CMDRF

കേരളത്തിൽ സൈബറിടത്ത് പ്രതിപക്ഷത്തിന് മേൽക്കോയ്മ, യൂട്യൂബ് ചാനലുകളെ ‘റാഞ്ചി’ ബി.ജെ.പി !

കേരളത്തിൽ സൈബറിടത്ത് പ്രതിപക്ഷത്തിന് മേൽക്കോയ്മ, യൂട്യൂബ് ചാനലുകളെ ‘റാഞ്ചി’ ബി.ജെ.പി !
കേരളത്തിൽ സൈബറിടത്ത് പ്രതിപക്ഷത്തിന് മേൽക്കോയ്മ, യൂട്യൂബ് ചാനലുകളെ ‘റാഞ്ചി’ ബി.ജെ.പി !

ടുത്തവര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്‍നിര്‍ത്തി കേരളത്തില്‍ പിടിമുറുക്കാന്‍ ബി.ജെ.പി നടത്തുന്നത് ശക്തമായ നീക്കങ്ങളാണ്. പാലക്കാട് ചേലക്കര നിയമസഭ ഉപതിരഞ്ഞെടുപ്പുകളെ ഒരു റിഹേഴ്സലായി കണ്ട് പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണ് കാവിപ്പടയുടെ തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാമത് എത്തിയ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ അട്ടിമറി വിജയമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രവര്‍ത്തനവും അവര്‍ ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. 2021-ല്‍ ഷാഫി പറമ്പില്‍ കേവലം 3,863 വോട്ടുകള്‍ക്ക് മാത്രമാണ് വിജയിച്ചത് എന്നതിനാല്‍ പാലക്കാട്ടെ കാര്യങ്ങള്‍ പ്രവചനാതീതമാണ്. പ്രത്യേകിച്ച് ജനപിന്തുണയുള്ള ഷാഫി മത്സരിക്കാത്ത തിരഞ്ഞെടുപ്പായതിനാല്‍ എന്തും സംഭവിക്കാം എന്നതാണ് അവസ്ഥ.

ലോകസഭ തിരഞ്ഞെടുപ്പിലേറ്റ വലിയ തിരിച്ചടിയുടെ അനുഭവത്തില്‍ ഇത്തവണ പരമാവധി വോട്ട് പിടിച്ച് മുന്നേറാന്‍ ഇടതുപക്ഷം ശ്രമിക്കുന്നത് കോണ്‍ഗ്രസ്സിനാണ് ശരിക്കും തിരിച്ചടിയാകുക. ബി.ജെ.പി – സി.പി.എം പോരാട്ടമായി പാലക്കാടിനെ മാറ്റാനാണ് ഇടതുപക്ഷം ശ്രമിക്കുക. അതായത്, ബി.ജെ.പി വിജയിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്സിനു കേഡര്‍ വോട്ടുകള്‍ മറിക്കുന്ന പതിവ് രീതി ഇത്തവണ എന്തായാലും സി.പി.എം പാലക്കാട് സ്വീകരിക്കില്ല. സിറ്റിംഗ് സീറ്റായ ചേലക്കര നിലനിര്‍ത്തുവാന്‍ സി.പി.എമ്മിന് കഴിഞ്ഞാല്‍ പാലക്കാട് ബി.ജെ.പി വിജയിച്ചാല്‍ പോലും അത് സി.പി.എമ്മിനെ സംബന്ധിച്ച് തിരിച്ചടിയാകുകയില്ല.

ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായ തൃശൂര്‍ ബി.ജെ.പി പിടിച്ചെടുത്തത് പോലെ അവരുടെ മറ്റൊരു സിറ്റിംഗ് സീറ്റായ പാലക്കാടും ബി.ജെ.പി പിടിച്ചെടുത്താല്‍ അത് രാഷ്ട്രീയമായി യു.ഡി.എഫിനെയാണ് വലിയ പ്രതിസന്ധിയുണ്ടാക്കുക. ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്ത മതന്യൂനപക്ഷങ്ങള്‍ അതോടെ യു.ഡി.എഫിനോട് അകലാനും സാധ്യത ഏറെയാണ്.

ഇത്തരമൊരു രാഷ്ട്രീയ സാഹചര്യം എന്തായാലും കോണ്‍ഗ്രസ്സ് നേതാക്കളും മുസ്ലിംലീഗ് നേതാക്കളും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി ഷാഫി പറമ്പിലിന് പ്രചാരണ ചുമതല നല്‍കാനാണ് യു.ഡി.എഫ് ശ്രമിക്കുക. അതാകട്ടെ വ്യക്തവുമാണ്. സി.പി.എമ്മും ബി.ജെ.പിയും പാലക്കാട് മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെയാണ് രംഗത്തിറക്കുക. അതുപോലെ തന്നെ ചേലക്കരയിലും വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്ന വ്യക്തികളെയാണ് മൂന്നു മുന്നണികളും പരിഗണിക്കുന്നത്.

