CMDRF

പാലക്കാടും ചേലക്കരയിലും ഇടതുപക്ഷം ‘പത്മവ്യൂഹത്തിൽ’ നേരിടേണ്ടത് ഒരേസമയം അഞ്ച് ശത്രുക്കളെ !

പ്രതിപക്ഷവും മാധ്യമങ്ങളും… സകല ജാതി - മത സംഘടനകളും തീര്‍ത്ത ഈ 'പത്മവ്യൂഹം' തകര്‍ത്ത് ചെങ്കൊടി പാറിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞാല്‍ അത്… ഇടതുപക്ഷത്തിന്റെ മൂന്നാമൂഴത്തിലേക്കുള്ള കാല്‍വയ്പ്പ് കൂടിയായിരിക്കും

പാലക്കാടും ചേലക്കരയിലും ഇടതുപക്ഷം ‘പത്മവ്യൂഹത്തിൽ’ നേരിടേണ്ടത് ഒരേസമയം അഞ്ച് ശത്രുക്കളെ !
പാലക്കാടും ചേലക്കരയിലും ഇടതുപക്ഷം ‘പത്മവ്യൂഹത്തിൽ’ നേരിടേണ്ടത് ഒരേസമയം അഞ്ച് ശത്രുക്കളെ !

ടക്കാന്‍ പോകുന്ന പാലക്കാട് – ചേലക്കര ഉപതിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം പത്മവ്യൂഹത്തില്‍പ്പെട്ടാണ് ആക്രമിക്കപ്പെടാന്‍ പോകുന്നത്. ഇടതുപക്ഷത്തിനെതിരെ അണിനിരക്കാന്‍ പോകുന്ന ശക്തികള്‍ അവരുടെ സകല ആയുധങ്ങളും ഈ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കും. കോണ്‍ഗ്രസ്സും മുസ്ലീംലീഗും അടങ്ങിയ യു.ഡി.എഫിനും ബി.ജെ.പിക്കും പുറമെ ഇത്തവണ പാലക്കാട് – ചേലക്കര മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായി പി.വി അന്‍വര്‍ എം.എല്‍.എയും ഇടതുപക്ഷത്തിനെതിരായ ആരോപണങ്ങളുമായി കളംനിറയും.

അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഇടതുപക്ഷ വേട്ടുകള്‍ ചോര്‍ത്താന്‍ ശ്രമം നടത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതല്ലെങ്കില്‍ ഇടതുപക്ഷത്തിന്റെ പരാജയം ഉറപ്പാക്കാന്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാനും ഒരുപക്ഷേ, അദ്ദേഹം തയ്യാറായേക്കും. അതുപോലെ തന്നെ ഇടതുപക്ഷത്തെ ശത്രുവായി കാണുന്ന ജാതി – മത സംഘടനകളും… ചെങ്കൊടിയെ വീഴ്ത്താന്‍ പറ്റുന്ന അവസരം എന്തായാലും പാഴാക്കുകയില്ല. അവരും അവസരത്തിനായാണ് കാത്തുനില്‍ക്കുന്നത്.

P. V. Anvar

ഈ നാല് രാഷ്ട്രീയ ശത്രുക്കള്‍ക്ക് പുറമെ ഇടതുപക്ഷം നേരിടേണ്ട മറ്റൊരു പ്രധാനശത്രു വലതുപക്ഷ മാധ്യമങ്ങളും ചുവപ്പ് കണ്ട കാളയെ പോലെ പെരുമാറുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമാണ്. തീര്‍ച്ചയായും ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ പറ്റുന്ന എല്ലാ മാര്‍ഗ്ഗങ്ങളും ഇവരെല്ലാം ചേര്‍ന്ന് നോക്കുമെന്ന കാര്യവും ഉറപ്പാണ്. സര്‍ക്കാര്‍ വിരുദ്ധ വികാരവും സിപി.എം അനുഭാവികളിലെ അസംതൃപ്തിയും ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം പ്രചരണങ്ങള്‍ ഏശിയാല്‍ അത് ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് സി.പി.എം രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. മറിച്ചായാല്‍ കേരള ഭരണമെന്ന യു.ഡി.എഫിന്റെ സകല പ്രതീക്ഷകളുമാണ് തകര്‍ന്ന് തരിപ്പണമാകുക.

