ഭരണമാറ്റം മുന്നിൽകണ്ട് കോൺഗ്രസ്സിൽ ഗ്രൂപ്പ് പോരും ശക്തമാവുന്നു, ചരടുവലിക്കുന്നത് മുഖ്യമന്ത്രി സ്ഥാന മോഹികൾ !

ഭരണമാറ്റം മുന്നിൽകണ്ട് കോൺഗ്രസ്സിൽ ഗ്രൂപ്പ് പോരും ശക്തമാവുന്നു, ചരടുവലിക്കുന്നത് മുഖ്യമന്ത്രി സ്ഥാന മോഹികൾ !

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും രണ്ട് വർഷം ബാക്കിയുണ്ടെങ്കിലും, കോൺഗ്രസ്സിൽ ഇപ്പോൾ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളാണ് ഉയർന്നു വരുന്നത്. കെ മുരളീധരനും കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരനും നയിക്കുന്ന പുതിയ ഗ്രൂപ്പ് ഇതിനകം തന്നെ ഉദയം ചെയ്തു കഴിഞ്ഞു. വി.ഡി സതീശനും, രമേശ് ചെന്നിത്തലയും അവരുടെ ഗ്രൂപ്പുകൾ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ സംഘടനാ സംവിധാനമുള്ള എ ഗ്രൂപ്പ് ആകട്ടെ നാഥനില്ലാത്ത അവസ്ഥയിലാണ് നിലവിലുള്ളത്. എ ഗ്രൂപ്പിൻ്റെ നെടുംതൂണുകളായിരുന്ന ഷാഫി പറമ്പിലും, ടി സിദ്ധിഖും നിലവിൽ കെ.സി വേണുഗോപാലിൻ്റെ ഗ്രൂപ്പിലാണ് ഉള്ളത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ, കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായി ലാൻഡ് ചെയ്യുമെന്നാണ് കെ.സി ഗ്രൂപ്പ് കരുതുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹൈബി ഈഡനും താൽപ്പര്യമുണ്ട്. കെ.സിയും ഹൈബിയും നിലവിൽ ലോകസഭ അംഗങ്ങളായതിനാൽ ഇവർക്ക് മത്സരിക്കണമെങ്കിൽ ഹൈക്കമാൻ്റിൻ്റെ പ്രത്യേക അനുമതി ആവശ്യമാണ്. നിലവിൽ രാജ്യസഭ അംഗമായ ജെബി മേത്തർക്കും സംസഥാന രാഷ്ട്രീയത്തിലാണ് കൂടുതൽ താൽപ്പര്യം. യു.ഡി.എഫിന് ഭരണം ലഭിച്ചാൽ മന്ത്രി സ്ഥാനമാണ് ഇവരും ലക്ഷ്യമിടുന്നത്. പാലക്കാട് ജില്ലയിൽ നിന്നും വി.ടി ബൽറാം, കൊല്ലത്ത് നിന്നും പി.സി വിഷ്ണുനാഥ്, വയനാട്ടിൽ നിന്നും ടി. സിദ്ധിഖ്, മലപ്പുറം ജില്ലയിൽ നിന്നും ആര്യാടൻ ഷൗക്കത്ത്, എറണാകുളത്തു നിന്നുള്ള മാത്യു കുഴൽ നാടൻ, റോജി എം ജോൺ, തുടങ്ങിയവരെല്ലാം ഇനി മത്സരിക്കാൻ പോകുന്നത് മന്ത്രിസ്ഥാനം കൂടി മുന്നിൽ കണ്ടായിരിക്കും. സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന രമ്യാ ഹരിദാസിനും, യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മന്ത്രിപദവി ലഭിക്കാനുള്ള സാധ്യത വളരെകൂടുതലാണ്. ഇവർക്കെല്ലാം തന്നെ, വിവിധ ഗ്രൂപ്പുകളുടെ പിൻബലവും ശക്തമായിട്ടുണ്ട്.

എ ഗ്രൂപ്പിൽ കെ.സി ജോസഫും ബെന്നി ബെഹന്നാനും ഉൾപ്പെടെ ഉണ്ടെങ്കിലും ഗ്രൂപ്പിന് പൊതു സ്വീകാര്യൻ നിലവിൽ പി.സി വിഷ്ണുനാഥാണ്. പ്രതിപക്ഷ നേതാവായ വി.ഡി സതീശനും, കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരനും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മുതലെടുക്കാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്.

