ഇസ്രയേൽ – ഇറാൻ യുദ്ധമുണ്ടായാൽ, അമേരിക്ക ലക്ഷ്യമിട്ട് ഉത്തര കൊറിയ മിസൈൽ പോർമുന മാറ്റും?

ഇസ്രയേൽ – ഇറാൻ യുദ്ധമുണ്ടായാൽ, അമേരിക്ക ലക്ഷ്യമിട്ട് ഉത്തര കൊറിയ മിസൈൽ പോർമുന മാറ്റും?
ഇസ്രയേൽ – ഇറാൻ യുദ്ധമുണ്ടായാൽ, അമേരിക്ക ലക്ഷ്യമിട്ട് ഉത്തര കൊറിയ മിസൈൽ പോർമുന മാറ്റും?

മാസ് മേധാവി ഇസ്മായില്‍ ഹനിയയെ, ഇറാന്റെ മണ്ണില്‍ വച്ച് കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രയേലിനെ ഇറാന്‍ തിരിച്ചടിക്കുമെന്ന ഭീതി നിലനില്‍ക്കെ, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് നവീകരിച്ച ഭൂഗര്‍ഭ അറകള്‍ ഉള്‍പ്പെടെ ഒരുക്കിയാണ് ഇസ്രയേല്‍ സൈന്യം കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. ദീര്‍ഘകാലം താമസിക്കാന്‍ ശേഷിയുള്ള ഈ സംവിധാനത്തിന് എല്ലാത്തരം ആയുധങ്ങളെയും സംരക്ഷിക്കാന്‍ ശേഷിയുണ്ടെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. പലസ്തീന്‍ – ഇസ്രയേല്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മുഖത്ത് മരണഭയം തെളിയുന്നത്.

ഇറാന്‍, ലബനന്‍, സിറിയ, ഇറാഖ്, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംയുക്ത നീക്കം ഇസ്രയേലിനെതിരെ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിനും അപ്പുറമുള്ള അപ്രതീക്ഷിത നീക്കങ്ങള്‍ക്കും സാധ്യത ഏറെയാണ്. ഇതോടെ ഇസ്രയേലിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമോ എന്ന ആശങ്കയിലാണ് അമേരിക്കയുള്ളത്. യുദ്ധക്കപ്പലുകളും, വിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് അമേരിക്ക എത്തിച്ചിരിക്കുന്നതും ഈ ഭയം കൊണ്ടാണ്. ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ നേടാനും അമേരിക്ക ശ്രമിച്ചുവരികയാണെങ്കിലും അത് ഇതുവരെ ഫലം കണ്ടിട്ടില്ല. ഇറാനുമായി അഭിപ്രായ വ്യത്യാസമുള്ള അറബ് രാജ്യങ്ങള്‍ പോലും പുതിയ സാഹചര്യത്തില്‍ അമേരിക്കയ്ക്ക് ഒപ്പം നില്‍ക്കാന്‍ ഭയപ്പെടുകയാണ്.

മുസ്ലിം രാജ്യങ്ങളിലെ ജനങ്ങളുടെ പൊതുവികാരവും, ഇറാന് അനുകൂലമാണ്. ഇതും അമേരിക്കയോട് അകലം പാലിക്കാന്‍ അറബ് രാജ്യങ്ങളെ നിര്‍ബന്ധിതമാക്കുന്നതാണ്. ഇനി അഥവാ അമേരിക്കന്‍ ചേരിക്കൊപ്പം ഏതെങ്കിലും രാജ്യം നിന്നാല്‍, ആ രാജ്യവും ആക്രമിക്കപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇറാന്‍ – ഇസ്രയേല്‍ യുദ്ധം പൊട്ടി പുറപ്പെട്ടാല്‍, അത് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം മാത്രമായല്ല മാറാന്‍ പോകുന്നത്. പല വന്‍ ശക്തികളും ഈ യുദ്ധത്തില്‍ ഇടപെടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല. ഇറാന് അകത്ത് കയറി ഹമാസ് മേധാവിയെ കൊലപ്പെടുത്തിയ നടപടിയില്‍ റഷ്യയ്ക്കും, ചൈനയ്ക്കും കടുത്ത അതൃപ്തിയാണ് ഉള്ളത്. അമേരിക്കന്‍ ചേരി ഒരു ഭാഗത്തും, റഷ്യയും ചൈനയും മറുഭാഗത്തും നിലയുറപ്പിച്ചാല്‍ അത് ലോക യുദ്ധമായാണ് മാറുക.

ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖൊമൈനിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ആക്രമണത്തിന്റെ ശക്തിയും കൂടും. മിഡില്‍ ഈസ്റ്റിലെ ഏറ്റവും ശക്തമായ സൈനിക ശക്തികളാണ് ഇസ്രയേലും, ഇറാനും. ഇരുരാജ്യങ്ങളും രഹസ്യമായി ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കാമെന്നതും പരസ്യമായ ഒരു രഹസ്യം തന്നെയാണ്. ഈ സാഹചര്യത്തില്‍ ഒരു പൂര്‍ണ്ണമായ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ വലിയ വിനാശത്തിലാണ് കലാശിക്കുക. അനവധി യുദ്ധങ്ങള്‍ ചെയ്ത് പാരമ്പര്യമുള്ള പേര്‍ഷ്യന്‍ പോരാളികളാണ് ഇറാന്‍. ഇറാനിലേക്ക് സൈന്യത്തെ അയച്ച് ആ രാജ്യത്തെ കീഴ്‌പ്പെടുത്തുക അമേരിക്കയ്ക്ക് പോലും അസാധ്യമായ കാര്യമാണ്.

ഭൂമിശാസ്ത്രപരമായ ഘടനയും, ഇറാന് അനുകൂലമാണ്. അതുകൊണ്ട് തന്നെ യുദ്ധം പൊട്ടി പുറപ്പെട്ടാല്‍ വ്യോമാക്രമണത്തിലൂടെ ഇറാനെ ആക്രമിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുക. രാഷ്ട്രീയ സ്വാധീനവും, സൈനിക ശേഷിയും, ഇന്റലിജന്‍സ് മികവുമാണ്, ഇസ്രയേലിന്റെ കരുത്ത്. 90,43,900 ജനസംഖ്യ മാത്രമുള്ള ഇസ്രയേലില്‍ 1,70,000 സജീവ സൈനികരും 4,65,000 റിസര്‍വ് സൈനിക വിഭാഗവുമുണ്ട്. ഇതിനുപുറമെ 1,376 ടാങ്കുകളും, 43,407 കവചിത വാഹനങ്ങളും, 650 പീരങ്കികളും, 150 റോക്കറ്റ് ലോഞ്ചറുകളും ഇസ്രയേലിനുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ സേനകളിലൊന്നാണ് അവരുടെ വായുസേന.

ആധുനിക എഫ് 35 പോര്‍വിമാനങ്ങള്‍ അടക്കം ഇസ്രയേല്‍ വ്യോമസേനയ്ക്ക് സ്വന്തമാണ്. പരമാവധി കൃത്യതയോടെ ലക്ഷ്യത്തിലെത്തി നിയന്ത്രിത സ്ഫോടനം നടത്തുന്ന സ്മാര്‍ട്ട് ബോംബുകളും ഇസ്രയേലിനുണ്ട്. 612 യുദ്ധവിമാനങ്ങളാണ്, അവര്‍ക്ക് ആകെയുള്ളത്. 500 മെര്‍കാവ ടാങ്കുകളാണ് ഇസ്രയേലിന്റെ കരയുദ്ധത്തിലെ കരുത്ത്. മിസൈലുകളേയും ഡ്രോണുകളേയും ലക്ഷ്യത്തിലെത്തും മുന്‍പേ തകര്‍ക്കുന്ന അയേണ്‍ ഡോം അടക്കമുള്ള മിസൈല്‍ വേധ സംവിധാനങ്ങളും ഇസ്രയേലിന്റെ പ്രതിരോധ കരുത്താണ്.

സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇസ്രയേലിന്റെ കൈവശം 80 ആണവ ബോംബുകളുണ്ട്. ഇതില്‍ 30 എണ്ണം വിമാനങ്ങളില്‍ നിന്ന് തൊടുക്കുന്ന ഗ്രാവിറ്റി ബോംബുകളാണ്. ബാക്കി 50 എണ്ണം മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് തൊടുക്കാവുന്നവയുമാണ്. ആണവശക്തിയാണെങ്കിലും, യുദ്ധത്തില്‍ ഇസ്രയേലിന് ഈ കരുത്ത് പ്രകടിപ്പിക്കാനാവില്ല. അതേസമയം, അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് നീളുന്ന യുദ്ധ സാഹചര്യങ്ങളില്‍ ഇസ്രയേലിന്റെ ആണവായുധ ശേഷിയും പരീക്ഷിക്കപ്പെട്ടേക്കും.

ഇസ്രയേലിന്റെ കരുത്ത് ഇതൊക്കെയാണെങ്കില്‍, ഇറാന്റെ കരുത്ത് വേറെ ലെവലാണ്. സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറുള്ള പോരാളികളായ ജനതയാണ്, ഇറാന്റെ പ്രധാന കരുത്ത്. നിലവില്‍ ആണവരാഷ്ട്രമല്ലെങ്കിലും, നിരവധി ആണവായുധങ്ങള്‍ ഇറാന്റെ കൈവശമുണ്ട്. ഇതിനുപുറമെ സജീവമായ ആണവ സമ്പുഷ്ടീകരണ പദ്ധതിയും ഇറാനുണ്ട്. അടുത്തിടെയായി ഇറാന്‍ ആണവ സമ്പുഷ്ടീകരണം നടത്തുന്ന തോത്, വലിയ രൂപത്തിലാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇസ്രയേലിനെയും അമേരിക്കയെയും ഭയപ്പെടുത്തുന്നതും, ഇതു തന്നെയാണ്. 7,90,50,000 ജനസംഖ്യയുള്ള ഇറാനില്‍ 6,10,000 സജീവ സൈനികരും 3,50,000 റിസര്‍വ് സൈനിക അംഗങ്ങളുമുണ്ട്. ഇതിനു പുറമെ, 1996 ടാങ്കുകളും, 65,765 കവചിത വാഹനങ്ങളും… 580 പീരങ്കികളും 775 റോക്കറ്റ് ലോഞ്ചറുകളും ഇറാന്‍ ആക്രമണ നിരയിലുണ്ട്. 551 യുദ്ധവിമാനങ്ങളും, 186 പ്രത്യേക ആക്രമണ വിമാനങ്ങളും ഇറാനുണ്ട്. മേഖലയില്‍ ഏറ്റവും കൂടുതല്‍ മിസൈലുകള്‍ ഉള്ള രാജ്യവും ഇറാനാണ്. 20 തരം ബാലിസ്റ്റിക് മിസൈലുകളും, മറ്റ് അനവധി ക്രൂയിസ് മിസൈലുകളും ഇതില്‍ ഉള്‍പ്പെടുന്നു. സ്വന്തം ക്രൂയിസ് മിസൈല്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ ഇറാന്‍ നടത്തിയിരിക്കുന്നത് വലിയ മുന്നേറ്റമാണ്.

‘ഖൈബര്‍ ബസ്റ്റര്‍’ എന്ന ഇറാന്‍ മിസൈലിന്, സമീപമേഖലകളിലുള്ള അമേരിക്കന്‍ ബേസുകളില്‍ പോലും ആക്രമണം നടത്താനുള്ള കഴിവുണ്ട്. ഫത്താഹ് എന്ന് പേരിട്ടിരിക്കുന്ന ഇറാന്റെ ഹൈപ്പര്‍സോണിക് മിസൈലിന് ഏത് ശത്രു മിസൈല്‍ സംവിധാനങ്ങളിലും തുളച്ചുകയറി ആക്രമിക്കാനുള്ള കരുത്തുണ്ട്. ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ്സിന്റെ… എയ്റോസ്പേസ് ഫോഴ്സ് സ്പെഷലിസ്റ്റുകളാണ്… ഫത്താഹ് വികസിപ്പിച്ചിരിക്കുന്നത്. റഡാറുകളെ പോലും വെട്ടിച്ച് ശത്രുരാജ്യത്ത് പറന്ന് കയറി വ്യാപക നാശനഷ്ടം വിതയ്ക്കാന്‍ ശേഷിയുള്ള പതിനായിരക്കണക്കിന് ഡ്രോണുകള്‍ ഇറാന്റെ കൈവശമുണ്ട്. ലോകത്ത് ഏത് രാജ്യത്തും കടന്നുകയറി ആക്രമിക്കാന്‍ ശേഷിയുള്ള ചാവേറുകള്‍ കൂടി ആകുമ്പോള്‍ ഇറാന്റെ പോര്‍മുഖത്തെ ഇസ്രയേല്‍ ഭയക്കുക തന്നെ വേണം.

