CMDRF

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

വനിതാവിഭാഗത്തിലും രാജ്യത്തിന് സ്വർണസാധ്യതയുണ്ട് എന്നാണ് നിഗമനം

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ
ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

ബുഡാപെസ്റ്റ്: ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ. ശനിയാഴ്ച രാത്രി പത്താംറൗണ്ടിൽ, ഇന്ത്യയുടെ യുവസംഘം ഒന്നാംസീഡായ യു.എസ്.എ.യെ (2.5-1.5) കീഴടക്കിയതോടെയാണ് 19 പോയിന്റുമായി കിരീടം ഉറപ്പാക്കിയയത്. വനിതാവിഭാഗത്തിലും രാജ്യത്തിന് സ്വർണസാധ്യതയുണ്ട് എന്നാണ് നിഗമനം.

രണ്ടാംസ്ഥാനത്തുള്ള ചൈനയ്ക്ക്‌ 17 പോയിന്റുണ്ട്. അവസാന റൗണ്ടിൽ ഇന്ത്യ തോൽക്കുകയും ചൈന ജയിക്കുകയും ചെയ്താൽ പോയിന്റ് തുല്യമാകാനാണ് സാധ്യത. എന്നാൽ, കൂടുതൽ ഗെയിം പോയിന്റ് ഉള്ളതിനാൽ കിരീടം ഇന്ത്യക്കാകും ഉണ്ടാകുക. പഴയകാല സോവിയറ്റ് മേധാവിത്തത്തെ അനുസ്മരിപ്പിക്കുന്ന ഉജ്ജ്വലപ്രകടനമാണ് ബുഡാപെസ്റ്റ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ ഇന്ത്യൻ ടീം കാഴ്ചവെച്ചത്. ആദ്യ എട്ടു മത്സരങ്ങളിൽ അവർ ശക്തരായ പ്രതിയോഗികളെ വീഴ്ത്തുകയായിരുന്നു.

ALSO READ: ഐ.എസ്.എലില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും നേർക്കുനേർ; മത്സരം കൊച്ചിയില്‍

ഒൻപതാം റൗണ്ടിൽ, കഴിഞ്ഞ ഒളിമ്പ്യാഡ് ജേതാക്കളായ ഉസ്ബെക്കിസ്താനോട് (2-2) സമനില വഴങ്ങിയെങ്കിലും വ്യക്തിഗത പോരാട്ടങ്ങളിൽ ഇന്ത്യൻ താരങ്ങളെ പരാജയപ്പെടുത്താൻ ആർക്കും കഴിഞ്ഞില്ല. ശനിയാഴ്ച പത്താംറൗണ്ടിൽ യു.എസ്. താരം വെസ്ലി സോ പ്രഗ്നാനന്ദയെ തോൽപ്പിച്ചതോടെയാണ് ഇക്കുറി ഇന്ത്യ ആദ്യമായി പരാജയമറിഞ്ഞത്. പക്ഷേ, ഗുകേഷ് ലോക രണ്ടാംനമ്പർ താരം ഫാബിയാനോ കരുവാനയെയും അർജുൻ എറിഗൈസി ലെയ്നിയർ ഡൊമിംഗ്വസിനെയും തോൽപ്പിച്ച് ശക്തമായി തിരിച്ചടിച്ച് കളി ഇന്ത്യക്കനുകൂലമാക്കി. വിദിത് ഗുജറാത്തിയും ലെവ് അറോണിയനും തമ്മിലുള്ള കളി സമനിലയിലായി. 2.5-1.5 സ്കോറിന് ഇന്ത്യയുടെ വിജയം. ഞായറാഴ്ച ഓപ്പൺ വിഭാഗത്തിൽ എതിരാളികളെക്കാൾ രണ്ടു പോയിന്റ് ലീഡോടുകൂടിയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഇന്ത്യ തോൽക്കുകയും ചൈന ജയിക്കുകയും ചെയ്താലും സ്വർണമെഡൽ ഇന്ത്യക്കായിരിക്കും. കാരണം, ആർക്കും മറികടക്കാനാകാത്ത ടൈ ബ്രേക്ക് സ്കോർ ഇന്ത്യ ഇതിനകം നേടിക്കഴിഞ്ഞു.

Top