ക്ഷീരോല്‍പ്പന്ന വിതരണക്കാരായ അമൂലിന് ലോകത്തിലെ ഏറ്റവും ശക്തമായ ഫുഡ് ബ്രാന്‍ഡെന്ന പദവി. അമുലിന്റെ ബ്രാന്‍ഡ് മൂല്യം 2023 ല്‍ നിന്ന് 11 ശതമാനം വര്‍ധിച്ചതോടെയാണ് ഈ നേട്ടം കരസ്ഥമാക്കാനായത്. ആഗോള ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഏറ്റവും പുതിയ റാങ്കിംഗില്‍ 3.3 ബില്യണ്‍ ഡോളറാണ് അമൂലിന്റെ ബ്രാന്‍ഡ് മൂല്യം. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് അമൂല്‍ ഈ നേട്ടം നിലനിര്‍ത്തുന്നത്. ഇന്ത്യന്‍ വെണ്ണ വിപണിയുടെ 85 ശതമാനം വിഹിതവും ചീസിന്റെ 66 ശതമാനം വിപണി വിഹിതവും അമൂലിന്റെ പക്കലാണ് . ഇതാണ് അമൂലിന്റെ പ്രധാന കരുത്ത്. 2022-23 ല്‍, അമുല്‍ അതിന്റെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയായ 72,000 കോടി രൂപ എന്ന നേട്ടം കൈവരിച്ചിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 18.5 ശതമാനം ആണ് വര്‍ധന.