ഹൈദരാബാദ്: മൃഗബലി നടത്തിയെന്നാരോപിച്ച് തെലങ്കാനയിലെ മേദക്കിലെ മദ്‌റസക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയും അക്രമം അഴിച്ചുവിട്ട് ഹിന്ദുത്വ തീവ്രവാദികള്‍. ആക്രമണത്തില്‍ ആശുപത്രിയിലെ വസ്തുക്കള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹിന്ദുത്വവാദികളുടെ ആക്രമണത്തെ അപലപിച്ച് മേദക് ഓര്‍ത്തോപീഡിക് ആന്‍ഡ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രംഗത്തുവന്നു.
‘100 മുതല്‍ 150 വരെ അംഗങ്ങള്‍ ആശുപത്രിക്കുള്ളിലേക്ക് ഇരച്ചുകയറുകയും ജനല്‍ ചില്ലുകള്‍ക്ക് കേടുവരുത്തുകയും കല്ലെറിയുകയും ചെയ്തു. ഫര്‍ണിച്ചറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഒരു ജീവനക്കാരന്റെ കാലിന് പരുക്ക് പറ്റുകയും ചെയ്തു. ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അവര്‍ ഞങ്ങളോട് പറയണം. രോഗിയെ ചികിത്സിക്കുന്നത് പാപമാണോ?,’ ഡോ. നവീന്‍ ചോദിച്ചു.
മൃഗബലി നടത്തിയെന്നാരോപിച്ച് ശനിയാഴ്ചയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മേദക്കിലെ മദ്‌റസ ആക്രമിച്ചത്. മിറാജ് ഉല്‍ ഉലൂം മദ്‌റസയുടെ മാനേജ്മെന്റ് ബക്രീദിന് ബലിയര്‍പ്പിക്കാന്‍ കന്നുകാലികളെ വാങ്ങിയിരുന്നു. കന്നുകാലികളെ കൊണ്ട് വന്നതിനു പിന്നാലെ ഒരു കൂട്ടം ആളുകള്‍ മദ്‌റസയിലേക്ക് അതിക്രമിച്ച് കടക്കുകയും ആക്രമണം അഴിച്ചു വിടുകയുമായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് മദ്‌റസ ആക്രമണത്തിന് പിന്നിലെന്ന് എ.ഐ.എം.ഐ.എം എം.എല്‍.എ കര്‍വാന്‍ എം. കൗസര്‍ മൊഹിയുദ്ധീന്‍ പറഞ്ഞു.
സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി ആളുകള്‍ക്ക് പരുക്ക് പറ്റി. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് ആശുപത്രിയിലേക്ക് അക്രമികള്‍ അതിക്രമിച്ച് കടന്നത്.