പാർട്ടിയിൽ സീനിയറായ തനിക്ക് തന്നെ, യു.ഡി.എഫ് അധികാരത്തിൽ വന്നാൽ, മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയാണ് ചെന്നിത്തലയ്ക്ക് ഉള്ളത്. ഇത്തരം ഘട്ടങ്ങളിൽ എം.എൽ.എമാരുടെ പിന്തുണയും ഏറെ നിർണ്ണായകമാകും. വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണു ഗോപാൽ എന്നിവരാണ് യു.ഡി.എഫിൽ മുഖ്യമന്ത്രി പദ മോഹികൾ. ഇവർ തമ്മിലുള്ള ഉടക്ക് ശക്തമായാൽ കെ മുരളീധരൻ്റെ പേര് സുധാകരൻ തന്നെ മുന്നോട്ട് വയ്ക്കാനും സാധ്യതയുണ്ട്. അതിനുള്ള അണിയറ നീക്കങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്.

ലോകസഭ തിരഞ്ഞെടുപ്പിലെ മിന്നും വിജയം യു.ഡി.എഫ് അണികളെയും നിലവിൽ സജീവമാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിലനിർത്തുകയും, ചേലക്കരയിൽ മുന്നേറാനും കഴിഞ്ഞാൽ അടുത്ത ഭരണം ഉറപ്പിക്കാമെന്നാണ് കോൺഗ്രസ്സ് നേതൃത്വവും കരുതുന്നത്.

ലോകസഭ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലമായ വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ മാത്രമാണ് അവർക്ക് സംശയമുള്ളത്. വയനാട്ടിലെ പ്രചരണ പ്രവർത്തനങ്ങൾ കെ.പി.സി.സി വർക്കിങ് പ്രസിഡൻ്റ് ടി.സിദ്ധിഖിൻ്റെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുക. ഇതു സംബന്ധമായി നേരിട്ടുള്ള ഇടപെടലാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ കെ.സി വേണുഗോപാൽ നടത്തുന്നത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുക എന്നത് കെ.സിയുടെ കൂടി താൽപ്പര്യമാണ്. ഇതുവഴി 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിന് പ്രിയങ്കയുടെ കൂടി പിന്തുണ ഉറപ്പാക്കുകയാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം. കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീഷനും, രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കളും, വയനാടിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തും. ഇവിടെ കോൺഗ്രസ്സ് സ്ഥാനാർത്ഥി വിജയിക്കുക എന്നതിൽ ഉപരി പ്രിയങ്കയുടെയും രാഹുൽ ഗാന്ധിയുടെയും പ്രീതി പിടിച്ചു പറ്റുക തന്നെയാണ് ഇവരുടെയും ലക്ഷ്യം.

രാഹുൽ ഗാന്ധിയേക്കാൾ കൂടുതൽ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് ലഭിക്കുമെന്ന ഉറപ്പ്, മുസ്ലീം ലീഗ് നേതൃത്വവും കോൺഗ്രസ്സ് നേതൃത്വത്തിന് നൽകിയിട്ടുണ്ട്. അതു കൊണ്ട് കൂടിയാണ് വയനാട്ടിൻ്റെ കാര്യത്തിൽ കോൺഗ്രസ്സ് നേതൃത്വത്തിന് നിലവിൽ ആശങ്കകളില്ലാത്തത്.

എന്നാൽ, പാലക്കാട്ടെയും ചേലക്കരയിലെയും അവസ്ഥ അതല്ല. ഷാഫി പറമ്പിൽ മത്സരിക്കാത്ത തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ പാലക്കാട്ടെ ഫലം എന്താകുമെന്ന കാര്യത്തിൽ നല്ല ആശങ്ക കോൺഗ്രസ്സ് നേതൃത്വത്തിനുണ്ട്. അതിനാൽ ശക്തനായ സ്ഥാനാർത്ഥി തന്നെ പാലക്കാട്ട് മത്സരിക്കണമെന്നതാണ് പൊതു വികാരം. മുൻ എം.എൽ.എയും, എ.ഐ.സി.സി അംഗവുമായ വി.ടി ബൽറാം, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, മുൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ ഡോ. പി.സരിൻ എന്നിവരാണ് നിലവിൽ നേതൃത്വത്തിൻ്റെ പരിഗണനയിൽ ഉള്ളത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നത് ആര് തന്നെ ആയാലും, അവർക്കു തന്നെ ആയിരിക്കും 2026-ലെ പൊതു തിരഞ്ഞെടുപ്പിലും മത്സരിക്കാൻ അവസരം ലഭിക്കുക.

