2024 ല്‍ മാത്രം കൊച്ചി നഗരവാസികളില്‍ നിന്നും സൈബര്‍ ക്രിമിനലുകള്‍ തട്ടിയത് 25 കോടിയോളം രൂപ

2024 ല്‍ മാത്രം കൊച്ചി നഗരവാസികളില്‍ നിന്നും സൈബര്‍ ക്രിമിനലുകള്‍ തട്ടിയത് 25 കോടിയോളം രൂപ

കൊച്ചി: ഈ വര്‍ഷം ഇതുവരെ കൊച്ചി നഗരവാസികളില്‍ നിന്ന് സൈബര്‍ ക്രിമിനലുകള്‍ തട്ടിയെടുത്തത് 25 കോടിയോളം രൂപ. രണ്ടുമാസത്തിനിടെ നാല് കേസുകളില്‍ മാത്രം നഷ്ടമായത് 21 കോടിയിലധികം രൂപയാണ്. കൊച്ചി സിറ്റി പൊലീസിനുകീഴില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഇത്രയും തുക നഷ്ടമായിരിക്കുന്നത്. ഈ നാല് കേസുകളുടെ അന്വേഷണത്തിനു മാത്രമായി പ്രത്യേക സംഘത്തിനെ നിയോഗിച്ചു. നാനൂറോളം സൈബര്‍ തട്ടിപ്പ് കേസുകളാണ് ജനുവരി മുതല്‍ ജൂണ്‍വരെ രജിസ്റ്റര്‍ ചെയ്തതെന്നും സിറ്റി പൊലീസ് കമീഷണര്‍ എസ് ശ്യാംസുന്ദര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 40 ശതമാനത്തോളം കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നഷ്ടമായ തുകയില്‍ 30-40 ശതമാനം വീണ്ടെടുക്കാനായി. ഡിസിപി കെ എസ് സുദര്‍ശനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

5.16 കോടി രൂപയാണ് വ്യാജ കൊറിയര്‍വഴി തട്ടിയെടുത്തത്. സ്വന്തം പേരിലെത്തിയ കൊറിയറില്‍ മയക്കുമരുന്നും വ്യാജ പാസ്‌പോര്‍ട്ടുമുണ്ടെന്ന് ഭീഷണിപ്പെടുത്തി ജഡ്ജസ് അവന്യുവിലെ അറുപത്തഞ്ചുകാരിയില്‍നിന്ന് തട്ടിയത് 5.16 കോടി രൂപ. മുംബൈ പൊലീസ് ആസ്ഥാനത്തുനിന്നാണെന്നും, അറസ്റ്റ് വാറന്റുണ്ടെന്നും പറഞ്ഞായിരുന്നു ഭീഷണി. അക്കൗണ്ടുകളിലുള്ള തുക പരിശോധിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് അവര്‍ നിര്‍ദേശിച്ച അക്കൗണ്ടുകളിലേക്ക് തുക കൈമാറുകയായിരുന്നു. ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്.

ഷെയര്‍ ട്രേഡിങ് വഴി കൂടുതല്‍ പണമുണ്ടാക്കാമെന്നു പറഞ്ഞായിരുന്നു മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന അറുപതുകാരനില്‍നിന്ന് 3,37,65,000 തട്ടിയെടുത്തത്. സമൂഹമാധ്യമങ്ങള്‍വഴി ട്രേഡിങ് നടത്തി പണമുണ്ടാക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ പരാതി ലഭിച്ചത് സെന്‍ട്രല്‍ സ്റ്റേഷനിലാണ്.

അതുപോലെതന്നെ കറന്‍സി ട്രേഡിങ് വഴി ലാഭമുണ്ടാക്കാമെന്നു പറഞ്ഞായിരുന്നു കാക്കനാട് സ്വദേശി ഐടി കമ്പനി ഉടമയില്‍നിന്ന് 6,93,20,000 രൂപ തട്ടിയെടുത്തത്. കമ്പനിയുടെ വെബ്‌സൈറ്റില്‍ അക്കൗണ്ട് ഉണ്ടാക്കുകയും തുടര്‍ന്ന് കമ്പനി നിര്‍ദേശിച്ച 12 അക്കൗണ്ടുകളിലേക്ക് 2023 ആഗസ്ത് 19 മുതല്‍ ജൂണ്‍ 24 വരെ കാക്കനാട് സ്വദേശി 6.93 കോടി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചത് ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലാണ്.

