CMDRF

ആ ആക്രമണത്തിൽ പകച്ച് ഇസ്രയേൽ, പ്രധാനമന്ത്രിയുടെ വസതിയും സുരക്ഷിതമല്ലേ ?

പ്രധാനമന്ത്രിയെ പോലെ ഏറ്റവും ഉയര്‍ന്ന പദവിയിലുള്ള ഒരു ഇസ്രയേലി നേതാവിനെ ലക്ഷ്യമിട്ടുള്ള ആദ്യ ആക്രമണമാണിത്.

ആ ആക്രമണത്തിൽ പകച്ച് ഇസ്രയേൽ, പ്രധാനമന്ത്രിയുടെ വസതിയും സുരക്ഷിതമല്ലേ ?
ആ ആക്രമണത്തിൽ പകച്ച് ഇസ്രയേൽ, പ്രധാനമന്ത്രിയുടെ വസതിയും സുരക്ഷിതമല്ലേ ?

മാസ് നേതാവ് യഹ്യ സിൻവാറിന്റെ മരണത്തിന് തൊട്ടുപിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ പകച്ച് നിൽക്കുന്നതിപ്പോൾ ലോക രാജ്യങ്ങളാണ്. അമേരിക്കയുടെ വൻ സൈനിക വ്യൂഹവും, താഡ് പ്രതിരോധ സംവിധാനവും, പടക്കപ്പലുകളുമെല്ലാം ഇസ്രയേലിന് സുരക്ഷയൊരുക്കിയിട്ടും ഹിസ്ബുള്ള തൊടുത്തുവിട്ട മൂന്ന് ഡ്രോണുകളിൽ ഒരെണ്ണം പൊട്ടിത്തെറിച്ച് പ്രധാനമന്ത്രിയുടെ സമുച്ചയത്തിലെ കൂറ്റൻ കെട്ടിടത്തിന്റെ ഒരു ഭാഗം ഏതാണ്ട് പൂർണ്ണമായി തന്നെ തകർന്നിട്ടുണ്ട്. നെതന്യാഹുവും ഭാര്യയും ഈ സമയം വസതിയിലുണ്ടായിരുന്നില്ലെന്നാണ് പ്രധാനമന്ത്രിയുടെ വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. ലെബനനിൽ നിന്നും എഴുപത് കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ഡ്രോൺ കെട്ടിടത്തിൽ ഇടിച്ചിറങ്ങിയിരിക്കുന്നത്. നാശനഷ്ടങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഇതുവരെ ഇസ്രയേൽ തയ്യാറായിട്ടില്ല.

നെതന്യാഹുവിന്റെ വീടിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നത് ഇപ്പോഴും വ്യക്തമല്ലെങ്കിലും പ്രദേശവാസികൾ നൽകുന്ന വിവരമനുസരിച്ച് വലിയ സ്‌ഫോടനം തന്നെയാണ് നടന്നിരിക്കുന്നത്.

Benjamin Netanyahu

പ്രധാനമന്ത്രിയെ പോലെ ഏറ്റവും ഉയർന്ന പദവിയിലുള്ള ഒരു ഇസ്രയേലി നേതാവിനെ ലക്ഷ്യമിട്ടുള്ള ആദ്യ ആക്രമണമാണിത്. ഒരു ഹെലികോപ്റ്ററിന് മുകളിലൂടെ ഒരു വലിയ വിമാനം പോലെയുള്ള ഡ്രോൺ പറക്കുന്നത് കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ ഹിസ്ബുള്ളയുടെ ആക്രമണവുമായി ബന്ധപ്പെട്ടതാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Also Read: കിമ്മിന് യുദ്ധം ചെയ്യണം, അവസരമൊരുക്കി റഷ്യയും, 12,000 സൈനികർ കൂടി രംഗത്ത്

ഹമാസ് തലവന്റെ കൊലപാതകത്തിന് ശേഷം വടക്കൻ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള നടത്തുന്നത് വൻ മിസൈൽ ആക്രമണമാണ്. ഇക്കാര്യം ഇസ്രയേൽ സൈന്യം തന്നെ സമ്മതിച്ചിട്ടുമുണ്ട്. ലെബനൻ ആസ്ഥാനമായുള്ള ഈ ഇറാൻ അനുകൂല പോരാളികൾ ആക്രമണം ശക്തമാക്കിയതോടെ ലക്ഷക്കണക്കിന് ഇസ്രയേലികൾക്ക് അവരുടെ വാരാന്ത്യം ബങ്കറുകളിലാക്കേണ്ടി വന്നതായും ഇസ്രയേൽ സൈന്യം പറയുന്നു.

ഗാസയിൽ പലസ്തീൻ സംഘടനയായ ഹമാസിനെതിരെ ഇസ്രയേൽ ഒരു വർഷത്തിലേറെയായി സൈനിക നടപടി ആരംഭിച്ചത് മുതലാണ് ഹിസ്ബുള്ളയും ഇസ്രയേലും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും പരസ്പരം മിസൈൽ ആക്രമണം ആരംഭിച്ചിരിക്കുന്നത്. ഇത് പിന്നീട് ഹമാസ് ഉന്നതരുടെ കൊലപാതകം കൂടി ആയപ്പോൾ എല്ലാ പരിധിയും വിട്ട് ആരെയും ലക്ഷ്യമിടാം എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. കൂടുതൽ ചാവേറാക്രമണങ്ങൾ ഇനിയും ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ സാധ്യതയുണ്ട്. എത്ര ഹമാസ് – ഹിസ്ബുള്ള നേതാക്കളെ ഇസ്രയേൽ വധിച്ചാലും ഒരു ജനത മുഴുവൻ ഈ സംഘടനകളോട് ഐക്യപ്പെട്ട് കിടക്കുന്ന സാഹചര്യത്തിൽ അവയെ ഇല്ലാതാക്കാൻ എന്തായാലും ഇസ്രയേലിന് കഴിയുകയില്ല. അതാകട്ടെ ഒരു യാഥാർത്ഥ്യവുമാണ്.

ISRAEL FLAG

ഗാസയിൽ 45,000 ത്തോളം പലസ്തീനികളെ കൊലപ്പെടുത്തിയ ഇസ്രയേൽ സൈന്യം ലെബനനിലും വലിയ നാശമാണ് വിതച്ചിരിക്കുന്നത്. ഇതിന് ഏറ്റവും വലിയ ശിക്ഷ തന്നെ ഇസ്രയേലിന് നൽകാനാണ് ഹിസ്ബുള്ളയും ഹൂതികളും ഹമാസുമെല്ലാം തീരുമാനിച്ചിരിക്കുന്നത്. ഇറാന്റെ പിന്തുണയോടെയാണ് സകല നീക്കങ്ങളും നടക്കുന്നത്. ഇറാനാകട്ടെ റഷ്യയുടെ പിന്തുണയും ശക്തമായിട്ടുണ്ട്.

ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടിയായി ഇറാന്റെ ആണവ നിലയങ്ങൾ ഇസ്രയേൽ ആക്രമിച്ചാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് റഷ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതേത്തുടർന്ന്, ഇറാന്റെ ആണവ നിലയങ്ങൾ ആക്രമിക്കരുതെന്ന് അമേരിക്കയും ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ വൻ പ്രത്യാഘാതമെന്ന് റഷ്യ, ഇസ്രയേലിന് മുന്നറിയിപ്പ് നൽകി

ഇതിനിടെ, ഇറാനെതിരെ ആക്രമണം നടത്താനുള്ള ഉത്തരവിൽ ഇസ്രയേൽ പ്രധാനമന്ത്രി ഒപ്പുവച്ചതായ റിപ്പോർട്ട് പുറത്ത് വന്നതും ഇറാൻ ചേരിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ നടന്ന ആക്രമണത്തിന് ഇതും ഒരു കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്.

IRAN FLAG

ഇറാനെ ഇസ്രയേൽ ആക്രമിച്ചാൽ അത് പശ്ചിമേഷ്യയെ ആകെ ബാധിക്കുന്ന ഒരു തുറന്ന യുദ്ധമായി മാറുമെന്നാണ് തുർക്കിയും ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്നും സ്വയം പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഇറാനെ അത് നിർബന്ധിതമാക്കുകയാണെന്നുമാണ് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ തുറന്നടിച്ചിരിക്കുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു ഇക്കാര്യം അദ്ദേഹം എടുത്ത് പറഞ്ഞിരുന്നത്. ഇറാന് അനുകൂലമായി ഇസ്ലാമിക രാജ്യങ്ങളിലെ ജനങ്ങൾക്കിടയിൽ ഉയർന്നുവരുന്ന വികാരത്തെ ഇനിയും കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ലെന്നാണ് തുർക്കി ഭരണകൂടത്തിന്റെ നിലപാട്.

ഒരു ഇസ്ലാമിക രാജ്യമാണെങ്കിലും, അമേരിക്കൻ സൈനിക സഖ്യമായ നാറ്റോയിൽ അംഗമാണ് എന്നതിനാൽ തുർക്കിയുടെ നിലപാടിന് പുതിയ സാഹചര്യത്തിൽ പ്രസക്തിയും ഏറെയാണ്. നാറ്റോയുമായി പ്രത്യേക ബന്ധമുള്ള ഇസ്രയേലും നാറ്റോ അംഗരാജ്യമായ തുർക്കിയും നേർക്കുനേർ വരുന്ന സാഹചര്യമുണ്ടായാൽ വെട്ടിലാകുക അമേരിക്ക കൂടിയാണ്. കാരണം, ഏതെങ്കിലും ഒരു നാറ്റോ അംഗരാജ്യം ആക്രമിക്കപ്പെട്ടാൽ നാറ്റോയിലെ മുഴുവൻ അംഗരാജ്യങ്ങളും ചേർന്ന് ശത്രുവിനെ ആക്രമിക്കണമെന്നതാണ് നാറ്റോ നയം. ഈ നയം ഇസ്രയേലും തുർക്കിയും തമ്മിൽ യുദ്ധം ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ എന്തായാലും നടപ്പാക്കാൻ കഴിയുകയില്ല. അഥവാ അത്തരമൊരു സാഹചര്യം സംജാതമായാൽ അതോടെ നാറ്റോ സഖ്യത്തിന്റെ പ്രസക്തി തന്നെയാണ് ചോദ്യം ചെയ്യപ്പെടുക.

വീഡിയോ കാണാം

Top