തിരുവനന്തപുരം: ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും നൽകുന്ന ഉത്സവബത്തയിൽ വർദ്ധനവ്. 7000 രൂപയാണ് ഉത്സവ ബത്തയായി വിതരണം ചെയ്യുക. പെൻഷൻകാർക്ക് 2500 രൂപയും അനുവദിച്ചു. കഴിഞ്ഞ വർഷം ജീവനക്കാർക്ക് 6000 രൂപയും പെൻഷൻകാർക്ക് 2000 രൂപയും ആയിരുന്നു നൽകിയിരുന്നത്. ഏജന്റുമാരും വിൽപ്പനക്കാരും അടക്കം 35000 പേരാണ് സംസ്ഥാനത്ത് ഉള്ളത്. 26.67 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
അതുപോലെ ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.
Also read: സംസ്ഥാന സർക്കാർ ജീവനക്കാർക്കും ബോണസ് പ്രഖ്യാപിച്ചു
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ,- സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക