ലണ്ടന്‍: ഭാര്യയെ വെട്ടിനുറുക്കി 224 കഷണങ്ങളാക്കി മുറിച്ച് നദിയിലെറിഞ്ഞ കേസില്‍ ശിക്ഷാവിധി നാളെ. ലിങ്കണ്‍ നഗരത്തിലെ നിക്കോളാസ് മെറ്റ്‌സണ്‍ എന്ന 28കാരനാണ് ക്രൂര സംഭവം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയായ 26 കാരിയായ ഹോളി ബ്രാംലിയെ സ്വന്തം അപ്പാര്‍ട്ട്മെന്റില്‍വെച്ച് ആവര്‍ത്തിച്ച് കുത്തി കൊലപ്പെടുത്തി 224 കഷണങ്ങളാക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ ഇവ പ്ലാസ്റ്റിക് ബാഗിലാക്കി നദിയിലൊഴുക്കി. 2023 മാര്‍ച്ച് 25നാണ് സംഭവം. കൊലപാതകം നടത്തിയത് താനാണെന്ന് പൊലീസിനോട് ഇയാള്‍ സമ്മതിച്ചിരുന്നു. എന്നാല്‍, കുറ്റം ചെയ്യാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
കാണാതായി എട്ട് ദിവസത്തിന് ശേഷമാണ് ഹോളി ബ്രാംലി കൊല്ലപ്പെട്ട വിവരം പുറംലോകമറിയുന്നത്. മൃതദേഹം നദിയില്‍ ഒഴുക്കാന്‍ സഹായിച്ച നിക്കോളാസിന്റെ സൃഹൃത്ത് ജോഷ്വ ഹാന്‍കോക്കും (28) പൊലീസ് പിടിയിലായിരുന്നു. ഇയാളും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ലിങ്കണ്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണക്കിടെ കാലപാതകത്തിന് ശേഷം ഒരാഴ്ചയോളം നിക്കോളാസ് ഒളിപ്പിച്ചുവെച്ച മൃതദേഹ അവശിഷ്ടങ്ങള്‍ സംസ്‌കരിക്കാന്‍ തനിക്ക് പണം നല്‍കിയതായും ജോഷ്വ ഹാന്‍കോക് വെളിപ്പെടുത്തി.
ഭാര്യക്കുനേരെ നടന്ന അതിക്രമ കേസില്‍ മുമ്പ് മൂന്ന് തവണയും നിക്കോളാസ് ശിക്ഷിക്കപ്പെട്ടിരുന്നു. 2021ല്‍ വിവാഹിതരായ ദമ്പതികള്‍ വേര്‍പിരിയലിന്റെ വക്കിലായിരുന്നു. ഇതിനിടയിലാണ് കൊലപാതകം നടന്നത്. കോടതിയില്‍ നടന്ന വിചാരണക്കിടെ കൊല്ലപ്പെട്ട ബ്രാംലിയുടെ അമ്മയും സഹോദരിയും പ്രതിക്ക് അക്രമ സ്വഭാവമുള്ളതായും മൃഗങ്ങളെയടക്കം കൊന്ന് ആനന്ദം കണ്ടെത്താറുമുണ്ടെന്നും പറഞ്ഞു.