പത്തനംതിട്ട: ആശുപത്രി ക്ലിനിക്കിന് വാണിജ്യസ്ഥാപനങ്ങൾക്കുള്ള വൈദ്യുതി താരിഫ് നൽകി, വൻ തുക പിഴ ഈടാക്കുകയും മുൻകൂർ നോട്ടീസ് നൽകാതെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തതിന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ 1.54 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചു. പന്തളം മങ്ങാരം സ്വദേശി ആലീഫ് പറമ്പിൽ എം.യു. ഷഹനാസ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിൽ നൽകിയ പരാതിയിലാണ് നടപടി.
പന്തളം സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ,അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, അടൂർ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ, പത്തനംതിട്ട ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി. ചെയർമാൻ, സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി നൽകിയത്.
പന്തളം ജങ്ഷനിലെ പ്രകാശ് ബിൽഡിങ്ങിൽ ഡെന്റൽ ക്ലിനിക്ക് നടത്തുകയായിരുന്നു ഷഹനാസ്. ക്ളിനിക്കിന് നൽകിയ വൈദ്യുതി കണക്ഷൻ എൽ.ടി. 6-ജി താരിഫിൽ നൽകാെത വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.ടി. 7-എ താരിഫിലാണ് നൽകിയത്. ഇതേ തുടർന്ന് വൻ തുകയുടെ വൈദ്യുതി ബില്ല് ലഭിച്ചു. ജനുവരി 16-ന് ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡ് ക്ലിനിക്കിലെത്തി 43,572 രൂപ പിഴ ഈടാക്കി. ഇതിനെതിരേ പന്തളം കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിൽ പരാതി കൊടുത്തുവെങ്കിലും പരിഗണിച്ചില്ല.
Also Read: സംസ്ഥാനത്തെ മൂന്ന് നെയ്യ് ബ്രാൻഡുകളുടെ വിൽപ്പന നിരോധിച്ചു
വീണ്ടും ഉയർന്ന താരിഫിൽ 6,536 രൂപയുടെ ബിൽ കൊടുത്തു. ഏപ്രിൽ 30-ന് രോഗികൾ ആശുപത്രിയിലുള്ള സമയത്ത് മുന്നറിയിപ്പില്ലാതെ കണക്ഷൻ വിച്ഛേദിച്ചു.ഷാനവാസ് തിരുവനന്തപുരം വൈദ്യുതിഭവൻ ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ബന്ധപ്പെട്ടപ്പോൾ അന്ന് വൈകീട്ട് കണക്ഷൻ പുനഃസ്ഥാപിച്ചു. രണ്ടാമത്തെ ബിൽ തുക കുറച്ച് 4,797 രൂപയാക്കി പുതിയ ബില്ല് നൽകി. താരിഫ് എൽ.ടി. 6-ജിയിലേക്ക് കണക്ഷൻ മാറ്റി.
ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡ് ഈടാക്കിയ അധികത്തുകയും നഷ്ടപരിഹാരവും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഷാനവാസ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചു. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ തങ്ങളുടെ വാദത്തിന് തെളിവുകൾ നൽകിയില്ല. ഹർജിക്കാരന് നഷ്ടപരിഹാരമായി 1,54,000 രൂപ കെ.എസ്.ഇ.ബി. ഉദ്യോസസ്ഥർ 45 ദിവസത്തിനകം നൽകണമെന്ന് കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും കമ്മിഷനംഗം നിഷാദ് തങ്കപ്പനും വിധിച്ചു.