ഇടതുപക്ഷത്തിന് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ ചേലക്കരയിലെ ഒറ്റ വിജയവും പാലക്കാട് മണ്ഡലത്തിലെ വോട്ട് വര്‍ദ്ധനവും മാത്രം മതിയാകും. ഇത്രയും പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലും അതിന് ഇടതുപക്ഷത്തിന് സാധിച്ചാല്‍ പിന്നെ… ഇടതുപക്ഷത്തെ പിടിച്ചുകെട്ടാന്‍ ഒരു ശക്തിക്കും കഴിയുകയില്ല.എന്നാല്‍, യു.ഡി.എഫിന്റെ അവസ്ഥ അതല്ല. അവര്‍ക്ക് ഇനി മുന്നോട്ട് പോകണമെങ്കില്‍ പാലക്കാട് മണ്ഡലം എന്തായാലും നിലനിര്‍ത്തിയേ മതിയാകൂ. അതോടൊപ്പം തന്നെ വയനാട് ലോകസഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം നിലനിര്‍ത്തേണ്ടതും അനിവാര്യമാണ്.

Priyanka Gandhi

പ്രിയങ്ക ഗാന്ധിക്ക് വയനാട്ടില്‍ ഭൂരിപക്ഷം കുറഞ്ഞാല്‍ കേരളത്തില്‍ മാത്രമല്ല ദേശീയതലത്തില്‍ തന്നെ അത് ചര്‍ച്ച ചെയ്യപ്പെടും. അങ്ങനെ സംഭവിച്ചാല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാലിന് നെഹ്റു കുടുംബത്തിലുള്ള സ്വാധീനത്തെയും അത് ബാധിക്കും. ഇത്തരമൊരു തിരിച്ചടി ഒഴിവാക്കാന്‍ വയനാട് ലോകസഭ മണ്ഡലത്തിന് കീഴില്‍ വരുന്ന എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സ് എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പ്രത്യേക ചുമതല തന്നെ കെ.പി.സി.സി നേതൃത്വം നല്‍കിയിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രിയാകുമെന്ന് കണ്ട് രാഹുല്‍ ഗാന്ധിക്ക് വയനാട് നല്‍കിയ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് ലഭിക്കുമോ എന്നതില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് തന്നെ സംശയമുണ്ട്. പ്രത്യേകിച്ച് രാഹുല്‍ രാജിവച്ച് അമേഠി നിലനിര്‍ത്തിയ സാഹചര്യത്തില്‍ വയനാട്ടിലെ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നതും കണ്ടറിയേണ്ട കാര്യമാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 6,47,445 വോട്ടുകളാണ് ആകെ ലഭിച്ചത്. ഇതില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ഥി ആനി രാജയ്ക്ക് ആകെ ലഭിച്ചത് 2,83,023 വോട്ടുകളാണ്. ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് 1,41,045 വോട്ടോടെ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു. 7,000 വോട്ടുകള്‍ നോട്ടയ്ക്ക് ലഭിച്ചതും വയനാട് തിരഞ്ഞെടുപ്പിലെ വേറിട്ട കാഴ്ചയായിരുന്നു.

Rahul Gandhi

വിജയം ഉറപ്പിച്ച ഹരിയാനയിലെ അപ്രതീക്ഷിത തിരിച്ചടിക്ക് തൊട്ടുപിന്നാലെ നടക്കുന്ന തിരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നത് എന്നതിനാല്‍ പ്രിയങ്കയും രാഹുലും ഒരുമിച്ച് പ്രചരണം നയിച്ചാല്‍ പോലും അത് പഴയപോലെ വയനാട്ടില്‍ ഏശുമോ എന്നതും പ്രസക്തമായ കാര്യമാണ്. പ്രിയങ്ക വിജയിച്ചാലും രാഹുലിന് ലഭിച്ച ഭൂരിപക്ഷം കിട്ടാന്‍ സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. അതുപോലെ തന്നെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പ്രവചനാതീതമായ മത്സരമാണ് ഇത്തവണ നടക്കുക.

