മേജർ രവിയുടെ രാഷ്ട്രീയ തിരക്കഥയിൽ, ആ ദുരന്തമേഖലയിൽ ‘അഭിനയിച്ച്’ മോഹൻലാൽ !

മേജർ രവിയുടെ രാഷ്ട്രീയ തിരക്കഥയിൽ, ആ ദുരന്തമേഖലയിൽ ‘അഭിനയിച്ച്’ മോഹൻലാൽ !
മേജർ രവിയുടെ രാഷ്ട്രീയ തിരക്കഥയിൽ, ആ ദുരന്തമേഖലയിൽ ‘അഭിനയിച്ച്’ മോഹൻലാൽ !

ലയാളത്തിന്റെ പ്രിയ നടനാണ് മോഹന്‍ലാല്‍, ഈ അഭിനയ മികവ് തന്റെ വ്യക്തി ജീവിതത്തിലും അദ്ദേഹം ശരിക്കും പ്രയോഗിച്ചിട്ടുണ്ട്. ആനക്കൊമ്പ് കേസില്‍ പ്രതി അല്ലായിരുന്നു എങ്കില്‍ സുരേഷ് ഗോപിക്ക് മുന്നേ ബി.ജെ.പി പാളയത്തില്‍ എത്തുമായിരുന്നതും മോഹന്‍ലാല്‍ ആയിരുന്നു. ആര്‍.എസ്.എസിന്റെ കീഴിലുള്ള സേവാഭാരതിയുമായി മോഹന്‍ലാല്‍ സഹകരിച്ചത് പോലെ മറ്റൊരു താരവും സഹകരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഉന്നത ബി.ജെ.പി നേതാക്കളെയും നിരവധി തവണ മോഹന്‍ലാല്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ ഡയറക്ടര്‍, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായ മേജര്‍ രവിയാണ്. ലാലിന്റെ ഏറ്റവും അടുത്ത ഉപദേശകരില്‍ ഒരാള്‍ കൂടിയാണ് മേജര്‍ രവി. അദ്ദേഹത്തിന്റെ കൂടി ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലഫ്റ്റനന്റ് കേണല്‍ പദവിക്ക് മോഹന്‍ലാല്‍ താല്‍പ്പര്യപ്പെട്ടിരുന്നത്. ഈ പദവി അദ്ദേഹത്തിന് സൈന്യം നല്‍കിയത് കോണ്‍ഗ്രസ്സ് ഭരണകാലത്താണെങ്കിലും മോഹന്‍ലാലിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നത് ഇപ്പോള്‍ സംഘപരിവാര്‍ സംഘടനകളാണ്.

മോഹന്‍ലാലിനെ പോലെ ഒരാള്‍ കേരളത്തിലെ ബി.ജെ.പിയുടെ തലപ്പത്ത് വരണമെന്നതാണ് ആര്‍.എസ്.എസിന്റെ താല്‍പ്പര്യം. 2031 – ലെ തിരഞ്ഞെടുപ്പിലെങ്കിലും അത് സാധ്യമാകുമെന്നാണ് പരിവാര്‍ നേതൃത്വം കണക്കുകൂട്ടുന്നത്.

സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കിയ ബി.ജെ.പി വേണ്ടിവന്നാല്‍ മോഹന്‍ലാലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുവാനും മടിക്കില്ല. അവരുടെ കേരളത്തിലെ സ്ട്രാറ്റര്‍ജിയും അതൊക്കെ തന്നെയാണ്. ജനകീയരായ നേതാക്കള്‍ കേരളത്തില്‍ ഇല്ലാത്ത പരിമിതി മോഹന്‍ലാലിനെ പോലെയുള്ള താരങ്ങള്‍ മുന്നില്‍ നിന്നാല്‍ മറികടക്കാന്‍ കഴിയുമെന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

ആനക്കൊമ്പ് കേസില്‍ വിചാരണ നീളുന്നതാണ്, രാഷ്ട്രീയ പ്രവേശന കാര്യത്തില്‍, ഉറച്ച ഒരു തീരുമാനമെടുക്കുന്നതില്‍ നിന്നും, മോഹന്‍ലാലിനെ പിറകോട്ടടിപ്പിക്കുന്നത്. ബി.ജെ.പി പ്രവേശനം ഉണ്ടായാല്‍ സി.പി.എമ്മും കോണ്‍ഗ്രസ്സും ഉള്‍പ്പെടെ കടന്നാക്രമിക്കുമെന്ന ഭയവും ലാലിനുണ്ട്. രാഷ്ട്രീയമായ ഇത്തരം കടന്നാക്രമണങ്ങള്‍ ഭയന്നാണ് അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിനു പോലും മോഹന്‍ലാല്‍ പോകാതിരുന്നത്. മാത്രമല്ല ആനക്കൊമ്പ് കേസില്‍ ഉള്‍പ്പെടെ ലാലിനെ പ്രതിരോധത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ ഇനിയും കഴിയും. അതാകട്ടെ ഒരു യാഥാര്‍ത്ഥ്യവുമാണ്.

