കവരത്തി: ‘പണ്ടാരം ഭൂമി’ പിടിച്ചെടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ ദ്വീപില്‍ വീണ്ടും ക്രമസമാധാനം തരാറിലാവുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ ഭൂമി ഏറ്റെടുക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. റോഡ്, ടൂറിസം, ആശുപത്രികള്‍ എന്നിങ്ങനെ വലിയ പദ്ധതികളാണ് അധികൃതര്‍ക്കുള്ളത്. ഈ പുറമ്പോക്ക് സ്വഭാവമുള്ള ഈ ഭൂമി സര്‍ക്കാരിന്റേതാണെന്നും ജനങ്ങള്‍ക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയാണെന്നുമാണ് അധികൃതരുടെ വാദം. ഇതിന്റെ ചുവടുപിടിച്ചാണ് ഭൂമി ജനങ്ങളുടെ അനുമതിയോ സമ്മതമോ നോക്കാതെ അധികൃതര്‍ സര്‍വേക്കായി എത്തിയത്. കാലാകാലങ്ങളായി ജനങ്ങള്‍ കൃഷി ചെയ്ത് പോരുന്ന ഭൂമിയാണ് ‘പണ്ടാരം ഭൂമി’. ദ്വീപിലെ നിരവധി ജനങ്ങളുടെ ജീവിതം തന്നെ ഇത്തരം പണ്ടാര ഭൂമിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇവ ഏറ്റെടുത്താല്‍ പലരുടെയും ജീവിതം തന്നെ ദുരവസ്ഥയിലാകും. അവയാണ് കൃത്യമായ നഷ്ടപരിഹാരം പോലും ഉറപ്പാക്കാനാകാതെ അധികൃതര്‍ കയ്യടക്കുന്നതെന്നാണ് ദ്വീപ് നിവാസികളുടെ പക്ഷം.
അതേസമയം, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിവിധ ദ്വീപുകളില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ വലിയ പ്രതിഷേധമാണ് ദ്വീപ് നിവാസികള്‍ ഉയര്‍ത്തുന്നത്. പല ഉദ്യോഗസ്ഥരെയും ജനങ്ങള്‍ തടഞ്ഞു. ഉദ്യോഗസ്ഥര്‍ പിന്നീട് പൊലീസ് സംരക്ഷണത്തില്‍ സര്‍വേയുമായി മുന്നോട്ടുപോകാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായിത്തന്നെ തുടരുകയാണുണ്ടായത്. പണ്ടാര ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 29നാണ് ലക്ഷദ്വീപ് ഭരണകൂടം ഡെപ്യൂട്ടി കളക്ടര്‍ അടക്കമുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഏറ്റെടുക്കല്‍ നടക്കുകയാണെങ്കില്‍ 3117 വീടുകളും നിരവധി ആരാധനാലയങ്ങളും കൃഷിയുമടക്കം നഷ്ടപ്പെടും. നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.