അറ്റ്‌ലാന്റ: വിജയത്തുടക്കവുമായി കോപ്പ അമേരിക്കയിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന. കാനഡയെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തിയത്. ജൂലിയൻ അൽവാരസും ലൗട്ടാറോ മാർട്ടിനസുമാണ് ഗോളടിച്ചത്. ആദ്യ കോപ്പ അമേരിക്ക ടൂർണമെന്റിനെത്തിയ കാനഡ ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് മെസ്സിപ്പടയുടെ മുന്നേറ്റം. മെസ്സിയടക്കമുള്ള അർജന്റീന താരങ്ങൾ നിരവധി അവസരങ്ങളാണ് തുലച്ചത്.
നിലവിലെ ചാമ്പ്യൻമാർ കൂടിയായ അർജന്റീനയെ വിറപ്പിച്ചാണ് കാനഡ തുടങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കാനഡ ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടു. പന്തടക്കത്തിലും ആദ്യ മിനിറ്റുകളിൽ കാനഡയാണ് മുന്നിട്ടുനിന്നത്. എന്നാൽ 9-ാം മിനിറ്റിൽ അർജന്റീനയ്ക്ക് മുന്നിലെത്താനുള്ള അവസരം ലഭിച്ചു. കാനഡയുടെ കോർണറിനൊടുക്കം ലഭിച്ച പന്തുമായി മുന്നേറിയ ഡി മരിയയ്ക്ക് പക്ഷേ അവസരം മുതലാക്കാനായില്ല. ഡി മരിയയുടെ ഷോട്ട് കാനഡ ഗോൾകീപ്പർ സേവ് ചെയ്തു.
മെസ്സിയും ഡി മരിയയും വലതുവിങ്ങിൽ നിന്ന് ചെറിയ മുന്നേറ്റങ്ങൾ നടത്തിയതൊഴിച്ചാൽ അർജന്റീനയ്ക്ക് കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. മറുവശത്ത് കാനഡ അർജന്റീനയുടെ നീക്കങ്ങളെ കൃത്യമായി പ്രതിരോധിക്കുകയും അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുകയും ചെയ്തു. 39-ാം മിനിറ്റിൽ മാക് അലിസ്റ്ററുടെ ഹെഡർ കനേഡിയൻ ഗോളി മാക്‌സിം ക്രപ്യു തട്ടിയകറ്റി. 42-ാം മിനിറ്റിൽ കാനഡ അർജന്റൈൻ ഗോൾമുഖം വിറപ്പിച്ചു. ഗോളെന്നുറച്ച സ്‌റ്റെഫാൻ എസ്റ്റക്യുവിന്റെ ഹെഡർ ഉഗ്രൻ സേവിലൂടെ തട്ടിയകറ്റി അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് രക്ഷകനായി. റീബൗണ്ടിൽ അൽഫോൺസോ ഡേവിസ് ഷോട്ടുതിർത്തെങ്കിലും പന്ത് ബാറിന് പുറത്തുപോയി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജൂലിയൻ അൽവാരസ് അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു. അതോടെ ആദ്യ പകുതി ഗോൾരഹിതമായാണ് അവസാനിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അർജന്റീന മുന്നിലെത്തി. 49-ാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് ലക്ഷ്യം കണ്ടത്. വലതുവിങ്ങിൽ നിന്ന് മെസ്സി നൽകിയ ത്രൂബോളിലൂടെയാണ് ഗോൾ പിറന്നത്. പന്ത് ലഭിച്ച മാക് അലിസ്റ്റർ കാനഡ ഗോളിയെ വെട്ടിയൊഴിഞ്ഞ് അൽവാരസിന് കൈമാറി. അൽവാരസ് അനായാസം വലകുലുക്കി. പിന്നാലെ അർജന്റീന നിരനിരയായി ആക്രമണങ്ങൾ തുടർന്നു. 65-ാം മിനിറ്റിൽ മെസ്സി സുവർണാവസരം നഷ്ടപ്പെടുത്തി. എമിലിയാനോ നൽകിയ പന്ത് മെസ്സിക്ക് ലഭിക്കുമ്പോൾ മുന്നിൽ കനേഡിയൻ ഗോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മെസ്സിയുടെ ഷോട്ട് ഗോൾ കീപ്പർ തട്ടിയകറ്റി. റീബൗണ്ട് വന്ന പന്ത് മെസ്സിക്ക് കിട്ടിയെങ്കിലും താരത്തിന്റെ ഷോട്ട് ഓടിയെത്തിയ ഡിഫെൻഡർ തടഞ്ഞു.
പിന്നാലെ തിരിച്ചടിക്കാൻ കാനഡ മുന്നേറ്റങ്ങൾ ശക്തമാക്കി.അതോടെ മത്സരം കടുത്തു. 79-ാം മിനിറ്റിൽ വീണ്ടും മെസ്സി കിട്ടിയ അവസരം പാഴാക്കി. ഗോളി മാത്രം മുന്നിൽ നിൽക്കേ ഇക്കുറിയും അർജന്റീന നായകന് പിഴച്ചു. പകരക്കാരനായെത്തിയ ലൗട്ടാറോ മാർട്ടിനസിന്റെ ഷോട്ടും തട്ടിയകറ്റി കാനഡ ഗോൾകീപ്പർ മികച്ചുനിന്നു. 88-ാം മിനിറ്റിൽ അർജന്റീന രണ്ടാം ഗോൾ കണ്ടെത്തി. മെസ്സിയുടെ അസിസ്റ്റിൽ ലൗട്ടാറോ മാർട്ടിനസ് വലകുലുക്കിയതോടെ ലോകചാമ്പ്യൻമാർ വിജയത്തോടെ മടങ്ങി.