ഇനി എല്ലാ കണ്ണുകളും ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിലേക്കാണ്. യു.ഡി.എഫിനും ഇടതുപക്ഷത്തിനും മാത്രമല്ല ബി.ജെ.പിക്കും ഏറെ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. സംസ്ഥാന രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകാന്‍ പോകുന്നതും ഈ തിരഞ്ഞെടുപ്പുകളില്‍ ആയിരിക്കും. ലോകസഭ തിരഞ്ഞെടുപ്പില്‍ 20-ല്‍ 18 സീറ്റിലും വിജയിച്ച യുഡിഎഫിന് സിറ്റിംഗ് സീറ്റായ പാലക്കാട് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വന്‍ തിരിച്ചടിയാകും. 2026-ലെ അവരുടെ പ്രതീക്ഷകളെയും ഇത്തരം ഒരു തിരിച്ചടിയുണ്ടായാല്‍ അത് ബാധിക്കും. അതേസമയം, 2021 -ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാമത് എത്തിയ ബി.ജെപി ഇത്തവണ പാലക്കാട് അട്ടിമറി വിജയം നേടാന്‍ കഴിയുമെന്ന വലിയ പ്രതീക്ഷയില്‍ ഇതിനകം തന്നെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ 54,079 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ മെട്രോമാന്‍ ശ്രീധരന് 50,220 വോട്ടുകളാണ് ലഭിച്ചിരുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ സി.പി പ്രമോദിനാകട്ടെ 36,433 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു. ജനകീയനായ ഷാഫി പറമ്പില്‍ മത്സരിച്ചിട്ടും 3859 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് യുഡിഎഫിന് ലഭിച്ചിരിക്കുന്നത്.
ബി.ജെ.പി വിജയിക്കുമെന്ന ആശങ്കയില്‍ സിപിഎമ്മിന്റെ ധാരാളം കേഡര്‍ വോട്ടുകള്‍ അവസാന നിമിഷം കോണ്‍ഗ്രസ്സിന്റെ പെട്ടിയിലാണ് വീണിരുന്നത്. അതുകൊണ്ട് മാത്രമാണ് ഷാഫി പറമ്പിലിന് വിജയിക്കാന്‍ കഴിഞ്ഞതെന്നാണ് ബി.ജെ.പി നേതൃത്വവും വിലയിരുത്തുന്നത്. എന്നാല്‍, ഇത്തവണ ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത് എന്നതിനാല്‍ ഈ നിലപാട് സ്വീകരിക്കാന്‍ സി.പി.എമ്മിന് എന്തായാലും കഴിയുകയില്ല ബി.ജെ.പിക്ക് എതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ്സിനെ ചാമ്പ്യന്മാരാക്കുന്ന നിലപാട് സ്വീകരിച്ചാല്‍ അത് ഇടതുപക്ഷത്തിന്റെ നിലവിലെ വോട്ട് ബാങ്കിനെ പോലും സാരമായി ബാധിച്ചേക്കും. തിരഞ്ഞെടുപ്പിന് ശേഷം ഇവിടെ ലഭിക്കുന്ന വോട്ടുകളാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുക എന്നതിനാല്‍ കൃത്യമായ രാഷ്ട്രീയ നിലപാട് പാലക്കാടും സി.പി.എമ്മിന് സ്വീകരിക്കണ്ടി വരും. മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ പാലക്കാട്ട് നിര്‍ത്തി പരമാവധി വോട്ടുകള്‍ ശേഖരിക്കാനാണ് അവര്‍ ശ്രമിക്കുക. ഷാഫി മത്സരിക്കാത്ത തിരഞ്ഞെടുപ്പില്‍ ഇത് കോണ്‍ഗ്രസ്സിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. കോണ്‍ഗ്രസ്സ് സിറ്റിംഗ് സീറ്റായ തൃശൂര്‍ പിടിച്ചെടുത്ത ബി.ജെ.പി കോണ്‍ഗ്രസ്സിന്റെ മറ്റൊരു സിറ്റിംഗ് സീറ്റായ പാലക്കാട് പിടിച്ചെടുത്താല്‍ അത് രാഷ്ട്രീയമായി ഏറെ തിരിച്ചടിയുണ്ടാക്കുക യു.ഡി.എഫിനാണ്. ഇതോടെ കോണ്‍ഗ്രസ്സ് മാത്രമല്ല മുസ്ലീംലീഗും ശരിക്കും പ്രതിരോധത്തിലായി പോകും. കോണ്‍ഗ്രസ്സാണ് കേരളത്തിലും ബി.ജെ.പിയെ വളര്‍ത്തുന്നതെന്ന പ്രചരണം അഴിച്ചുവിടാനും അതുവഴി 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വലിയ രൂപത്തില്‍ പ്രതിരോധത്തിലാക്കാനും പാലക്കാട് ബി.ജെ.പി വിജയിച്ചാല്‍ ഇടതുപക്ഷത്തിന് കഴിയും.
പാലക്കാട്ടെ അവസ്ഥ ഇതാണെങ്കില്‍ ചുവപ്പ് കോട്ടയായ ചേലക്കരയില്‍ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ഇടതുപക്ഷം തോല്‍ക്കണമെങ്കില്‍ സി.പി.എം അനുഭാവികള്‍ തോല്‍പ്പിക്കണം. അതല്ലാതെ ഈ മണ്ഡലം പിടിച്ചെടുക്കാന്‍ യു.ഡി.എഫിനും ബി.ജെ.പിക്കും കഴിയുകയില്ല.
2021-ല്‍ 39,400 വോട്ടുകള്‍ക്ക് കെ രാധാകൃഷ്ണന്‍ വിജയിച്ച ചേലക്കരയില്‍ ഈ കൂറ്റന്‍ ഭൂരിപക്ഷം ഇത്തവണ ലഭിച്ചാലും ഇല്ലെങ്കിലും വിജയിക്കുക എന്നത് സിപിഎമ്മിന്റെ നിലനില്‍പ്പിനു തന്നെ അനിവാര്യമാണ്. ഇത്തവണ ഇവിടെ ബിജെപി പിടിക്കുന്ന വോട്ടുകളും നിര്‍ണ്ണായകമാകും. ചേലക്കര ഉള്‍പ്പെട്ട ആലത്തൂര്‍ ലോകസഭ മണ്ഡലത്തില്‍ ഇത്തവണ ബി.ജെ.പി ഉണ്ടാക്കിയിരിക്കുന്നത് വലിയ വോട്ട് വര്‍ദ്ധനവാണ്. സിപിഎം വോട്ടുകള്‍ ബിജെപി പിടിച്ചാല്‍ ചേലക്കരയില്‍ വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം കരുതുന്നത്. രമ്യ ഹരിദാസിനെ മുന്‍നിര്‍ത്തി അതിന് അനുസരിച്ചുള്ള സ്ട്രാറ്റര്‍ജിയാണ് കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറാക്കുന്നത്.
രാഷ്ട്രീയമായി സി.പി.എമ്മിന് ഏറ്റവും ശക്തിയുള്ള ജില്ലയാണ് പാലക്കാട്. എന്നാല്‍, പഴയ ആ പ്രതാപത്തിന് മറ്റ് ജില്ലകളിലെ പോലെ തന്നെ ഇപ്പോള്‍ ഇടിവ് വന്ന് തുടങ്ങിയിട്ടുണ്ട്. അതിന് പ്രധാന കാരണം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തിയും, നേതൃത്വത്തിന്റെ ധിക്കാരപരമായ നിലപാടുകളുമാണ്. ആര്‍.എസ്.എസിനെയും, ബി. ജെ.പിയെയും ശത്രുസ്ഥാനത്ത് കണ്ട് അമ്പലപ്പറമ്പില്‍ കണ്ടാല്‍ പോലും മുഖം തിരിച്ച് പോകുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ബി.ജെ.പി ദേശീയ നേതാവായ പ്രകാശ് ജാവദേക്കറും, ഇ.പി ജയരാജനും തമ്മിലുള്ള കൂടിക്കാഴ്ച ശരിക്കും പൊള്ളിച്ചിട്ടുണ്ട്. വെറുതെ പോയപ്പോള്‍ വീട്ടില്‍ കയറിയതാണ് എന്ന ഇപിയുടെ വിശദീകരണമൊന്നും അവര്‍ മുഖവിലയ്ക്ക് പോലും എടുക്കുന്നില്ല. ബി.ജെ.പിയുടെ ഒരു വാര്‍ഡ് പ്രസിഡന്റ് പോലും ക്ഷണിക്കാതെ സി.പി.എം നേതാക്കളുടെ വീട്ടിലേക്ക് വരില്ലെന്നിരിക്കെ, മുന്‍ കേന്ദ്രമന്ത്രി കൂടിയായ പ്രകാശ് ജാവദേക്കര്‍ മുന്നറിയിപ്പില്ലാതെ വന്നു എന്നു പറഞ്ഞാല്‍ മറ്റാര് വിശ്വസിച്ചാലും സി.പി.എം പ്രവര്‍ത്തകര്‍ വിശ്വസിക്കില്ലെന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. സി.പി.എം കാലാകാലങ്ങളായി കെട്ടിപ്പൊക്കിയ സംഘപരിവാറിനെതിരായ വന്‍ മതിലാണ് ആ ഒരൊറ്റ കൂടിക്കാഴ്ചയിലൂടെ തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്.
ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ ശിക്ഷ നല്‍കുന്ന സംഘടനാ രീതിയാണ് സി.പി.എമ്മിന്റേത് എന്നിരിക്കെ പാര്‍ട്ടിയെ ആകെ പ്രതിസന്ധിയിലാക്കിയ ഈ നേതാവിന് എതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്ന ചോദ്യം ചേലക്കരയിലെ ഇടതുപക്ഷ മനസ്സുകളും ഇപ്പോള്‍ ഉയര്‍ത്തുന്നുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഏറ്റവും ശക്തമായി ഉന്നയിക്കാന്‍ പോകുന്ന പ്രചരണ വിഷയവും ഇതുതന്നെ ആയിരിക്കും. അത് ഉപതിരഞ്ഞെടുപ്പിനെ സ്വാധീനിച്ചാല്‍ ഇടതുപക്ഷത്തിന്റെ സകല കണക്കുകൂട്ടലുകളും തെറ്റും.
അടുത്ത കാലത്തായി സംഘപരിവാറിനോടുള്ള കടുത്ത നിലപാടില്‍ നിന്നും സി.പി.എം ഏറെ പിറകോട്ട് പോയിട്ടുണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മികച്ചവര്‍ എന്ന സര്‍ട്ടിഫിക്കറ്റ് വരെ നല്‍കുന്ന സാഹചര്യവും ഇത്തവണയുണ്ടായി. ഇ.പിയെ പോലുള്ള നേതാക്കളുടെ ഇത്തരം സമീപനങ്ങള്‍ മുതലെടുത്ത് ഇടതുപക്ഷ വോട്ട് ബാങ്കില്‍ തെറ്റിധാരണ പടര്‍ത്തി മുതലെടുത്തത് ബി.ജെ.പിയാണ്.
പിണറായി സര്‍ക്കാര്‍ നവോത്ഥാന സമിതി അദ്ധ്യക്ഷനായി വാഴിച്ച എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിന്റെ സംഘടനയിലെ ഒരു വിഭാഗവും കിട്ടിയ അവസരത്തില്‍ സി.പി.എമ്മിനെ പിന്നില്‍ നിന്നുംകുത്തി ബി.ജെ.പിയെയാണ് സഹായിച്ചിരിക്കുന്നത്. ഇതെല്ലാം തന്നെ ബി.ജെ.പിക്ക് ഗുണം ചെയ്തതു കൊണ്ടാണ് 20 ശതമാനം വോട്ടുകള്‍ അവര്‍ക്ക് നേടാന്‍ സാധിച്ചിരിക്കുന്നത്. ചേലക്കര ഉള്‍പ്പെടുന്ന ആലത്തൂര്‍ ലോകസഭ മണ്ഡലത്തില്‍ പോലും ബി.ജെ.പിക്ക് വോട്ട് വര്‍ദ്ധനവ് ഉണ്ടായത് സി.പി.എം വോട്ട് ബാങ്കില്‍ ശരിക്കും വിള്ളല്‍ വീണത് കൊണ്ടാണ്. ഇത് അപകടമായി കണ്ട് തിരുത്തുമെന്ന് പറഞ്ഞവര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാറായിട്ട് പോലും തിരുത്തിയിട്ടില്ല. ഉപതിരഞ്ഞെടുപ്പിലും സംസ്ഥാനത്തെ ഇടതുപക്ഷത്തെ നയിക്കാന്‍ പോകുന്നത് കണ്‍വീനറായ ഇപി ജയരാജന്‍ തന്നെയാണ്. ഇത് ഇടതുപക്ഷ അനുഭാവികളെ പ്രകോപിപ്പിക്കുന്ന നീക്കമായി അവര്‍ കണ്ടാല്‍ അതിന്റെ പ്രത്യാഘാതവും ഗുരുതരമായിരിക്കും.
മരിക്കുമ്പോള്‍ കമ്യൂണിസ്റ്റായി മരിക്കണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്ന അനവധി കമ്യൂണിസ്റ്റ് അനുഭാവികള്‍ ഉള്ള മണ്ഡലമാണ് ചേലക്കര. യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ എന്ന് വിളിക്കാന്‍ പറ്റുന്ന സാധാരണക്കാരാണിവര്‍. കേരളത്തെ ഇന്നത്തെ കേരളമാക്കുന്നതിനും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കും വേണ്ടി ഈ മണ്ണില്‍ കമ്യൂണിസ്റ്റുകള്‍ നടത്തിയ പോരാട്ടങ്ങളും ത്യാഗങ്ങളും എല്ലാം ഇപ്പോഴും കെടാത്ത കനലായി ഈ പാവങ്ങള്‍ മനസ്സില്‍കൊണ്ട് നടക്കുന്നുണ്ട്. ചെങ്കൊടിക്ക് അപ്പുറം ഒരു ലോകമില്ലാത്ത ഈ പാവങ്ങളാണ് ചേലക്കരയുടെ വിധിയും നിര്‍ണ്ണയിക്കാന്‍ പോകുന്നത്. അതാകട്ടെ വ്യക്തവുമാണ്.
EXPRESS VIEW