എന്നാല്‍ ഇതില്‍നിന്നെല്ലാം വേറിട്ടതാണ് അടുത്ത തട്ടിപ്പ്. ഡല്‍ഹി പൊലീസ്, സിബിഐ എന്നിവരുടെ പേരില്‍ പൂണിത്തുറ സ്വദേശിയില്‍നിന്ന് തട്ടിയെടുത്തത് 5,99,25,625 രൂപയാണ്. വാറന്റുണ്ടെന്നു പറഞ്ഞായിരുന്നു ഭീഷണി. തുടര്‍ന്ന് സ്‌കൈപ്പ് വീഡിയോ കോളില്‍ പൊലീസുകാരനായി വേഷംകെട്ടിയെത്തിയായിരുന്നു തട്ടിപ്പ്. പത്തു കമ്പനികളുടെ അക്കൗണ്ടുകളിലേക്കാണ് പൂണിത്തുറ സ്വദേശി പണം കൈമാറിയത്. പരാതി കിട്ടിയത് മരട് സ്റ്റേഷനില്‍.

സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടാല്‍ പരാതിപ്പെടാനുള്ള നിര്‍ണായക സമയം എന്നുപറയുന്നത് ആദ്യ രണ്ടുമണിക്കൂറാണ്. സൈബര്‍ ക്രൈം ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 1930ല്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യണം. ഉടന്‍ പണം എത്തിയ അക്കൗണ്ട് മരവിപ്പിക്കും. മറ്റ് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയിട്ടുണ്ടെങ്കില്‍ അതും മരവിപ്പിക്കും. ഇത് പണം വീണ്ടെടുക്കാനുള്ള സാധ്യത 100 ശതമാനമാക്കി മറ്റും. രണ്ടുമാസത്തിനിടെ രജിസ്റ്റര്‍ചെയ്ത കേസുകളിലായി ഒരുകോടിയിലധികം രൂപ തിരികെ കിട്ടിയിട്ടുണ്ട്. മൂന്നുകോടിയോളം രൂപ തിരികെ ലഭിക്കാനുണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ എസ് ശ്യാംസുന്ദര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇത്തരം തട്ടിപ്പുകളില്‍ സ്വകാര്യ ബാങ്കുകളിലേക്കാണ് പണം മാറ്റുന്നത്. മിക്ക ബാങ്കുകളും രാജസ്ഥാന്‍, ബിഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, യുപി, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ്. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ്. ജീവിച്ചിരിക്കുന്നവര്‍ക്ക് ചെറിയ തുക നല്‍കി അക്കൗണ്ടുകള്‍ വാടകയ്ക്ക് എടുത്ത സംഭവങ്ങളുണ്ട്. അവരുടെ എടിഎം കാര്‍ഡും ബാങ്കിങ് പാസ്വേര്‍ഡുമെല്ലാം തട്ടിപ്പുകാര്‍ സ്വന്തമാക്കും. ബാങ്ക് അധികൃതര്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. മരിച്ചുപോയവരുടെ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ബാങ്ക് മാനേജര്‍മാര്‍ ബാധ്യസ്ഥരാണ്. ഇത് ചെയ്യാത്തവരും ഈ കൂട്ടത്തിലുണ്ട്. പ്രതികളില്‍ മലയാളികള്‍ കുറവാണ്. അക്കൗണ്ടുകളും വിളിക്കുന്ന സിം കാര്‍ഡുകളും തട്ടിപ്പുകാരുടേതല്ലെന്നാണ് അന്വേഷണം വ്യക്തമാക്കുന്നത്.

എടുക്കാത്ത ലോട്ടറിക്ക് ആര്‍ക്കും ഭീമമായ തുക അടിച്ചിട്ടില്ല, ഇത്തരം കോളുകള്‍ അവഗണിക്കുക, ഒടിപി കൈമാറുന്നതില്‍ ശ്രദ്ധവേണം. ബാങ്കുകളുടെ യഥാര്‍ഥ വെബ്സൈറ്റിലെ കസ്റ്റമര്‍കെയര്‍ നമ്പര്‍തന്നെ ഉപയോഗിക്കുക, സിബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഭീഷണിപ്പെടുത്തി പണം വാങ്ങില്ല, സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ നിര്‍ബന്ധിച്ചാല്‍ തട്ടിപ്പാണെന്ന് മനസ്സിലാക്കുക.
ഒരു സര്‍ക്കാര്‍ ഏജന്‍സിയും നിങ്ങളുടെ അക്കൗണ്ടിലുള്ള പണം പരിശോധിക്കാന്‍ ആവശ്യപ്പെടില്ല, ലോണ്‍ ആപ് ഉപയോഗിക്കരുത്. അജ്ഞാത അക്കൗണ്ടില്‍നിന്ന് പണം വന്നാല്‍ നിയമസഹായം തേടുക, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്ക് എന്നിവിടങ്ങളില്‍നിന്ന് ഒടിപി ആവശ്യപ്പെട്ടുള്ള കോളുകള്‍ വരില്ല എന്നിങ്ങനെയുള്ള മുന്നറിയിപ്പുകളാണ് ഇത്തരം തട്ടിപ്പുകളിൽ പൊലീസ് നൽകുന്നത്.

Top