ഒരു ദുരന്തമുഖത്ത് എങ്ങനെയാണ് ഇടപെടേണ്ടത് എന്നതു സംബന്ധിച്ച് കർണ്ണാടക സർക്കാറിനോ അവിടുത്തെ ഉദ്യോഗസ്ഥ സംവിധാനത്തിനോ യാതൊരു ധാരണയും ഇല്ല എന്നതിന്റെ വ്യക്തമായ തെളിവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചിരുന്നു എങ്കിൽ ഒരിക്കലും, മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇത്രയും നീളുമായിരുന്നില്ല. മനുഷ്യജീവന്റെ വിലയറിയാത്ത പെരുമാറ്റമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരിൽ നിന്നും ഭരണകൂടത്തിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഏറ്റവും ഒടുവിൽ രക്ഷാ ദൗത്യത്തിൽ പങ്കെടുത്ത മലയാളികൾക്ക് പൊലീസിന്റെ മർദ്ദനവും ഏറ്റുവാങ്ങേണ്ടിയിരിക്കുകയാണ്. സ്ഥലത്ത് നിന്നും മലയാളികൾ മാറണമെന്നാവശ്യപ്പെട്ടാണ് രക്ഷാപ്രവർത്തനത്തിന് മുന്നിൽനിൽക്കുന്ന രഞ്ജിത് ഇസ്രയേൽ അടക്കമുള്ളവരെ ഒരു പൊലിസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ മർദ്ദിച്ചിരിക്കുന്നത്.
കർണ്ണാടകയിലെ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി നിന്ന സമയത്ത് മലയാളികളായിരുന്നു രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ടായിരുന്നത്. അവരോടാണ് മാറിപ്പോകാനാവശ്യപ്പെട്ട് പൊലീസ് മർദ്ദിച്ചത്. മിലിട്ടറിക്ക് അസൗകര്യമാകുകയാണെന്ന് പറഞ്ഞാണ് പൊലീസ് ഞങ്ങളെ മാറ്റിയതെന്നാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്ന ലോറി ഉടമ മനാഫ് പറയുന്നത്. രക്ഷാപ്രവർത്തനത്തിന് 150 ഓളം മലയാളികളുണ്ടെന്നും മനാഫ് വ്യക്തമാക്കിയിട്ടുണ്ട്.
98 ശതമാനം മണ്ണും നീക്കി കഴിഞ്ഞെന്നും ലോറി അവിടെ എവിടെയും ഇല്ലെന്നും പറഞ്ഞ് രംഗത്തുവന്ന കർണ്ണാടക റവന്യൂ മന്ത്രിയുടെ വാദം കഴിഞ്ഞദിവസം രാത്രി തന്നെ പൊളിഞ്ഞിരുന്നു. ധാരാളം മണ്ണ് ഇനിയും നീക്കാൻ ഉണ്ടെന്നിരിക്കെ മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് അവിടെ ഉണ്ടായിരുന്ന കാണാതായ അർജുന്റെ ബന്ധുക്കളും മറ്റു രക്ഷാപ്രവർത്തകരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ നിലപാട് തന്നെയാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മലയാളി മാധ്യമ പ്രവർത്തകരും പറഞ്ഞിരുന്നത്. അതേസമയം, കാണാതായ അർജുന്റെ ലോറി കരയിൽ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. ഡീപ്പ് സെർച്ച് മെറ്റൽ ഡിറ്റക്ടറിൽ നിന്ന് നദീതീരത്ത് ലോഹസാന്നിധ്യത്തിന്റെ ഒരു സിഗ്നൽ കൂടി ലഭിച്ചിട്ടുണ്ട്. നിലവിൽ സിഗ്നൽ ലഭിച്ച സ്ഥലത്ത് മണ്ണ് നീക്കി പരിശോധന തുടരുകയാണ്.