അതായത്, ഇറാനും ഇസ്രയേലും തമ്മില്‍ ഒരു പൂര്‍ണ്ണ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ പോയാല്‍ അത് കൈവിട്ട് പോകാന്‍ തന്നെയാണ് സാധ്യത. ഇസ്രയേലിനൊപ്പം ചേര്‍ന്ന്, അമേരിക്ക ഇറാനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ഇറാനെ സഹായിക്കാന്‍ റഷ്യയും ചൈനയും തയ്യാറാകും. യുക്രെയിനെ സഹായിക്കാന്‍ അമേരിക്ക പോര്‍വിമാനങ്ങള്‍ നല്‍കിയ പുതിയ സാഹചര്യത്തില്‍ മാരക ആയുധങ്ങള്‍ റഷ്യയും, ഇറാന് നല്‍കിയേക്കും. റഷ്യയും, ചൈനയും യുദ്ധത്തില്‍ നേരിട്ട് ഇടപെടുന്ന സാഹചര്യം ഉണ്ടായാല്‍ ആദ്യം ആക്രമിക്കപ്പെടുക അമേരിക്ക ആയിരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയയെ മുന്‍നിര്‍ത്തി അത്തരമൊരു നീക്കം നടക്കാനുള്ള സാധ്യത എന്തായാലും തള്ളിക്കളയാന്‍ കഴിയുന്നതല്ല. അമേരിക്കവരെ എത്തുന്ന ആണവ മിസൈല്‍ ഉത്തര കൊറിയയ്ക്ക് ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടാണ്, ഉത്തര കൊറിയ വിരട്ടിയപ്പോള്‍, മുന്‍പ് അമേരിക്കന്‍ പ്രസിഡന്റിനു തന്നെ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിംങ് ജോംങ് ഉന്നുമായി സമവായചര്‍ച്ച നടത്തേണ്ടി വന്നിരുന്നത്. നിലവില്‍ ഉത്തര കൊറിയ പുതിയ ഖര-ഇന്ധന ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ ഉള്‍പ്പെടെ വികസിപ്പിച്ചിട്ടുണ്ട്.

അടുത്തയിടെ റഷ്യയില്‍ സന്ദര്‍ശനം നടത്തിയ കിംങ്ങ് ജോംങ് ഉന്‍ റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഉത്തര കൊറിയന്‍ പോര്‍മുന അമേരിക്കയ്ക്ക് നേരെ വീണ്ടും തിരിച്ചുവച്ചാല്‍, അമേരിക്കയാണ് പ്രതിരോധത്തിലാകുക. കാരണം, അമേരിക്കന്‍ ഉപരോധത്തില്‍ പൊറുതിമുട്ടുന്ന ഉത്തര കൊറിയന്‍ ജനത, ഇതിനേക്കാള്‍ ഭേദം പൊരുതി മരിക്കുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്നവരാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമായ അമേരിക്കയ്ക്ക് എന്തായാലും അങ്ങനെ ചിന്തിക്കാന്‍ കഴിയുകയില്ല. മിസൈലുകളെ തടയാനുള്ള ഏത് പ്രതിരോധ സംവിധാനമുണ്ടായാലും ഒരു ഭാഗ്യ പരീക്ഷണത്തിന് ഒരിക്കലും അമേരിക്ക തയ്യാറാകുകയില്ല. ഇക്കാര്യം വ്യക്തമായി റഷ്യയ്ക്കും ചൈനയ്ക്കും അറിയുകയും ചെയ്യാം. റഷ്യയുമായും ചൈനയുമായും സൗഹൃദമുള്ള രാജ്യങ്ങളെ ആര് ആക്രമിച്ചാലും, ആ യുദ്ധത്തില്‍ ഇടപെടാന്‍ അതോടെ ഈ വന്‍ ശക്തികള്‍ക്ക് കഴിയും. റഷ്യയും ചൈനയും ഇടപെടുമെന്ന് കണ്ടാല്‍ അമേരിക്കന്‍ ചേരിയിലെ പല രാജ്യങ്ങളും പിറകോട്ടടിക്കാനും സാധ്യതയുണ്ട്. ഒരു മൂന്നാംലോക മഹായുദ്ധം, ലോകത്തിന്റെ സര്‍വ്വ നാശത്തിലാണ് കലാശിക്കുക എന്നതിനാല്‍, അതിന്… അമേരിക്ക ആയിട്ട് അവസരമുണ്ടാക്കാതിരിക്കുന്നതാണ് നല്ലത്.

ഇറാന്‍ പ്രതികാരം ചെയ്യാന്‍ ഇറങ്ങിയാല്‍, ഇസ്രയേല്‍ നേരിടട്ടെ. അതല്ലാതെ അമേരിക്ക ഇറാനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ഇതുവരെ ഉണ്ടായ അനുഭവമല്ല അമേരിക്കയ്ക്കും ലോകത്തിനും ഉണ്ടാകുക. ഭൂമിയുടെ സര്‍വ്വനാശത്തിലാണ് അത്തരമൊരു യുദ്ധം കലാശിക്കുക. അതാകട്ടെ, വ്യക്തവുമാണ്…

EXPRESS KERALA VIEW

Top