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഇങ്ങനെ നിരവധി പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ചില ചെപ്പടി വിദ്യകള്‍ കാണിക്കാനും അതുവഴി നേട്ടമുണ്ടാക്കാനും, മോഹന്‍ലാല്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാറുണ്ട്. ഇതിന് അദ്ദേഹത്തിന് കാര്യമായ ഉപദേശം നല്‍കുന്നതും ബി.ജെ.പി നേതാവായ റിട്ട. മേജര്‍ ആണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മോഹന്‍ലാലിന്റെ ജനസ്വീകാര്യത വര്‍ദ്ധിപ്പിച്ച് കാവി രാഷ്ട്രീയത്തിന് അനുകൂലമായി പാകപ്പെടുത്തുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ മോഹന്‍ലാല്‍ ഇപ്പോള്‍ ലാന്‍ഡ് ചെയ്തിരിക്കുന്നത് വയനാട്ടിലെ ദുരന്ത മേഖലയിലാണ്. അതും ഇതേ മേജര്‍ രവിക്കൊപ്പം. വിശ്വശാന്തി ഫൗണ്ടേഷന്‍ വയനാട്ടിലെ ദുരിതബാധിതരായ ജനങ്ങളുടെ പുനരധിവാസ പദ്ധതിക്കായി 3 കോടി നല്‍കുമെന്നാണ് മോഹന്‍ലാലും മേജര്‍ രവിയും പ്രഖ്യാപിച്ചിരിക്കുന്നത്. സൈന്യത്തിന്റെ സല്യൂട്ട് വാങ്ങി ഇത്തരമൊരു പ്രഖ്യാപനം, ബി.ജെ.പി നേതാവിനൊപ്പം നടത്തിയതിലും വ്യക്തമായ രാഷ്ട്രീയമുണ്ട്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ ഏറെ സാധ്യതയുള്ള നേതാവാണ് മേജര്‍ രവി. മോഹന്‍ലാലിനൊപ്പം ദുരന്തമുഖത്ത് പോയതില്‍ രാഷ്ട്രീയമില്ലെന്ന് മേജര്‍ രവി പറഞ്ഞാലും അത് വിശ്വസിക്കാന്‍ കഴിയുകയില്ല. ദുരന്തമുഖത്ത് ലാലിനൊപ്പം നിന്ന് സെല്‍ഫിയെടുക്കാനാണ് അദ്ദേഹം കൂടുതല്‍ സമയം ചിലവഴിച്ചിരിക്കുന്നത്. ഇതെല്ലാം, 2026- ലേക്കുള്ള വിഭവ സമാഹരണമാണെന്ന് പറഞ്ഞാല്‍ അത് നിഷേധിക്കാന്‍ പരിവാര്‍ നേതൃത്വത്തിന് പോലും കഴിയുകയില്ല.

ഇനിയും അനവധി പേരെ കണ്ടെത്തേണ്ടതുള്ള ദുരന്തസ്ഥലത്ത്, മോഹന്‍ലാല്‍ ഏത് വേഷമണിഞ്ഞ് ചെന്നാലും അത് സുഗമമായ രക്ഷാപ്രവര്‍ത്തനത്തെയാണ് ബാധിക്കുക. ബാധിച്ചു എന്നതാണ് സത്യം. സൈന്യത്തില്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍, ജോലിയുടെ ഭാഗമായിക്കൂടിയാണ് ദുരന്തമേഖലകള്‍ സന്ദര്‍ശിക്കുന്നത് എന്നാണ് വാദമെങ്കില്‍ വയനാട് ചൂരല്‍മലയില്‍ സൈന്യം കഷ്ടപ്പെട്ട് ബെയ്ലിപാലം നിര്‍മിക്കുമ്പോള്‍ ബി.ജെ.പി നേതാവിന്റെ അകമ്പടിയില്ലാതെ വരണമായിരുന്നു. എന്നിട്ട് വേണമായിരുന്നു സൈന്യം നല്‍കിയ യൂണിഫോമിനോട് കമ്മിറ്റ്മെന്റ് കാണിക്കാന്‍. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇവിടെ അത്തരമൊരു ശ്രമവും മോഹന്‍ലാലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് കൂടിയാണ്, സന്ദര്‍ശനത്തിന് പിന്നിലെ രാഷ്ട്രീയ താല്‍പ്പര്യവും പറയേണ്ടി വരുന്നത്.

