കൊച്ചി : ഡിജിറ്റല്‍ തെളിവുകള്‍ സൂക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാരും റജിസ്ട്രാറും അറിയിച്ചതിനെ തുടര്‍ന്ന് ഇതു സംബന്ധിച്ച ഉപഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നടി ആക്രമിക്കപ്പെട്ട കേസിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയിരുന്നു. ഇതാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ച് ഇന്ന് തീര്‍പ്പാക്കിയത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കോടതി മുന്‍പാകെയുള്ള ഹര്‍ജികള്‍ നാളെ വീണ്ടും പരിഗണിക്കും.
മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കുന്നതില്‍ ഹൈക്കോടതി സ്വമേധയാ ഇടപെടുന്നുണ്ടെന്ന് ഇന്ന് ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി കോടതി ഉത്തരവ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും എല്ലാ ജില്ലാ ജഡ്ജിമാര്‍ക്കും കൈമാറിയെന്ന് റജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു ഹൈക്കോടതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയെന്ന് സര്‍ക്കാരും വ്യക്തമാക്കി. മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം.
നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന പരാതിയെ തുടര്‍ന്ന് എറണാകുളം സെഷന്‍സ് ജഡ്ജിയോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ സൂക്ഷിക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും കോടതി ഇതിനൊപ്പം പുറപ്പെടുവിച്ചു ലൈംഗിക കുറ്റകൃത്യങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്കുള്‍പ്പെടെ ആര്‍ക്കും നല്‍കരുതെന്നും ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് കോടതി ഉത്തരവ് പ്രകാരം മാത്രമാകണമെന്നും ഈ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. വിദഗ്ധരുടെ സാന്നിധ്യത്തില്‍ മാത്രമാകണം ദൃശ്യങ്ങളുടെ പരിശോധന നടത്തേണ്ടതെന്നും പരിശോധനയുടെ നടപടിക്രമങ്ങളും പരിശോധനാ സമയവും തിയതിയും പരിശോധിച്ച വ്യക്തികള്‍ ആരൊക്കെയെന്നും രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം തെളിവുകള്‍ നശിപ്പിച്ച് ഇതിന്റെ റിപ്പോര്‍ട്ട് അധികൃതര്‍ കോടതിക്ക് നല്‍കണമെന്നതുള്‍പ്പെടെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍.
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പരിശോധിച്ചതുമായി ബന്ധപ്പെട്ടുള്ള എന്‍ക്വയറി റിപ്പോര്‍ട്ടും ഏറെ വിവാദമായിരുന്നു ഇതിനെ തുടര്‍ന്ന് അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല, മൊഴിപ്പകര്‍പ്പും അതിജീവിതയ്ക്ക് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു അന്വേഷണം ഒട്ടും സുതാര്യമല്ലാതെയാണ് നടത്തിയത് എന്നു ചൂണ്ടിക്കാട്ടി അതിജീവിത നല്‍കിയ ഹര്‍ജി നിലനില്‍ക്കുമോ എന്ന് കോടതി നാളെ പരിശോധിക്കും