തിരുവനന്തപുരം: വര്‍ക്കലയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറിയശേഷം മാല കവര്‍ന്നു. വര്‍ക്കല പന്തുവിള വള്ളൂര്‍ വീട്ടില്‍ ഓമനയുടെ(60) മാലയാണ് കവര്‍ന്നത്. തിങ്കളാഴ്ച രാവിലെ 5.45-നാണ് സംഭവം.വീടിന്റെ വാതില്‍ പുറത്തുനിന്ന് കൊളുത്തിട്ടശേഷം പുറത്തുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെയായിരുന്നു പര്‍ദ ധരിച്ചെത്തിയ മോഷ്ടാവ് അവരുടെ കണ്ണില്‍ മുളകുപൊടി വിതറിയത്. തുടര്‍ന്ന്, ഓമന നിലവിളിച്ചെങ്കിലും വാതില്‍ കൊളുത്ത് ഇട്ടിരുന്നതിനാല്‍ വീട്ടുകാര്‍ക്ക് പുറത്തേക്കിറങ്ങാനായില്ല.
അവര്‍ മാലയില്‍ പിടിമുറക്കിയതോടെ മൂന്ന് പവന്റെ താലിമാലയുടെ മുക്കാല്‍ ഭാഗവും ബലപ്രയോഗത്തിലൂടെ പൊട്ടിച്ചെടുത്ത ശേഷം മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. നല്ല ഉയരമുള്ള വ്യക്തിയാണ് മോഷ്ടാവ് എന്നാണ് പരാതിയില്‍ പറയുന്നത്. ചുറ്റുമതിലില്ലാത്ത വീടായതിനാല്‍ മോഷ്ടാവിന് വേഗത്തില്‍ രക്ഷപ്പെടാനായി. സംഭവത്തില്‍ വര്‍ക്കല പോലീസ് കേസെടുത്ത് അന്യോഷണം ആരംഭിച്ചു.