തൃശൂര്‍ ലോകസഭ സീറ്റ് പിടിച്ചെടുക്കാനും 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതും 9 നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാമത് എത്താനും ബി.ജെ.പിയ്ക്ക് വഴിയൊരുക്കിയതില്‍ സോഷ്യല്‍ മീഡിയ വഹിച്ച പങ്ക് വളരെ വലുതാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയശക്തി സി.പി.എം ആണെങ്കിലും സോഷ്യല്‍മീഡിയകളില്‍ ആ സ്വാധീനം ഒരു തരത്തിലും പ്രകടമല്ല. ഈ യാഥാര്‍ത്ഥ്യം സി.പി.എം നേതൃത്വവും തിരിച്ചറിയണം. ഇവിടെ സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും അധികം ആധിപത്യം പുലര്‍ത്തുന്നത് ഇടതുപക്ഷ വിരുദ്ധ ശക്തികളാണ്.

വ്യക്തമായി പറഞ്ഞാല്‍ സി.പി.എമ്മിന്റെ എതിരാളികള്‍ക്കാണ് ശക്തമായ മേധാവിത്വമുള്ളത്. സി.പി.എമ്മിനും ഇടതുപക്ഷത്തിനും എതിരായ വാര്‍ത്തകള്‍ക്കാണ് സോഷ്യല്‍ മീഡിയകളില്‍ മാര്‍ക്കറ്റുള്ളത്. അങ്ങനെ ഒരു പ്രതീതി സൃഷ്ടിക്കാന്‍ വലതുപക്ഷ ശക്തികള്‍ക്ക് എന്തായാലും കഴിഞ്ഞിട്ടുണ്ട്.

ഇതില്‍ എടുത്തു പറയേണ്ടത് ബി.ജെ.പിയെ കുറിച്ചാണ്. സംഘപരിവാര്‍ സംവിധാനങ്ങള്‍ ഒന്നടങ്കം ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാനാണ് ബോധപൂര്‍വ്വം ശ്രമിക്കുന്നത്. ഇതിനായി യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കാവിപ്പട സ്വാധീനം ഉറപ്പിച്ചിട്ടുണ്ട്.

കേരളത്തില്‍ നല്ല വ്യൂവേഴ്സോടു കൂടി പ്രവര്‍ത്തിക്കുന്ന മിക്ക യൂട്യൂബ് ചാനലുകള്‍ക്കും നിലവില്‍ പ്രതൃക്ഷമായോ പരോക്ഷമായോ പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും സഹായം ലഭിക്കുന്നുണ്ട്. മാത്രമല്ല, ഇത്തരം ചാനലുകളില്‍ വരുന്ന ഇടതുപക്ഷ വിരുദ്ധ വാര്‍ത്തകളും സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളും വ്യാപകമായി പ്രചരിപ്പിക്കാനും പരിവാര്‍ സംവിധാനങ്ങളെയാണ് പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്.

പിണറായി സര്‍ക്കാരിനെ ജനദ്രോഹ സര്‍ക്കാരാക്കി ചിത്രീകരിക്കുന്നതില്‍ സോഷ്യല്‍ മീഡിയ വഹിച്ച പങ്ക് വളരെ വലുതാണ്. ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിയതും ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള പരിവാര്‍ നേതൃത്വം തന്നെയാണ്. മുഖ്യധാരാ ചാനല്‍ ചര്‍ച്ചകളില്‍ മുതല്‍ യൂട്യൂബ് ചാനലുകളിലെ ചര്‍ച്ചകളില്‍ വരെ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ മത്സരിക്കുന്നതു പോലും ബോധപൂര്‍വ്വമാണ്. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നിറം ചാര്‍ത്തിപ്പെടാത്തവര്‍ ഇത്തരം ചര്‍ച്ചകളില്‍ എടുക്കുന്ന സമീപനങ്ങള്‍ ഏത് അജണ്ടയുടെ ഭാഗമായാല്‍ പോലും അത് ജനങ്ങളെ സ്വാധീനിക്കുന്നുണ്ട് എന്നതും ഇടതുപക്ഷ നേതൃത്വം അറിയണം.

