ഹൈദരാബാദ്: വേശ്യാവൃത്തിക്കായി ബംഗ്ലാദേശി പെൺകുട്ടികളെ ഹൈദരാബാദിലേക്ക് കടത്തിയ കേസിൽ ആറു പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. ഓരോ വ്യക്തിക്കും 24,000 രൂപ വീതമാണ് പിഴ. ഹൈദരാബാദിലെ ദേശീയ അന്വേഷണ ഏജൻസി പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 18 മാസം അധിക തടവ് അനുഭവിക്കണം.
മുഹമ്മദ് യൂസഫ് ഖാൻ, ഭാര്യ ബിത്തി ബീഗം, സോജിബ്, റൂഹുൽ അമിൻ ധാലി, മുഹമ്മദ് അബ്ദുൽ സലാം, ഷീല ജസ്റ്റിൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്താണ് സംഘം പെൺകുട്ടികളെ ഹൈദരാബാദിലെത്തിച്ചത്.
Also Read: ലൈംഗികാതിക്രമ കേസിൽ ഒത്ത് തീർപ്പ് ഇനി വേണ്ടെന്ന് സുപ്രീംകോടതി
2019ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഹൈദരാബാദിലെ ഛത്രിനക പോലീസാണ് ഉപ്പുഗുഡയിലെ കണ്ടിക്കൽ ഗേറ്റ് ഏരിയയിലെ വീട്ടിൽ നിന്ന് അഞ്ച് പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്. 2019 സെപ്റ്റംബർ 17ന് കേസ് രജിസ്റ്റർ ചെയ്ത് എൻ.ഐ.എ വിശദമായ അന്വേഷണം നടത്തിയാണ് സംഘത്തെ പിടികൂടുന്നത്.
നാല് പ്രതികൾക്കെതിരെയും 2020 മാർച്ചോടെ കുറ്റപത്രം സമർപ്പിച്ചു. 2020 ആഗസ്റ്റിൽ ബാക്കിയുള്ള രണ്ട് പേർക്കായി അനുബന്ധ കുറ്റപത്രവും സമർപ്പിച്ചു. പ്രതികളിലൊരാളായ റൂഹുൽ അമിൻ ധാലിയെ പശ്ചിമ ബംഗാളിലും മറ്റുള്ളവരെ തെലങ്കാനയിൽ വെച്ചുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
.