ചൈന: ഡെലിവറി ബോയിയെ മുട്ടുകുത്തിച്ചു മാപ്പ് പറയിപ്പിച്ചതില്‍ ചൈനയില്‍ വന്‍ പ്രതിഷേധം. ‘മാപ്പ് പറയൂ, മാപ്പ് പറയൂ’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടാണ് പലരും പ്രതിഷേധത്തില്‍ പങ്കാളികളായത്. ഡെലിവറി ബോയിയെ സെക്യൂരിറ്റി ഗാര്‍ഡ് മുട്ടുകുത്തിച്ച് നിര്‍ത്തിയിരിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. അതോടെ ഇങ്ങനെയുള്ള തൊഴിലാളികളോട് ദയയോടെ പെരുമാറണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ തിങ്കളാഴ്ച ഹാങ്സൗവിലെ ഒരു കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്ന യുവാവിനെ ഗാര്‍ഡുകള്‍ തടയുകയായിരുന്നു. ബൈക്കില്‍ തിരക്കിട്ട് പോകവെ റെയിലിംഗിന് കേടുവരുത്തി എന്ന് പറഞ്ഞാണ് തടഞ്ഞത്. ഇയാളെ ഗാര്‍ഡ് പോകാന്‍ സമ്മതിച്ചില്ല. ഇതോടെ ഡെലിവറി ബോയി തന്റെ ഡെലിവറി വൈകും എന്ന് പേടിച്ചതിനെ തുടര്‍ന്ന് അയാളുടെ മുന്നില്‍ മുട്ടുകുത്തുകയും തന്നെ പോകാന്‍ അനുവദിക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയും ആയിരുന്നുവെന്നാണ് സിറ്റി പൊലീസ് പറയുന്നത്.
ഇത്തരം ജോലി ചെയ്യുന്ന ആളുകള്‍ക്ക് കൃത്യമായ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. ഡെലിവറി ജോലി ചെയ്യുന്ന അനേകങ്ങള്‍ പ്രതിഷേധത്തില്‍ പങ്കാളികളായിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന യുവാക്കളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. പലപ്പോഴും വലിയ എണ്ണം പൊലീസുകാര്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി വേണ്ടിവന്നു.