ഈ സംഭവങ്ങളെല്ലാം തന്നെ കേരളത്തിൽ ഉൾപ്പെടെ വലിയ വാർത്തയായത്, കോൺഗ്രസ്സ് നേതൃത്വത്തിനും തലവേദനയായിരിക്കുകയാണ്. കർണ്ണാടക ഭരിക്കുന്നത് കോൺഗ്രസ്സ് സർക്കാർ ആയതിനാൽ കേരളത്തിലും കോൺഗ്രസ്സ് നേതൃത്വത്തിന് മറുപടി പറയേണ്ട സാഹചര്യമാണുള്ളത്. മണ്ണിടിച്ചിലുണ്ടായി അർജുൻ സഞ്ചരിച്ച ലോറി അപകടത്തിൽപ്പെട്ട് ഒരാഴ്ച ആയിട്ടും ഒരുതുമ്പും കിട്ടാതിരുന്നതിന് പിന്നിൽ കർണ്ണാടക സർക്കാറിന്റെ അനാസ്ഥയാണെന്ന വിമർശനമാണ് കോൺഗ്രസ്സ് നേരിടുന്നത്. വിഷയത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉൾപ്പെടെ നേരിട്ട് ഇടപെട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. കരയിലും പുഴയിലും ശക്തമായ തിരച്ചിൽ നടത്താൻ അപകടം നടന്ന ഉടനെ തന്നെ സൈന്യത്തെ വിളിക്കണമായിരുന്നു എന്ന അഭിപ്രായമാണ് വിദഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിലാണ് കർണ്ണാടക സർക്കാറിന് പിഴവ് പറ്റിയിരിക്കുന്നത്. മാത്രമല്ല, അപകടസ്ഥലത്ത് എത്തിയ സന്നദ്ധ പ്രവർത്തകരെ മർദ്ദിച്ചതും സർക്കാരിനെതിരായ വികാരം ശക്തമാകാൻ കാരണമായിട്ടുണ്ട്. ഇപ്പോൾ മഞ്ചേശ്വരം എം.എൽ.എയും കോഴിക്കോട് എം.പി യും എല്ലാം കർണ്ണാടകയിൽ ഉണ്ടെങ്കിലും ഇതെല്ലാം തന്നെ രാഷ്ട്രീയ സ്റ്റണ്ടായാണ് സോഷ്യൽ മീഡിയയും വിലയിരുത്തുന്നത്. കോൺഗ്രസ്സിന്റെയും ലീഗിന്റെയും ജനപ്രതിനിധികൾ കർണ്ണാടകയിൽ പോയി തമ്പടിക്കുന്നതിന് പകരം അവർ ഭരിക്കുന്ന സർക്കാരിനെ കൊണ്ട് അപകടം നടന്ന ഉടനെ നടപടി എടുപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്ന വിമർശനമാണ് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ നേരിടുന്നത്.
ദുരന്തമുഖത്തെ പ്രവർത്തന ഏകോപനത്തിൽ, കർണാടക സർക്കാർ പൂർണ പരാജയമാണ് എന്ന അഭിപ്രായം ഇവിടുത്തെ കോൺഗ്രസ്സുകാർക്കിടയിൽ പോലും ഉണ്ട്. 16ന് കൊടുത്ത പരാതിക്ക് എഫ്ഐആർ ഇട്ടത് പോലും 19ന് ആണ്, അർജുനെ കാണാനില്ലെന്ന വിവരം അറിഞ്ഞില്ലായിരുന്നു എന്നാണ് കർണാടക പൊലീസ് ഇതിന് നൽകിയ വിശദീകരണം. തിരച്ചിലിനായി കൊണ്ടുവന്ന റഡാറിന്റെ മുന്നിൽ നിന്ന് സെൽഫി എടുത്ത കാർവാർ എസ്പിയുടെ നടപടിയും കർണ്ണാടക സർക്കാരിന് തിരിച്ചടിയായിട്ടുണ്ട്. സംസ്ഥാന സർക്കാർ വൈകി ആവശ്യപ്പെട്ടത് മൂലം സൈന്യത്തിനു പോലും ഇറങ്ങാനായത് ഞായറാഴ്ചയാണ്. രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാൻ സാധിക്കാതെ വരുമ്പോൾ അയൽ സംസ്ഥാനങ്ങളുടെ സഹായം തേടാമായിരുന്നിട്ടുകൂടി കർണ്ണാടക സർക്കാർ അതിനുപോലും ശ്രമിച്ചിരുന്നില്ലെന്ന വിമർശനവും വ്യാപകമാണ്. കേരളം ദുരന്തമുഖത്ത് എങ്ങനെയാണ് പ്രവർത്തിക്കാറുള്ളത് എന്ന് ചൂണ്ടിക്കാട്ടിയുളള താരതമ്യങ്ങൾ ശക്തമാകുമ്പോൾ കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തെയാണ് അർജുന്റെ തിരോധാനം ഇപ്പോൾ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
EXPRESS VIEWS