പാലക്കാട് മണ്ഡലത്തില്‍ ആഴത്തില്‍ വേരുകള്‍ ഉണ്ടായിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിന് വിജയിക്കാനായത് 3,859 വോട്ടുകള്‍ക്ക് മാത്രമാണ്. അതും… അവസാന നിമിഷത്തില്‍ ബി.ജെ.പി വിജയിക്കാതിരിക്കാന്‍ സി.പി.എം വോട്ടുകള്‍ ഷാഫിക്ക് ലഭിച്ചിട്ടാണെന്നത് കൂടി ഓര്‍ക്കണം. ഉപതിരഞ്ഞെടുപ്പായതിനാലും നിലവിലെ രാഷ്ട്രീയ വെല്ലുവിളി മുന്‍നിര്‍ത്തിയും അത്തരമൊരു വോട്ട് ഷിഫ്റ്റിങ് എന്തായാലും ഇത്തവണ സി.പി.എം നടത്തില്ല. പാലക്കാട് മണ്ഡലത്തില്‍ അട്ടിമറി വിജയം ലക്ഷ്യമിട്ട് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്. യു.ഡി.എഫിനെ സംബന്ധിച്ച് വെല്ലുവിളിയാകുന്ന തീരുമാനമാണിത്.

CPIM

കഴിഞ്ഞതവണ ചുണ്ടിനും കപ്പിനും ഇടയില്‍ നഷ്ടപ്പെട്ട മണ്ഡലം പിടിക്കാന്‍ ബി.ജെ.പി നടത്തുന്ന നീക്കവും പാലക്കാട് മണ്ഡലത്തെ ഇളക്കിമറിക്കും. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായ തൃശൂര്‍ ലോകസഭ മണ്ഡലം പിടിച്ചെടുത്ത ബി.ജെ.പി അതേ കോണ്‍ഗ്രസ്സിന്റെ മറ്റൊരു സിറ്റിംഗ് സീറ്റായ പാലക്കാട് പിടിച്ചെടുത്താല്‍, താമരയ്ക്ക് വളരാന്‍ വളമിടുന്നതെന്ന പഴിയാണ് കോണ്‍ഗ്രസ്സിന് കേള്‍ക്കേണ്ടി വരിക. അത്… അവരുടെ 2026-ലെ കേരള ഭരണമെന്ന സ്വപ്നത്തെയും വല്ലാതെ ബാധിക്കും. പാലക്കാട് കൈവിട്ടാല്‍ കോണ്‍ഗ്രസ്സിലും ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകും. വി.ഡി സതീശനും, കെ സുധാകരനുമാണ് പ്രതിക്കൂട്ടിലാകുക. ഇവരുടെ കസേരകള്‍ തെറിപ്പിക്കാനും ശ്രമമുണ്ടാകും.

മാത്രമല്ല, തൃശൂരിന് പുറമെ പാലക്കാടും ബി.ജെ.പി വിജയിച്ചാല്‍ മുസ്ലീംലീഗിലും അത് വലിയ പ്രതിസന്ധിയുണ്ടാക്കും. യു.ഡി.എഫ് വിടണമെന്ന് അഭിപ്രായമുള്ള ലീഗ് നേതാക്കള്‍ക്ക് വീണ്ടും ഈ ആവശ്യം ഉന്നയിച്ച് രംഗത്തുവരാനുള്ള സാഹചര്യമാണ് അതോടെ തെളിയുക.2026-ല്‍ ഭരണത്തില്‍ വരാന്‍ കഴിയുമെന്ന ഒറ്റ കണക്കുകൂട്ടലിലാണ് ഇപ്പോഴും മുസ്ലിംലീഗ് യു.ഡി.എഫില്‍ തുടരുന്നത്. തുടര്‍ച്ചയായി 15 വര്‍ഷം പ്രതിപക്ഷത്ത് ഇരിക്കണമെന്ന അവസ്ഥ ചിന്തിക്കാന്‍ പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ലീഗ് നേതൃത്വത്തിന് കഴിയുകയില്ല.

