പെരിയാര്‍ നദിയില്‍ വീണ്ടും മീനുകള്‍ ചത്തു പൊങ്ങി. രാവിലെ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ നാട്ടുകാരാണ് മീനുകള്‍ ചത്തുപൊങ്ങി കിടക്കുന്നത് കണ്ടത്. ചൂര്‍ണിക്കര ഇടമുള പാലത്തിന്റെ സമീപത്താണ് മീനുകള്‍ ചത്തുപൊങ്ങിയത്. ചത്തവയില്‍ കരിമീന്‍ ഉള്‍പ്പെടെ മീനുകള്‍ ഉണ്ട്. പുഴയിലെ വെള്ളത്തിന് നിറം മാറ്റവും രൂക്ഷഗന്ധവും ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാസമാലിന്യം കലര്‍ന്നതാണോ മീനുകള്‍ ചാകാന്‍ കാരണമെന്ന് പരിശോധനയിലേ വ്യക്തമാകൂ.
ചിത്രപ്പുഴയിലും പെരിയാറിലും വ്യാപകമായാണ് മീനുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചത്തുപൊങ്ങിയത്. മത്സ്യക്കുരുതിയില്‍ മലനീകരണ നിയന്ത്രണ ബോര്‍ഡിന് വീഴ്ച സംഭവിച്ചതായാണ് ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി പ്രത്യേക നീരീക്ഷണ സംവിധാനം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുഫോസിന്റെയും മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും കണ്ടെത്തെലുകള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ജില്ലകളക്ടര്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി.
അതേസമയം മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം കലര്‍ന്നതല്ല എന്ന കണ്ടെത്തല്‍ ആവര്‍ത്തിക്കുകയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്.നദിയില്‍ മാലിന്യം ഒഴുക്കിയ എ കെ കെമിക്കല്‍സ്, അര്‍ജുന നാച്ചുറല്‍സ് എന്നീ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കും.