കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി കൊടുത്തിരുന്നെന്ന് വെളിപ്പെടുത്തി നടന്‍ ടൊവിനോ തോമസ്. ‘ഞാന്‍ കമ്മിറ്റിയോട് സംസാരിച്ചിട്ടുണ്ട്. മലയാള സിനിമാ മേഖലയെ മാത്രം ലക്ഷ്യം വച്ചുകൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണിത്. അതുകൊണ്ടാണ് മലയാള സിനിമ ലോകത്ത് നടക്കുന്ന കാര്യങ്ങളെ പറ്റി മാത്രം നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. ഇത്തരമൊരു കമ്മിറ്റി സിനിമയല്ലാതെ മറ്റേതെങ്കിലും മേഖലയെ അടിസ്ഥാനമാക്കി പഠനം നടത്തുകയാണെങ്കില്‍, ഇതുപോലുള്ള സംഭവങ്ങള്‍ ലോകത്ത് എല്ലായിടത്തും നടക്കുന്നതാണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും’ ടൊവിനോ പറഞ്ഞു.
പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നുവെന്നും സിനിമാ മേഖലയെ മുഴുവന്‍ തിന്മകളുടെ കേന്ദ്രമായി പ്രേക്ഷകര്‍ കാണരുതെന്നും ടൊവിനോ പറഞ്ഞു.