CMDRF

ബിഹാറില്‍ ബിജെപി സഖ്യത്തിന്റെ ഏക മുസ്ലിം എംപി മുന്നണി വിട്ടു

ബിഹാറില്‍ ബിജെപി സഖ്യത്തിന്റെ ഏക മുസ്ലിം എംപി മുന്നണി വിട്ടു
ബിഹാറില്‍ ബിജെപി സഖ്യത്തിന്റെ ഏക മുസ്ലിം എംപി മുന്നണി വിട്ടു

പാറ്റ്‌ന: ബിഹാറില്‍ ലോക് ജനശക്തി പാര്‍ട്ടി എംപിയായിരുന്ന മെഹബൂബ് അലി കൈസര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നു. സംസ്ഥാനത്തെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയുടെ ഏക മുസ്ലിം എംപിയായിരുന്നു അദ്ദേഹം. ഈ കൂറുമാറ്റത്തോടെ മെഹബൂബ് അലി കൈസര്‍ ഇനി ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മെഹബൂബ് അലി കൈസറിന്റെ മാറ്റം. മുന്‍ കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായിരുന്നു പശുപതി കുമാര്‍ പരസിന്റെ അടുപ്പക്കാരനായിരുന്നു മെഹബൂബ് അലി കൈസര്‍. എന്നാല്‍ പരസ് പാര്‍ട്ടി വിട്ടു പോയത് അദ്ദേഹത്തിന് തിരിച്ചടിയായി. പിന്നാലെ ചിരാഗ് പാസ്വാന്‍ ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മെഹബൂബ് അലി കൈസര്‍ക്ക് സീറ്റ് നിഷേധിക്കുകയും ചെയ്തു. ഇതോടെയാണ് എംപിയും പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞത്. പിന്നീട് അനുനയ ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും ഇതിനൊന്നും നിന്നു കൊടുക്കാതെ മെഹബൂബ് അലി കൈസര്‍ ആര്‍ജെഡിയില്‍ ചേരുകയായിരുന്നു.

ഇന്ന് പാറ്റ്‌നയില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവില്‍ നിന്ന് മെഹബൂബ് അലി കൈസര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ലാലു പ്രസാദ് യാദവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മെഹബൂബ് അലി കൈസര്‍ പാര്‍ട്ടിയില്‍ ചേരുന്നതെന്നും അദ്ദേഹത്തിന്റെ പരിചയസമ്പത്ത് തങ്ങള്‍ക്ക് നേട്ടമാകുമെന്നും തേജസ്വി യാദവ് പ്രതികരിച്ചു. എന്‍ഡിഎ ഭരണത്തില്‍ വെല്ലുവിളി നേരിടുന്ന ഭരണഘടനയെ സംരക്ഷിക്കാനുള്ള തങ്ങളുടെ പോരാട്ടത്തിന് ഈ രാഷ്ട്രീയ നീക്കം ബലം പകരുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

Top