അബുദാബി: ജൂലൈ ഒന്നുമുതൽ ദമാൻ ആരോഗ്യ ഇൻഷുറൻസ് ഉടമകളുടെ നിരക്കിൽ വർധനയുണ്ടാകും. നിരക്ക് വർധിക്കുമെങ്കിലും ഇൻഷുറൻസ് കാർഡ് സേവനം അബൂദബിയിലെ മുൻനിര ആരോഗ്യ കേന്ദ്രങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
സ്വദേശികൾ സ്പോൺസർ ചെയ്യുന്ന 60 വയസ്സിൽ താഴെ പ്രായമുള്ള ഗാർഹിക തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് തുക 600 ദിർഹമിൽനിന്ന് 750 ദിർഹമായി ഉയർത്തും. മറ്റ് വിഭാഗങ്ങളിലെ അടിസ്ഥാന പ്ലാനിലും നിരക്ക് വ്യത്യാസം വരുത്തിയതായാണ് പ്രഖ്യാപനം. അതേസമയം, ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ഇൻഷുറൻസ് ബില്ലിന് പുറമേ കാർഡ് ഉടമകൾ നൽകേണ്ട തുകയിലും വർധനയുണ്ടാകുമെന്നാണ് വിവരം. രോഗനിർണയ സേവനങ്ങളും ലബോറട്ടറി പരിശോധനകൾക്കും നിലവിൽ കാർഡ് ഉടമകൾ 10 ദിർഹവും 20 ദിർഹവുമൊക്കെയാണ് നൽകേണ്ടിവരുന്നത്.
പുതിയ തീരുമാനത്തോടെ പരമാവധി 20 ശതമാനം കോ പേമെൻറ് വർധനയുണ്ടാവും. പരമാവധി 50 ദിർഹംവരെ ഓരോ ആശുപത്രി സന്ദർശനത്തിലും ഈടാക്കുമെന്നാണ് അറിയിപ്പ്. 30 ശതമാനം കോപേമെൻറ് ഫീസോടെ പ്രതിവർഷം 1500 ദിർഹമാണ് മെഡിക്കൽ കവറേജ് ഉണ്ടാവുക. അബൂദബി, അൽ ഐൻ, അൽ ധഫ്ര മേഖലയിൽ 1250ലേറെ ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ ആരോഗ്യ ഇൻഷുറൻസ് സേവനം ലഭ്യമാണ്.