വിമർശനങ്ങൾക്ക് മറുപടിയുമായി; മോഹൻലാൽ

പല സംവിധായകരും തന്നോട് കഥകൾ പറയാൻ വരാറുണ്ട്. എന്നാൽ അവയെല്ലാം മോഹൻലാലിന് വേണ്ടി തയ്യാറാക്കിയ കഥകളാണ്

വിമർശനങ്ങൾക്ക് മറുപടിയുമായി; മോഹൻലാൽ
വിമർശനങ്ങൾക്ക് മറുപടിയുമായി; മോഹൻലാൽ

ടൻ മോഹൻലാലിനെതിരെ പലപ്പോഴും ഉയരുന്ന ഒരു വിമർശനമാണ് പുതിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ മടിക്കുന്നുവെന്നും സംവിധായകർക്ക് മോഹൻലാലിനോട് കഥപറയുന്നതിന് ഒരുപാട് കടമ്പകൾ കടക്കണമെന്നതും. എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

തന്നിലേക്ക് എത്തുന്നതിന് തടസങ്ങളൊന്നുമില്ലെന്നും പല പുതിയ സംവിധായകരുടെയും കഥകൾ താൻ കേൾക്കുന്നുണ്ടെന്നും താരം പറഞ്ഞു. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. പല സംവിധായകരും തന്നോട് കഥകൾ പറയാൻ വരാറുണ്ട്. എന്നാൽ അവയെല്ലാം മോഹൻലാലിന് വേണ്ടി തയ്യാറാക്കിയ കഥകളാണ്. തന്റെ പഴയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലാണ് പല കഥകളും. ഫ്രഷ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ഒരു സിനിമ ചെയ്യുമ്പോൾ അതിൽ എന്തെങ്കിലും പുതുമ വേണമല്ലോ. മുമ്പ് ചെയ്തതുപോലുള്ള വേഷം വീണ്ടും കൊണ്ടുവന്നാൽ പ്രേക്ഷകർക്ക് ബോറടിക്കില്ലേ എന്നും മോഹൻലാൽ ചോദിച്ചു. നേര് പോലുള്ള ചെറിയ സിനിമകളും താൻ ചെയ്യുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. പുതിയ സംവിധായകനായ തരുൺ മൂർത്തിയാണ് തന്റെ പുതിയ സിനിമ ചെയ്യുന്നതെന്നും എട്ടുവർഷത്തോളമെടുത്താണ് ഈ സിനിമ തയ്യാറാവുന്നതെന്നും മോഹൻലാൽ പറഞ്ഞു. ഇത്തരത്തിലുള്ള കഥകൾക്കാണ് താൻ കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേര് എന്ന സിനിമ ഞാൻ ഇതിന് മുമ്പ് ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒന്നായിരുന്നെന്നും ഇപ്പോൾ ചെയ്യുന്ന തരുൺ മൂർത്തിയുടെ സിനിമയും ഫ്രഷ് സബ്ജക്ടാണ്. അങ്ങനെയുള്ള സിനിമകൾ ചെയ്യുമ്പോൾ മാത്രമേ നമുക്ക് നമ്മളെ മടുക്കാതിരിക്കുകയുള്ളുവെന്നും മോഹൻലാൽ പറഞ്ഞു.മോഹൻലാലിന്റെ 360-ാം ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്നത്. എൽ 360 എന്ന് അറിയപ്പെടുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ശോഭന, ബിനു പപ്പു തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Top