ന്യൂഡല്‍ഹി: കന്‍വാര്‍ യാത്രാവഴിയിലെ ഭക്ഷണശാലകളുടെ ഉടമസ്ഥരുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇനിയും തുടരും. ഓഗസ്റ്റ് അഞ്ചുവരെയാണ് സ്റ്റേ നീട്ടിയത്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. ഹര്‍ജി ഓഗസ്റ്റ് അഞ്ചിന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. ഉത്തരവിനെ ന്യായീകരിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കന്‍വാര്‍ തീര്‍ത്ഥാടകരുടെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായാണ് ഉത്തരവ് പുറത്തിറക്കിയത്. അറിയാതെ പോലും വിശ്വാസ സംരക്ഷണത്തിന് കോട്ടം വരരുത്. യാത്രാവഴിയില്‍ സമാധാനവും സ്വസ്ഥതയും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നുമാണ് യുപി സര്‍ക്കാര്‍ അറിയിച്ചത്.
ഹോട്ടലുകളുടെയും വിളമ്പുന്ന ഭക്ഷണത്തിന്റെയും കാര്യത്തില്‍ തീര്‍ത്ഥാടകര്‍ക്ക് സന്ദേഹമുയര്‍ന്നതായി പരാതി ലഭിച്ചു. തുടര്‍ന്നുള്ള നടപടിയെന്ന നിലയ്ക്കാണ് ഹോട്ടലുകള്‍ക്ക് മുന്നില്‍ പേര് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ പറയുന്നു. ഭക്ഷണം സംബന്ധിച്ച് ആളുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്നാണ് നേരത്തെയുണ്ടായ അനുഭവങ്ങള്‍ കാണിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവ് സഹായകമായിരുന്നുവെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. യുപി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി.