രതിരോധ ശേഷിയും ആരോഗ്യവും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ബദാം. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ് മഗ്‌നീഷ്യം. പേശികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും ഞരമ്പുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം മഗ്‌നീഷ്യം വളരെ പ്രധാനമാണ്. ശരീരത്തിലേക്ക് മഗ്‌നീഷ്യം എത്തിക്കാന്‍ സഹായിക്കുന്ന ആഹാരമാണ് ബദാം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ബദാം രാത്രിയില്‍ കുതിര്‍ത്ത് രാവിലെ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്.

നട്‌സുകളിലെ സൂപ്പര്‍ ഫുഡ് എന്ന് വേണമെങ്കില്‍ വാള്‍നടിനെ വിളിക്കാം. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ള ഒരു ഭക്ഷണമാണ് വാള്‍നട്‌സ്. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും അതുപോലെ ഓര്‍മ്മ ശക്തി കൂട്ടാനുമൊക്കെ ഏറെ നല്ലതാണ് വാള്‍നട്‌സ് കഴിക്കുന്നത്. സ്ഥിരമായി വാള്‍നട്‌സ് കഴിക്കുന്നത് ഊര്‍ജ്ജം വര്‍ധിപ്പിക്കാനും ഹൃദ്രോഗം പോലെയുള്ള രോഗങ്ങള്‍ തടയാനും ഏറെ സഹായിക്കും. പ്രമേഹമുള്ളവര്‍ തീര്‍ച്ചയായും ദിവസവും ഒരു പിടി വാള്‍നട് കഴിക്കേണ്ടത് വളരെ പ്രധാനമാണ്. വിഷാദ രോഗം പോലെയുള്ളവ അകറ്റാനും ഏറെ സഹായിക്കും ഈ സൂപ്പര്‍ ഫുഡ്. നട്‌സുകളുടെ കൂട്ടത്തിലെ പ്രധാനിയാണ് കശുവണ്ടി. ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതാണ് കശുവണ്ടിയെന്ന് തന്നെ പറയാം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും കൊളസ്‌ട്രോളും കുറയ്ക്കാന്‍ ഏറെ നല്ലതാണ് കശുവണ്ടി. കാല്‍ കപ്പ് കശുവണ്ടിയില്‍ അഞ്ച് ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. എളുപ്പത്തില്‍ വയറ് നിറയ്ക്കുന്നതും അതുപോലെ ആരോഗ്യകരവുമായ പോഷകമാണ് കശുവണ്ടി.

കാത്സ്യം, അയേണ്‍, സിങ്ക്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയ നട്‌സുകളിലൊന്നാണ് പിസ്ത. ഇത് മാത്രമല്ല വൈറ്റമിന്‍ എ, ബി 6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയവയും ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ തുടങ്ങിയ ഘടകങ്ങളും പിസ്തയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലുള്ള വൈറ്റമിന്‍ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ വളരെയധികം സഹായിക്കും. മാത്രമല്ല രോഗ പ്രതിരോധ ശേഷി കൂട്ടാനും ഇത് ഏറെ നല്ലതാണ്. ശരീരത്തിന് ആവശ്യമായ നല്ല പോഷകങ്ങള്‍ ധാരാളമായി കപ്പലണ്ടിയില്‍ അടങ്ങിയിട്ടുണ്ട്. മോണോ- പോളി അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടമാണ് കപ്പലണ്ടി. വൈറ്റമിന്‍ ഇ, ബി 1, ബി 3, ബി 9 എന്നിവയും മഗ്‌നീഷ്യം, ഫോസ്ഫറസ്, അയണ്‍ തുടങ്ങിയ ധാതുക്കളും കപ്പലണ്ടിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് നല്ല തൂക്കവും പുഷ്ടിയും വയ്ക്കാന്‍ ഏറെ നല്ലതാണ് കപ്പലണ്ടി പുഴുങ്ങി കഴിക്കുന്നത് എന്ന് പറയാം. തടി വയ്ക്കാതെ ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ കപ്പലണ്ടി സഹായിക്കും

Top