K Radhakrishnan

ഇടതുപക്ഷത്തെ സംബന്ധിച്ച് അവരുടെ സിറ്റിംഗ് സീറ്റായ ചേലക്കര വന്‍ ഭൂരിപക്ഷത്തിന് നിലനിര്‍ത്തുക എന്നതിനാണ് പ്രാമുഖ്യം നല്‍കുന്നത്. കെ രാധാകൃഷ്ണന്‍ 2021-ല്‍ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച ചേലക്കരയില്‍ വലിയ ഭൂരിപക്ഷത്തിന് വിജയിക്കണമെന്ന വാശിയിലാണ് സി.പി.എം അണികളുള്ളത്. ഭരണത്തിലും… പാര്‍ട്ടി നേതൃത്വത്തിന്റെ ചില നിലപാടുകളിലും ശക്തമായ ഭിന്നതയുള്ള സി.പി.എം അനുഭാവികള്‍ പാര്‍ട്ടി വേട്ടയാടപ്പെടുന്ന പുതിയ സാഹചര്യത്തില്‍ ഭിന്നതയെല്ലാം മാറ്റിവച്ച് രംഗത്തിറങ്ങുമെന്ന വാശിയിലാണുള്ളത്.

സകല കമ്യൂണിസ്റ്റ് വിരുദ്ധരും ഒരു മുന്നണിയായി മാറുന്ന സാഹചര്യത്തില്‍ ചെങ്കൊടിയുടെ അഭിമാനം കാത്തുസൂക്ഷിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് അവരുടെ മുന്നിലുള്ളത്. ഇതേ വാശി പാലക്കാട് നിയമസഭാ മണ്ഡലത്തിലും പ്രകടമാണ്. അവസാന ഇടതുപക്ഷ വോട്ടും ഇടതുപക്ഷത്തിന്റെ പെട്ടിയില്‍ വീഴുമെന്ന് ഉറപ്പാക്കുമെന്നാണ് സി.പി.എം നേതൃത്വവും പറയുന്നത്. ചേലക്കര വിജയിക്കുകയും, പാലക്കാട്ട് വോട്ട് വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍ അതോടെ അവിശുദ്ധ സഖ്യമെന്ന പ്രചരണത്തിന്റെ മുനയൊടിയുമെന്നാണ് സി.പി.എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

Congress

പാലക്കാട് പിടിക്കുന്നതോടൊപ്പം തന്നെ ചേലക്കരയില്‍ വലിയ രൂപത്തില്‍ വോട്ടുകള്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ് ബി.ജെ.പിയുടെ സ്ട്രാറ്റര്‍ജി. ഷാഫി പറമ്പില്‍ അല്ല എതിരാളി എന്നതിനാല്‍ കോണ്‍ഗ്രസ്സ് വോട്ടുകള്‍ ഇത്തവണ ബി.ജെ.പിയിലേക്ക് കൂടുതലായി എത്തുമെന്ന കണക്കുകൂട്ടലും ബി.ജെ.പിക്കുണ്ട്. ഇതാണ് ചേലക്കരയിലെയും പാലക്കാട്ടെയും വയനാട്ടിലെയും നിലവിലെ അവസ്ഥ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാത്തുനില്‍ക്കുന്നത്. പ്രാദേശിക വിഷയങ്ങള്‍ മുതല്‍ ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍വരെ ചര്‍ച്ചാ വിഷയമാകുന്ന ഈ തിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള ജനങ്ങളുടെ വിധിയെഴുത്ത് കൂടിയായിരിക്കും.

പ്രതിപക്ഷവും മാധ്യമങ്ങളും… സകല ജാതി – മത സംഘടനകളും തീര്‍ത്ത ഈ ‘പത്മവ്യൂഹം’ തകര്‍ത്ത് ചെങ്കൊടി പാറിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞാല്‍ അത്… ഇടതുപക്ഷത്തിന്റെ മൂന്നാമൂഴത്തിലേക്കുള്ള കാല്‍വയ്പ്പ് കൂടിയായിരിക്കും. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിലും വലിയ പൊളിച്ചെഴുത്താണ് അനിവാര്യമായി മാറുക. ആരാണ് ശരി, എന്താണ് ജനഹിതം എന്ന കാര്യത്തില്‍ ഇനി വിധിയെഴുതേണ്ടത് പാലക്കാട്ടെയും ചേലക്കരയിലെയും വോട്ടര്‍മാരാണ്. അതിനായാണ് രാഷ്ട്രീയ കേരളവും ഉറ്റുനോക്കുന്നത്.

Express View

വീഡിയോ കാണുക

Top