കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻകുതിപ്പ്. പവന് വില 840 രൂപ ഉയർന്ന് 53,360 രൂപയിലെത്തി. ഗ്രാമിന്റെ വില 105 രൂപ വർദ്ധിച്ച് 6,670 രൂപയിലെത്തി. അമേരിക്കയിലെ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമായതോടെ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്കുകൾ കുത്തനെ കുറച്ചേക്കുമെന്ന പ്രതീക്ഷയിൽ വെള്ളിയാഴ്ച രാജ്യാന്തര സ്വർണ വില റെക്കാഡ് വർദ്ധന രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം പശ്ചിമേഷ്യയിലെയും ഉക്രെയിനിലെയും രാഷ്ട്രീയ സംഘർഷങ്ങൾ മൂർച്ഛിച്ചതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ വാങ്ങൽ താത്പര്യം വർദ്ധിപ്പിച്ചു.
ലണ്ടൻ വിപണിയിൽ സ്വർണ വില ചരിത്രത്തിലാദ്യമായി ഔൺസിന് 2,518 ഡോളർ വരെ ഉയർന്ന വില ലാഭമെടുപ്പ് ശക്തമായതോടെ 2,500 ഡോളറിലേക്ക് താഴ്ന്നു. അമേരിക്കയിൽ പലിശ കുറയുമ്പോൾ കടപ്പത്രങ്ങൾ, ഡോളർ എന്നിവയുടെ മൂല്യം കുറയുമെന്നതിനാലാണ് നിക്ഷേപകർ സ്വർണത്തിലേക്ക് മാറിയത്. കഴിഞ്ഞ മാസം ബഡ്‌ജറ്റിൽ കസ്‌റ്റംസ് തീരുവ കുറച്ചതിനെ തുടർന്ന് സ്വർണ വില പവന് ഒരവസരത്തിൽ 50,400 രൂപ വരെ താഴ്‌ന്നിരുന്നു. ഇതിനു ശേഷം ഇതുവരെ പവൻ വിലയിൽ 2,960 രൂപയുടെ വർദ്ധനയുണ്ടായി. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും അമേരിക്കയിൽ പലിശ കുറയ്ക്കാനുള്ള സാദ്ധ്യതകളും ഇന്ത്യയിൽ സ്വർണ വില വീണ്ടും കൂടാനിടയാക്കും