ഉരുള്‍പൊട്ടലില്‍ വ്യാപകനാശം വിതച്ച വയനാട്ടില്‍, ആശ്വാസം പകരാനായി എത്തിയ നടന്‍ മോഹന്‍ലാലിന്റെ സന്ദര്‍ശനം യഥാര്‍ത്ഥത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളെയാണ് മന്ദഗതിയില്‍ ആക്കിയിരിക്കുന്നത്. ലാലിനെ കാണാന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ കാണിച്ച തിടുക്കം തന്നെ ഇതിന് പ്രകടമായ ഉദാഹരണമാണ്.

ശനിയാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന് റോഡുമാര്‍ഗം വയനാട്ടിലെത്തിയ മോഹന്‍ലാല്‍ ആദ്യം മേപ്പാടിയിലെ സൈന്യത്തിന്റെ ബേസ് ക്യാംപിലാണെത്തിയത്. സൈനികോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം അദ്ദേഹം ഉരുള്‍പൊട്ടിയ മുണ്ടക്കൈ പുഞ്ചിരിമട്ടം മേഖലകളിലേക്ക് തിരിക്കുകയായിരുന്നു.

മുണ്ടക്കൈയില്‍ അല്‍പസമയം വാഹനം നിര്‍ത്തിയ ശേഷം ഉരുള്‍പൊട്ടല്‍ നാശംവിതച്ച മേഖലകള്‍ അദ്ദേഹം കാല്‍നടയായി സന്ദര്‍ശിക്കുകയുണ്ടായി. ഏതാണ്ട് പത്തു മിനിറ്റോളം അദ്ദേഹം മുണ്ടക്കൈയില്‍ ചെലവഴിച്ചു. മുണ്ടക്കൈയില്‍നിന്ന് പുഞ്ചിരിമട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കുകയുണ്ടായി. ദുരന്ത വാര്‍ത്തകളുടെ അപ്ഡേറ്റുകളേക്കാള്‍ വാര്‍ത്താ ചാനലുകള്‍ ഫോക്കസ് ചെയ്തതും മോഹന്‍ലാലിന്റെ വയനാട് സന്ദര്‍ശനത്തെയാണ്. അദ്ദേഹം പ്രഖ്യാപിച്ച സഹായത്തെയാണ്. മോഹന്‍ലാല്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലവും പരസ്യ വരുമാനവും വച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ പ്രഖ്യാപിച്ച സഹായ ധനം ഒന്നുമല്ലെന്നതും, നാം ഓര്‍ക്കേണ്ടതുണ്ട്. അതായത് മോഹന്‍ലാലിനെ വയനാട്ടില്‍ എത്തിക്കാന്‍ അണിയറയില്‍ ചരടുവലിച്ചവര്‍ ആരായാലും അവര്‍ ആഗ്രഹിച്ചത് തന്നെയാണ് ഒരു വിഭാഗം മാധ്യമങ്ങളും ഇവിടെ നടപ്പാക്കിയിരിക്കുന്നത്. അതെന്തായാലും പറയാതെ വയ്യ.

പീഡന പരാതിയില്‍ പെട്ട് മുഖം നഷ്ടപ്പെട്ട കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുഖം ‘മിനുക്കാനായി’ അവര്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡറായി കോടികളുടെ കരാറില്‍ ഒപ്പിട്ട ശേഷമാണ്, മോഹന്‍ലാല്‍ വയനാട്ടിലെ ദുരന്തമുഖത്ത് എത്തിയിരിക്കുന്നത്. ലാലിന്റെ പ്രവര്‍ത്തിയെ പിന്തുണയ്ക്കുന്നവര്‍, ഈ കാര്യങ്ങളും അറിയേണ്ടതുണ്ട്.

EXPRESS VIEW

Top