കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വടകരയില്‍ അധിക സേനയെ വിന്യസിക്കുമെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. ഏത് സാഹചര്യം നേരിടാനും ക്യൂആര്‍ടി സംഘം സജ്ജമാണെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. വിജയാഹ്‌ളാദം ഏഴുമണിക്ക് അവസാനിപ്പിയ്ക്കാനാണ് നിലവിലെ ധാരണ. കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങള്‍ പ്രശ്നബാധിത പ്രദേശങ്ങളാണ്. ഇവിടങ്ങളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും. സ്ഥാനാര്‍ഥിക്ക് ഒഴികെ വാഹന ജാഥയ്ക്ക് അനുമതിയില്ല.
നേരത്തെ വോട്ടെണ്ണലിനു ശേഷമുള്ള ആഹ്‌ളാദ പ്രകടനങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ജൂണ്‍ നാലിന് രാത്രി ഒമ്പതിനു മുന്‍പായി രാഷ്ടീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ആഹ്‌ളാദ പ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. യാതൊരുതരത്തിലുമുള്ള അനിഷ്ട സംഭവവും ഇല്ലാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ പൊലീസിന്റെ നേതൃത്വത്തില്‍ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു.