പാകിസ്ഥാൻ: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തന്റെ മുൻ ഭർത്താവുമായ ഇമ്രാൻ ഖാൻ ജയിലിൽ ക്രൂര പീഡനത്തിന് വിധേയനാകുന്നെന്ന് മുൻ ഭാര്യ ജെമീമ ഗോൾഡ്സ്മിത്ത്. ജയിലിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അധികാരികൾ അദ്ദേഹത്തെ ഇരുട്ടറയിൽ ഏകാന്തതടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും ആഴ്ചതോറും മക്കളെ വിളിക്കാൻ അനുവദിക്കുന്നില്ലെന്നും ജെമീമ ഗോൾഡ്സ്മിത്ത് ആരോപിച്ചു.
ജെമീമയുടെ ആരോപണം, ഇസ്‍ലാമാബാദിൽ നടക്കുന്ന ദ്വിദിന എസ്.സി.ഒ ഉച്ചകോടിക്ക് പാകിസ്താൻ സർക്കാർ ആതിഥേയത്വം വഹിക്കുന്നതിനിടെയാണ്. നിലവിൽ ലണ്ടനിൽ താമസിക്കുന്ന ബ്രിട്ടീഷുകാരായ മക്കളായ സുലൈമാൻ, കാസിം ഖാൻ എന്നിവരിലേക്കുള്ള അദ്ദേഹത്തിന്റെ ആഴ്ച തോറുമുള്ള ഫോൺ വിളികൾ സെപ്റ്റംബർ 10 മുതൽ ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു. കൂടാതെ പാകിസ്താൻ അധികാരികൾ എല്ലാ കോടതി വിചാരണകളും മാറ്റിവെച്ചതായും മുൻ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സന്ദർശനങ്ങൾ പൂർണമായും നിർത്തൽ ചെയ്തതായും ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത പോസ്റ്റിൽ അവർ ആരോപിച്ചു.
Also Read: റഷ്യൻ ഐസ്ബ്രേക്കർ കപ്പലുകളുടെ നിർമാണ കരാർ ഇന്ത്യയ്ക്ക്
ജയിലിൽ അദ്ദേഹത്തിന്റെ സെല്ലിലെ ലൈറ്റുകളും വൈദ്യുതിയും ഓഫാക്കിയെന്നും സെല്ലിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദക്കില്ലെന്നുമുള്ള റിപ്പോർട്ടുകൾ തങ്ങൾക്ക് ലഭിച്ചതായും അവർ പറഞ്ഞു. ഇമ്രാൻ ഖാനോട് മാത്രമല്ല, പാകിസ്ഥാൻ സർക്കാർ അദ്ദേഹത്തിൻ്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളോടും മോശമായി പെരുമാറുകയാണെന്നും അവരെയും എല്ലാ രാഷ്ട്രീയ എതിർപ്പിനെയും നിശബ്ദരാക്കാനുള്ള ശ്രമമാണെന്നും ഗോൾഡ്സ്മിത്ത് ആരോപിച്ചു. 1995ൽ ബ്രിട്ടീഷ് പൗരയായ ജെമീമ ഗോൾഡ്സ്മിത്തിനെ ഇമ്രാൻ ഖാൻ വിവാഹം ചെയതെങ്കിലും 2004ൽ അവരെ വിവഹമോചനം ചെയ്തിരുന്നു.