കുവൈത്ത് സിറ്റി: ഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിനും രാജ്യത്ത് റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമായി വിപുലമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കാമറകൾ വിന്യസിക്കുവാൻ തീരുമാനം. ഏകദേശം 252 എ.ഐ കാമറകൾ പൊതുറോഡുകളിൽ സ്ഥാപിക്കുമെന്ന് ട്രാഫിക് ബോധവത്കരണ വകുപ്പ് അസി. ഡയറക്ടർ കേണൽ അബ്ദുള്ള ബു ഹസ്സൻ അൽ അഖ്ബർ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, വാഹനത്തിലുള്ളവർ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്താനും അവ റെക്കോഡ് ചെയ്യാനും പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ളതാണ് ഈ കാമറകൾ. വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കുന്ന കുട്ടിക്കുള്ള പിഴ അഞ്ച് ദിനാറിൽനിന്ന് 50 ദിനാറായി ഉയർത്തുമെന്ന് കേണൽ അബ്ദുള്ള ബു ഹസ്സൻ സൂചിപ്പിച്ചു. ഒപ്പം രാജ്യത്ത് പോയന്റ് ടു പോയന്റ് കാമറകൾ ഉപയോഗിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Also Read : നാട്ടിലെ വിലയേക്കാൾ മൂന്നിരട്ടി; ഇന്ത്യൻ സവാളയെ കൈവിട്ട് ഗൾഫ് വിപണി
രണ്ട് നിശ്ചിത പോയന്റുകൾക്കിടയിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ശരാശരി വേഗം കണക്കാക്കുന്നതാണ് പോയന്റ് ടു പോയന്റ് കാമറകൾ. കാമറ ലൊക്കേഷനുകൾക്ക് സമീപം വേഗം കുറച്ചാലും വേഗപരിധി ലംഘിക്കുന്ന ഡ്രൈവർമാരെ തിരിച്ചറിയാനും, പിഴ ചുമത്താനും ഇത്തരം കാമറകൾ സഹായിക്കും.