രണ്ടു തവണ തൃത്താല മണ്ഡലത്തെ പ്രതിനിധീകരിച്ച വി.ടി ബൽറാമിന്, 2021- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം നേതാവ് എം.ബി രാജേഷിനു മുന്നിലാണ് കാലിടറിയിരുന്നത്.

ഇടതുപക്ഷ കോട്ടയായ ചേലക്കരയിൽ, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ, രമ്യ ഹരിദാസിന് അട്ടിമറി വിജയം നേടാൻ കഴിയുമെന്നാണ് കോൺഗ്രസ്സ് നേതൃത്വം കരുതുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി പ്രൊഫ. സരസു ഇരട്ടിയിലേറെയായി വോട്ടുകൾ വർദ്ധിപ്പിച്ചില്ലായിരുന്നുവെങ്കിൽ, രമ്യ ഹരിദാസ് നിഷ്പ്രയാസം വിജയിക്കുമായിരുന്നു എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇപ്പോൾ കോൺഗ്രസ്സിൻ്റെ പ്രതീക്ഷയും ഏറെയാണ്. ചേലക്കരയിൽ സി.പി.എമ്മിനെ വീഴ്ത്താൻ കഴിഞ്ഞാൽ, 2026-ൽ കോൺഗ്രസ്സിന് ഭരണമാറ്റം ഉറപ്പിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ഉപതിരഞ്ഞെടുപ്പിന് മുൻപ് തന്നെ സി.പി.എം നേതൃത്വം, പൊതു സമൂഹത്തിനും പാർട്ടി അണികൾക്കും… അനുഭാവികൾക്കും ബോധ്യപ്പെടുന്ന രൂപത്തിൽ തെറ്റുതിരുത്തൽ നടപടിയിലേക്ക് കടന്നില്ലെങ്കിൽ ചേലക്കര ഇടതുപക്ഷത്തിന് വലിയ അഗ്നിപരീക്ഷണമായി മാറും. ചുവപ്പു കോട്ടയായ ചേലക്കരയിൽ ഇടതുപക്ഷത്തിന് കാലിടറിയാൽ, അതിന് അർത്ഥം, സി.പി.എം അനുഭാവികൾ തന്നെ പാർട്ടിയെ കൈവിട്ടു എന്നു തന്നെയാണ്. അത്തരമൊരു സാഹചര്യത്തിൽ ലോകസഭ തിരഞ്ഞെടുപ്പിലെ തോൽവിയെ ന്യായീകരിച്ചതു പോലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ന്യായീകരിച്ചു നിൽക്കാൻ പാർട്ടിക്ക് കഴിയുകയില്ല. അതിൻ്റെ പ്രത്യാഘാതമാവട്ടെ സംസ്ഥാന വ്യാപകമായി ഉണ്ടാവുകയും ചെയ്യും.

2019-ലെ ലോകസഭ തിരഞ്ഞെടുപ്പിൽ, ചേലക്കര നിയമസഭാ മണ്ഡലത്തിൽ ലീഡ് നേടിയിരുന്നതും രമ്യഹരിദാസായിരുന്നു. ചേലക്കരയിലും പാലക്കാട്ടും ശക്തമായ ത്രികോണ മത്സരമാണ് നടക്കാൻ പോകുന്നത്. പാലക്കാട് അട്ടിമറി വിജയം നേടാൻ ബി.ജെ.പിയും പരമാവധി ശ്രമിക്കും. ഷാഫി പറമ്പിൽ പോലും കഷ്ടിച്ചാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നത്. 3,859 വോട്ടുകൾ മാത്രമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്ന ഭൂരിപക്ഷം.

ഷാഫി പറമ്പിൽ 54,079 വോട്ടുകൾ നേടിയപ്പോൾ, ബി.ജെ.പി സ്ഥാനാർത്ഥിയായ മെട്രോമാൻ ശ്രീധരന് 50,220 വോട്ടുകളാണ് ലഭിച്ചിരുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായ സി.പി.എമ്മിലെ സി.പി പ്രമോദിനാകട്ടെ, 36,433 വോട്ടുകൾ നേടി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു.

2021-ൽ 39,400 വോട്ടുകൾക്ക് കെ രാധാകൃഷ്ണൻ വിജയിച്ച ചേലക്കരയിൽ, ഈ കൂറ്റൻ ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും, വിജയിക്കുക എന്നത്… സി.പി.എമ്മിൻ്റെ നിലനിൽപ്പിനു തന്നെ അനിവാര്യമാണ്. ഇത്തവണ ഇവിടെ ബി.ജെ.പി പിടിക്കുന്ന വോട്ടുകളും നിർണ്ണായകമായിരിക്കും.

EXPRESS VIEW

Top