CMDRF

പുതിയ ഉല്പന്നങ്ങളുമായി വിപണിയില്‍; ആപ്പിള്‍

പുതിയ ഉല്പന്നങ്ങളുമായി വിപണിയില്‍; ആപ്പിള്‍
പുതിയ ഉല്പന്നങ്ങളുമായി വിപണിയില്‍; ആപ്പിള്‍

പ്പിളിന്റെ വാര്‍ഷിക വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ജൂണില്‍ നടക്കാനിരിക്കെ പുതിയ ഒരു കൂട്ടം ഉല്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഐപാഡ് പ്രോ, ഐപാഡ് എയര്‍, പെന്‍സില്‍ പ്രോ, മാജിക് കീബോര്‍ഡ് എന്നിവയ്‌ക്കൊപ്പം പുതിയ എം 4 പ്രൊസസറും കമ്പനി അവതരിപ്പിച്ചു. ഇതിന് മുമ്പ് 2022 ലാണ് ഐപാഡുകള്‍ അവതരിപ്പിച്ചത്. 2023 ല്‍ പുതിയ ഐപാഡ് മോഡലുകളൊന്നും ഉണ്ടായിരുന്നില്ല. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമ്പനി പുതിയ ഐപാഡുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. അതു സുപ്രധാനമായ ചില അപ്‌ഗ്രേഡുകളോടെ. 11 ഇഞ്ച്, 13 ഇഞ്ച് മോഡലുകളാണ് പുതിയ ഐപാഡുകള്‍ക്കുള്ളത്. ആപ്പിള്‍ ഇതുവരെ പുറത്തിറക്കിയ ഉപകരണങ്ങളില്‍ ഏറ്റവും കനം കുറഞ്ഞ ഉല്പന്നങ്ങളാണിവയെന്ന് കമ്പനി അവകാശപ്പെടുന്നു. 5.1 എംഎം കനമുള്ള ഐപാഡ് പ്രോ ഐപോഡ് നാനോയേക്കാള്‍ കനം കുറവാണ്. ടാന്‍ഡെം ഒഎല്‍ഇഡി എന്ന പേരില്‍ പുതിയ സാങ്കേതിക വിദ്യയിലുള്ള ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഐപാഡ് പ്രോയുടെ 13 ഇഞ്ച് വേര്‍ഷനില്‍ ഉപയോഗിച്ചിരിക്കുന്നത്. അള്‍ട്ര റെറ്റിന എക്‌സ്ഡിആര്‍ എന്ന ബ്രാന്‍ഡിങിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. എം2 ചിപ്പിനേക്കാള്‍ നാലിരട്ടി വേഗമുള്ളതാണ് എം4 ചിപ്പ്. പുതിയ ന്യൂറല്‍ എഞ്ചിനും സിപിയു മെഷീന്‍ ലേണിങ് ആക്‌സിലറേറ്ററുകളുമുള്ള എം4 ചിപ്പ് ആപ്പിളിന്റെ എഐ ഫീച്ചറുകള്‍ക്ക് അനുയോജ്യമാവും. രണ്ട് ടിബി വരെ സ്റ്റോറേജ് ഓപ്ഷനുകളുണ്ട്. നാല് സ്പീക്കറുകള്‍, തണ്ടര്‍ ബോള്‍ട്ട് യുഎസ്ബി 4, ലിഡാര്‍ സ്‌കാനര്‍, അഡാപ്റ്റീവ് ട്രൂ ടോണ്‍ ഫ്‌ളാഷ്, ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.

