പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിൽ മുന്നൂറിലധികം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ വാർഡുകളിലും പ്രത്യേക സർവേ ആരോഗ്യ വിഭാഗം നടത്തി. വടക്കുമ്പാട് എച്ച്.എസ്.എസിലെ വിദ്യാർഥികളാണ് ഇതിൽ ഭൂരിഭാഗവും പെടുന്നത്. ചിലർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഓരോ ദിവസം കഴിയുമ്പോഴും രോഗം ബാധിച്ചവരുടെ എണ്ണം കൂടുന്നത് ആശങ്കയേറ്റുകയാണ്.
കൂടുതൽ രോഗബാധിതർ ഉണ്ടോയെന്നകാര്യം പരിശോധിക്കാനായിരുന്നു സർവ്വേ. പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടർ, ജെ.എച്ച്.ഐ., ജെ.പി.എച്ച്.എൻ. ഉദ്യോഗസ്ഥരും ആശാ പ്രവർത്തകരും ജനപ്രതിനിധികളടക്കം 200-ഓളം പേർ ഇതിൽ പങ്കെടുത്തു. 1816 വീടുകളിൽ 64 സ്ക്വാഡുകളാണ് സർവേക്കെത്തിയത്. ഓണക്കാല അവധി കഴിഞ്ഞ് സ്കൂൾ പ്രവർത്തനം ഇതുവരെ തുടങ്ങിയിട്ടില്ല. മഞ്ഞപ്പിത്തം സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ ചൊവ്വ, ബുധൻ ദിവസങ്ങളിൽ സ്കൂളിൽ പി.ടി.എ. യോഗങ്ങൾ നടക്കുന്നുണ്ട്.
ALSO READ: ബലാത്സംഗക്കേസിൽ മുകേഷിനെ ചോദ്യം ചെയ്യുന്നു
സെപ്റ്റംബർ ഏഴിനാണ് പ്ലസ് വൺ വിഭാഗത്തിലെ മൂന്ന് വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം പിടിപെട്ടത് സ്കൂളധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ ആരോഗ്യവിഭാഗത്തെ വിവരം അറിയിക്കുകയുംചെയ്തു.പിന്നീട് രോഗ ബാധിതരുടെ എണ്ണം കൂടുകയായിരുന്നു.ചങ്ങരോത്ത് പഞ്ചായത്തിലെ 19 വാർഡുകളിൽ ആറാം വാർഡിലൊഴികെ എല്ലാ വാർഡിലും മഞ്ഞപ്പിത്തം രോഗം പടർന്നിട്ടുണ്ട്. ഇതിന്റെ ഉറവിടം ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.