ഇത്തരത്തില്‍ മാധ്യമങ്ങളും സംഘപരിവാറുകാരും, യു.ഡി.എഫും സൃഷ്ടിച്ചെടുത്ത ഒരു പൊതുബോധം ചുവപ്പിനെതിരായ വലിയ ഒരു മാസിനെ തന്നെയാണ് സോഷ്യല്‍ മീഡിയകളില്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ഇതുവഴിയും നല്ല സാമ്പത്തിക നേട്ടം യൂട്യൂബില്‍ നിന്നും ചാനലുകള്‍ക്ക് ലഭിക്കുന്നുണ്ട്.

ഇതെല്ലാം അപകടകരമായ ഒരു സിഗ്നലായി ഇനിയും സി.പി.എം നേതൃത്വം കണ്ടില്ലെങ്കില്‍ വലിയ പ്രത്യാഘാതമാണ് ആ പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും നേരിടേണ്ടി വരിക. ദേശാഭിമാനിക്കും കൈരളിക്കും ‘പാര്‍ട്ടിപട്ടം’ ചാര്‍ത്തി നല്‍കപ്പെട്ടിട്ടുള്ളതിനാല്‍ അതില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിച്ച് നിലപാടു പറയാന്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ പോലും ഇപ്പോള്‍ തയ്യാറാകുന്നില്ല എന്നതും ഗൗരവമായി നേതൃത്വം തിരിച്ചറിയേണ്ട കാര്യമാണ്.

സി.പി.എമ്മിന്റെയും അതിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും ചെറിയ ശതമാനം പ്രവര്‍ത്തകര്‍ പോലും ദേശാഭിമാനിയും കൈരളിയും കാണാന്‍ തീരുമാനിച്ചാല്‍ ഈ മാധ്യമങ്ങളെ വെല്ലാൻ മറ്റൊരു മാധ്യമത്തിനും കേരളത്തില്‍ കഴിയുകയില്ല. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ സംഭവിക്കുന്നത് മറ്റൊന്നാണ്. ചാനല്‍ പോരില്‍ കാലിടറിയ അവസ്ഥയിലാണ് കൈരളി ഉള്ളത്. ജോണ്‍ ബ്രിട്ടാസ് എം.പി ആയിട്ടും, കൈരളിയുടെ തലപ്പത്ത് നിന്നും അദ്ദേഹത്തെ മാറ്റി. പുതിയ ഒരാളെ നിയമിക്കാന്‍ പോലും സി.പി.എം നേതൃത്വം തയ്യാറായിട്ടില്ല. ദേശാഭിമാനി തലപ്പത്ത് മാറ്റം വരുത്തി മുന്നേറാന്‍ ശ്രമിക്കുന്ന സി.പി.എം എന്തുകൊണ്ടാണ് കൈരളി ചാനലില്‍ ഈ മാറ്റം നടപ്പാക്കാത്തത് എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

സി.പി.എം അണിയറയില്‍ നിന്നും നിയന്ത്രിക്കുന്ന മറ്റു സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ക്കും ഒരു പരിധിക്ക് അപ്പുറം ചലനം ഉണ്ടാക്കാന്‍ സാധിക്കാത്തതും പരിശോധിക്കപ്പെടേണ്ട കാര്യം തന്നെയാണ്. ഈ വസ്തുതകള്‍ എല്ലാം നിലനില്‍ക്കെ സി.പി.എമ്മിനെ നിരന്തരം സഹായിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞതും ദൗര്‍ഭാഗ്യകരമായ നടപടിയാണ്. ചുവപ്പ് പ്രതിരോധത്തിന്റെ മുനയൊടിക്കുന്ന നീക്കമാണിത്. അതെന്തായാലും പറയാതെ വയ്യ.

ഒരേ പേരില്‍ തന്നെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി രാഷ്ട്രീയ ശത്രുക്കള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ സൈബര്‍ പൊലീസിനെ ഉപയോഗിച്ച് അതിലെ വാസ്തവമാണ് ആദ്യം തുറന്ന് കാണിക്കേണ്ടിയിരുന്നത്. എന്നിട്ടു വേണമായിരുന്നു വിമര്‍ശിക്കാന്‍.