ഐപാഡ് പ്രോയുടെ ക്യാമറകളും പരിഷ്‌കരിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ പകര്‍ത്താനും ഡോക്യുമെന്റ് സ്‌കാനിങ് ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണിത്. സെല്‍ഫി ക്യാമറ ലാന്റ് സ്‌കേപ്പ് എഡ്ജിലേക്ക് മാറ്റിയിട്ടുണ്ട്. പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ ഫേസ് ടൈം കോളുകള്‍ക്കും ഇത് ഉപകരിക്കും. 11 ഇഞ്ച് ഐപാഡ് പ്രോയ്ക്ക് 99900 രൂപയും 13 ഇഞ്ച് മോഡലിന് 129900 രൂപയും ആണ് വില. രണ്ട് കളര്‍ വേരിയന്റുകളിലെത്തുന്ന ഐപാഡ് പ്രോ മോഡലുകള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം. അടുത്തയാഴ്ച മുതല്‍ വിപണിയിലെത്തും ഐപാഡ് എയര്‍ ആണ് ആപ്പിള്‍ ലെറ്റ് ലൂസ് പരിപാടിയില്‍ ആദ്യം പരിചയപ്പെടുത്തിയത്. മിഡ് റേഞ്ചില്‍ വരുന്ന ഐപാഡ് എയറിനും 13 ഇഞ്ച്, 11 ഇഞ്ച് മോഡലുകളാണുള്ളത്. ആദ്യമായാണ് എയര്‍ പതിപ്പിന് വലിയ സ്‌ക്രീനുള്ള മോഡല്‍ അവതരിപ്പിക്കുന്നത്. ഐപാഡ് എയര്‍ മോഡലുകളില്‍ എം2 ചിപ്പ് ആണ് നല്‍കിയിരിക്കുന്നത്. 12 എംപി ഫ്രണ്ട് ക്യാമറ ലാന്റ് സ്‌കേപ് എഡ്ജിലേക്ക് മാറ്റിയിട്ടുണ്ട്. നീല, പര്‍പ്പിള്‍ ഗോള്‍ഡ്, ഗ്രേ എന്നീ നാല് നിറങ്ങളിലാണ് ഇത് വിപണിയിലെത്തുക. 128 ജിബി മുതല്‍ 1 ടിബി വരെ സ്റ്റോറേജ് ഓപ്ഷനുകള്‍ ലഭ്യമാണ്. 12 എംപി തന്നെയാണ് റിയര്‍ ക്യാമറ. മാജിക് കീബോര്‍ഡ് പിന്തുണയ്ക്കും. എം1 ചിപ്പുള്ള ഐപാഡ് എയറിനേക്കാള്‍ 50 ശതമാനം വേഗമേറിയതും എ12 ബയോണിക് ചിപ്പുള്ള ഐപാഡ് എയറിനേക്കാള്‍ മൂന്നിരട്ടി വേഗമുള്ളതുമാണ് പുതിയ എം2 ഐപാഡ് എയര്‍ എന്ന് കമ്പനി പറയുന്നു. 74900 രൂപയിലാണ് 11 ഇഞ്ച് മോഡലിന്റെ വില ആരംഭിക്കുന്നത്. 79900 രൂപയിലാണ് 13 ഇഞ്ചിന്റെ വില തുടങ്ങുന്നത്.

പരിഷ്‌കരിച്ച മാജിക് കീബോര്‍ഡും ആപ്പിള്‍ അവതരിപ്പിച്ചു. ഇത് ഐപാഡ് പ്രോയെ ഒരു ലാപ്‌ടോപ്പിന് സമാനമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രാപ്തമാക്കുന്നു. അലൂമിനിയത്തില്‍ നിര്‍മിതമായ പുതിയ മാജിക് കീബോര്‍ഡിന് വലിയ ട്രാക്ക് പാഡും ഒരു ഫങ്ഷന്‍ റോയുമുണ്ട്. 11 ഇഞ്ച് വേര്‍ഷന് 27900 രൂപയും, 13 ഇഞ്ച് മോഡലിന് 31900 രൂപയുമാണ് വില. അതുകൂടാതെ ആപ്പിള്‍ പെന്‍സിന്റെ പുതിയ പതിപ്പും ചൊവ്വാഴ്ച അവതരിപ്പിച്ചു. ഹാപ്റ്റിക് ഫീഡ്ബാക്ക് സംവിധാനവും, ഫൈന്റ് മൈ ഫീച്ചറും ഉള്‍പ്പടെ പുതിയ അപ്‌ഗ്രേഡുകളോടെയാണ് ആപ്പിള്‍ പെന്‍സില്‍ പ്രോ അവതരിപ്പിച്ചിരിക്കുന്നത്. ഫൈന്റ് മൈ ഫീച്ചര്‍ ഉള്ളതിനാല്‍ നഷ്ടപ്പെട്ട പെന്‍സില്‍ ആപ്പിള്‍ ഫൈന്റ് മൈ സംവിധാനത്തിന്റെ സഹായത്തോടെ കണ്ടെത്താന്‍ സാധിക്കും. ഏറ്റവും പുതിയ ഐപാഡ് എയര്‍, പ്രോ മോഡലുകളില്‍ മാത്രമേ പെന്‍സില്‍ പ്രോ പ്രവര്‍ത്തിക്കൂ. 11900 രൂപയാണ് ഇതിന് വില.

Top