പാര്‍ട്ടി സംവിധാനത്തിന് പുറത്ത് ഇടതുപക്ഷ രാഷ്ട്രീയം പറയുന്ന ചാനലുകളെയും സോഷ്യല്‍മീഡിയ പ്രൊഫൈലുകളെയും ഇങ്ങനെ തള്ളിപറയുവാന്‍ തുടങ്ങിയാല്‍ അത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമായാണ് മാറുക. പാര്‍ട്ടി അച്ചടക്കം പാര്‍ട്ടിയില്‍ തന്നെ നടപ്പാക്കാന്‍ കഴിയാത്തവര്‍ പാര്‍ട്ടിക്ക് പുറത്തുള്ള ഒരു സംവിധാനത്തെയും നിയന്ത്രിക്കാന്‍ നോക്കാതിരിക്കുന്നതാണ് നല്ലത്. സി.പി.എം പ്രവര്‍ത്തകരും അനുഭാവികളും പോലും പാര്‍ട്ടി അനുകൂല വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാന്‍ മടിക്കുന്ന പുതിയ കാലമാണിത്. അത്രയ്ക്കും അവര്‍ക്കൊക്കെ മടുത്തു കഴിഞ്ഞു.

കേരളത്തിന്റെ ചരിത്രത്തില്‍ മഹത്തായ സംഭാവന ചെയ്ത ഇടതുപക്ഷം ഇന്നു നേരിടുന്ന തിരിച്ചടികള്‍ക്കു പിന്നില്‍ സര്‍ക്കാരിനോടുള്ള എതിര്‍പ്പു മാത്രമല്ല നേതാക്കളുടെ ധാര്‍ഷ്ട്യവും കാവിയോടുള്ള മൃദുസമീപനവും എല്ലാം പ്രധാന കാരണങ്ങളാണ്. ഇത് തിരിച്ചറിയുന്ന ഇടതുപക്ഷ അണികള്‍ മുഖം തിരിക്കുന്നതും സ്വാഭാവികമാണ്.

സംഘപരിവാര്‍ രാഷ്ട്രീയത്തെ സ്വന്തം ചോര നല്‍കി നേരിട്ട സിപിഎം പ്രവര്‍ത്തകര്‍ ധാരാളമുള്ള കേരളത്തില്‍ പ്രകാശ് ജാവദേക്കര്‍ എന്ന ബി.ജെ.പിയുടെ ഉന്നത നേതാവ് സി.പി.എം കേന്ദ്ര കമ്മറ്റി അംഗമായ ഇപി ജയരാജന്റെ വീട്ടില്‍ എത്തി ചര്‍ച്ച നടത്തിയത് എന്ത് ന്യായീകരണം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചാലും ഒരിക്കലും വിലപ്പോവുകയില്ല. സി.പി.എമ്മിന്റെ സംഘപരിവാര്‍ വിരുദ്ധ പോരാട്ടത്തിന്റെ മുന ഒടിച്ചുകളയുന്ന സന്ദര്‍ശനമായിരുന്നു അത്.

കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മികച്ചവരെന്ന് പറഞ്ഞതും ഇതേ സി.പി.എം നേതാവ് തന്നെയാണ്. എന്നിട്ടും അദ്ദേഹം വഹിക്കുന്ന ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ പോലും ഇതുവരെ സി.പി.എം നേതൃത്വം തയ്യാറായിട്ടില്ല. ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും മനംമടുത്തു പോകാന്‍ ഇങ്ങനെ എണ്ണിയെണ്ണി പറയാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ട്. ഇതെല്ലാം തിരിച്ചറിഞ്ഞ് ആവശ്യമായ പരിഹാരം കാണാതെ തിരഞ്ഞെടുപ്പു രംഗത്തേക്ക് ഇടതുപക്ഷം കാലുവച്ചാല്‍ ഇനിയും പൊള്ളാന്‍ തന്നെയാണ് സാധ്യത.

ലോകസഭ തിരഞ്ഞെടുപ്പില്‍ വന്‍ തോതിലാണ് ബി.ജെ.പിയിലേക്ക് സി.പി.എം വോട്ടുകള്‍ ഒഴുകിയിരിക്കുന്നത്. കാവിയോട് അയിത്തമില്ലെന്ന സന്ദേശം നല്‍കുന്ന വകതിരിവില്ലാത്ത ഇടതുപക്ഷ നേതാക്കള്‍ക്കും ഈ തിരിച്ചടിയില്‍ വലിയ പങ്കുണ്ട്.

ഇത് പഴയ കാലമല്ല. ഒരു ഫെയ്സ് ബുക്ക് പോസ്റ്റിന് പോലും ജനങ്ങളുടെ ചിന്താഗതിയെ സ്വാധീനിക്കാന്‍ ശേഷിയുള്ള കാലമാണ്. ആ കാലത്താണ് തിരഞ്ഞെടുപ്പ് ദിവസം തന്നെ പ്രകാശ് ജാവദേക്കറെ കണ്ടു എന്ന കാര്യം ഇപി ജയരാജന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ‘ഇന്നത്തെ കോണ്‍ഗ്രസ്സ്, നാളത്തെ ബി.ജെ.പിയാണെന്ന’ ഇടതുപക്ഷ പ്രചരണമാണ് അതോടെ തകര്‍ന്നടിഞ്ഞിരിക്കുന്നത്. അതുകൊണ്ട് നേട്ടമുണ്ടാക്കിയിരിക്കുന്നതാകട്ടെ ബി.ജെ.പിയുമാണ്.

സി.പി.എം വോട്ട് ബാങ്ക് തകര്‍ത്താല്‍ പിന്നെ കേരള ഭരണം പിടിക്കുക എളുപ്പമാണെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ 20ശതമാനത്തോളം വോട്ടു നേടാന്‍ കഴിഞ്ഞത് അവരുടെ ആത്മവിശ്വാസമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉള്‍പ്പെടെ ബി.ജെ.പിയില്‍ എത്തുമെന്ന പ്രതീക്ഷയും ബി.ജെ.പിക്കുണ്ട്. കേരളത്തിലെ പാര്‍ട്ടിയിലെ നേതൃക്ഷാമം, അതോടെ പരിഹരിക്കപ്പെടുമെന്നതാണ് ആ പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ഇതിന് അനുസരിച്ചുള്ള സ്ട്രാറ്റര്‍ജിയാണ് കേരളത്തില്‍ ബി.ജെ.പി നടപ്പാക്കാന്‍ പോകുന്നത്. സോഷ്യല്‍ മീഡിയകളില്‍ കരുത്ത് വര്‍ദ്ധിപ്പിക്കാനുള്ള നീക്കവും അതിന്റെ ഭാഗമാണ്.

കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. അതില്‍ സംഘപരിവാര്‍ ഇടപെടലുകളാണ് നിര്‍ണ്ണായക പങ്ക് വഹിച്ചിരിക്കുന്നത്. 2026-ല്‍ യു.ഡി.എഫിനെ അധികാരത്തില്‍ എത്തിച്ച് 2031 -ല്‍ കേരള ഭരണം പിടിക്കുക എന്നതാണ് ബി.ജെ.പിയുടെ തന്ത്രം.

ലോകസഭയില്‍ രണ്ട് സീറ്റുകള്‍ ഉണ്ടായിരുന്ന ബി.ജെ.പി തുടര്‍ച്ചയായി രാജ്യം ഭരിക്കുന്ന നിലയിലേക്ക് വളര്‍ന്നത് തന്നെ കോണ്‍ഗ്രസ്സ് നേതാക്കളെ അടര്‍ത്തി എടുത്തതിനാല്‍ 2026-ല്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍, ബി.ജെ.പിക്കാണ് കാര്യങ്ങള്‍ എളുപ്പമാകുക. അത് ഇപ്പോഴും മനസ്സിലാകാത്തത് മുസ്ലീംലീഗ് നേതൃത്വത്തിനു മാത്രമാണ്. ഇടതുണ്ടെങ്കില്ലേ സുരക്ഷിത കേരളവുമുള്ളൂ എന്ന്, ലീഗ് നേതൃത്വം തിരിച്ചറിയാന്‍ പോകുന്നതും, 2031-ല്‍ മാത്രമായിരിക്കും. അപ്പോഴാകട്ടെ, ഒന്നും ചെയ്യാന്‍ സാധിക്കുകയുമില്ല.

ഈ വസ്തുത തിരിച്ചറിഞ്ഞ് തിരുത്തേണ്ടതും നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചു പിടിക്കേണ്ടതും സി.പി.എമ്മിന്റെ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. കുലംകുത്തികളായ നേതാക്കളെയും, പിന്തിരിപ്പന്‍ നിലപാടുകളെയും തള്ളിപ്പറഞ്ഞ് വര്‍ഗ്ഗീയ ശക്തികളെ എതിര്‍ത്താണ് മുന്നോട്ട് പോകേണ്ടത്. ഭൂരിപക്ഷ വര്‍ഗ്ഗീയത പോലെ തന്നെ അപകടകരമാണ് ന്യൂനപക്ഷ വര്‍ഗ്ഗീയത. അതും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണം. എ.കെ.ജിയും, ഇ.എം.എസും, വി.എസുമെല്ലാം മുന്നോട്ട് വച്ച രാഷ്ട്രീയമാണ് സി.പി.എം ഉയര്‍ത്തിപ്പിടിക്കേണ്ടത്. ഇടതുപക്ഷ കേരളം ആഗ്രഹിക്കുന്നതും, അതു തന്നെയാണ്.

EXPRESS VIEW

Top