മഞ്ഞപ്പിത്തവും ഹെപ്പറ്റൈറ്റിസും വര്‍ധിക്കുന്നു; വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പ്രധാനം

മഞ്ഞപ്പിത്തവും ഹെപ്പറ്റൈറ്റിസും വര്‍ധിക്കുന്നു; വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പ്രധാനം
മഞ്ഞപ്പിത്തവും ഹെപ്പറ്റൈറ്റിസും വര്‍ധിക്കുന്നു; വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പ്രധാനം

കൊച്ചി: കേരളത്തില്‍ മഞ്ഞപ്പിത്തരോഗികള്‍ വര്‍ധിക്കുന്നു. മലപ്പുറത്തെ വേങ്ങര പഞ്ചായത്തില്‍ 2 പേര്‍ മരിക്കുകയും 40 ഓളം പേര്‍ ആശുപത്രിയിലാവുകയും 178 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ജില്ലയില്‍ 4000ത്തോളം ഹെപ്പറ്റൈറ്റിസ് എ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം മരിച്ച 2 പേര്‍ ഉള്‍പ്പെടെ 5 മാസത്തിനിടയില്‍ എട്ടു പേര്‍ ജില്ലയില്‍ മരിച്ചു. വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ് എ പടരുന്നത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുകയാണ് രോഗം വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍. മലിനജലത്തിലൂടെ രോഗവാഹികളായ വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചതാണ് വേങ്ങൂരിലെ രോഗബാധയ്ക്കു കാരണമെന്നാണ് നിഗമനം.

മഞ്ഞപ്പിത്ത ബാധയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതിന് 2 ആഴ്ച മുമ്പു വരെ രോഗിയുടെ മലത്തില്‍ ഹെപ്പറ്റിറ്റിസ് എയുടെ സാന്നിധ്യമുണ്ടാകും. രോഗലക്ഷണം പ്രകടിപ്പിച്ചു കഴിഞ്ഞ് ഒരാഴ്ചയോ അതിലധികമോ വൈറസ് സാന്നിധ്യമുണ്ടാകാം. അതേസമയം ചില വ്യക്തികളുടെ മലത്തില്‍, രോഗലക്ഷണങ്ങളൊക്കെ പൂര്‍ണമായി മാറിക്കഴിഞ്ഞാലും ആഴ്ചകളോളം വൈറസിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. ഇത് ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടു നില്‍ക്കും. മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാന്‍ രോഗബാധിതര്‍ കൈകള്‍ വൃത്തിയായി കഴുകുന്നതുള്‍പ്പെടെ വ്യക്തിശുചിത്വം നന്നായി പാലിക്കേണ്ടതുണ്ട്. കണ്ണിനകവും തൊലിപ്പുറവും മഞ്ഞനിറത്തിലാകുന്ന അവസ്ഥയാണ് മഞ്ഞപ്പിത്തം. മഞ്ഞ നിറമുള്ള ബിലിറൂബിന്‍ നമ്മുടെ കോശങ്ങളില്‍ അടിയുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പല കാരണങ്ങളാല്‍ രക്തത്തില്‍ ബിലിറൂബിന്റെ അളവ് ഉയരാനിടയുണ്ട്.

ഗുരുതരമായ കരള്‍ രോഗവുമായി ബന്ധപ്പെടുത്തിയാണ് പലരും മഞ്ഞപ്പിത്തത്തെ കാണുന്നത്. രക്തത്തില്‍ ബിലിറൂബിന്റെ അളവ് പല കാരണങ്ങള്‍ക്കൊണ്ടും ഉയരാം. ചിലരില്‍ അത് ഒട്ടും പ്രശ്‌നമുണ്ടാക്കില്ല, ചിലരില്‍ ചെറിയ കുഴപ്പങ്ങളും മറ്റു ചിലരില്‍ ഗുരുതരവുമാകാം. എന്താണ് മഞ്ഞപ്പിത്തത്തിനു കാരണമായത് എന്നു കണ്ടുപിടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഉദാഹരണത്തിന്, ലിവര്‍ സിറോസിസ് ഉള്ള രോഗികളില്‍ ബിലിറൂബിന്‍ അളവ് ഉയരുന്നത് കരളിന്റെ പ്രവര്‍ത്തനം തകരാറിലായതുകൊണ്ടാകാം. എന്നാല്‍ മറ്റു ചില അവസ്ഥകളില്‍ ബിലിറൂബിന്‍ ഉയരുന്നത് ഇതുമൂലം ആകണം എന്നില്ല.

കരളിനുണ്ടാകുന്ന വീക്കം എന്നു ഹെപ്പറ്റൈറ്റിസിനെ പറയാം. വൈറസ് ബാധ മൂലവും മദ്യത്തിന്റെ അമിതോപയോഗം ഉള്‍പ്പെടെയുള്ള ഒട്ടേറെ കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം. വൈറസ് ബാധ മൂലമുള്ളതിനെ വൈറല്‍ ഹെപ്പറ്റൈറ്റിസ് എന്നു വിളിക്കുന്നു. എ, ബി, സി എന്നിങ്ങനെ മൂന്നു വിധത്തിലുള്ള വൈറല്‍ ഹെപ്പറ്റൈറ്റിസ് ആണ് പ്രധാനമായും കണ്ടു വരുന്നത്. ഇതില്‍ ഹെപ്പറ്റൈറ്റിസ് എ ആണ് കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പടരുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുന്ന ഇടങ്ങളില്‍ ഇതുണ്ടാകാം. വായിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസ് കരളിലെത്തുന്നു. വലിയ തോതില്‍ ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിച്ച ആളുകളുടെ പിത്തനാളിയില്‍ ഈ വൈറസ് വലിയ തോതിലുണ്ടാകും. ഇത് അവരുടെ കുടല്‍മാലയിലൂടെ കടന്ന് വിസര്‍ജനത്തിലൂടെ പുറത്തെത്തും. ഈ മലം വെള്ളത്തില്‍ കലരുകയും അതുവഴി മറ്റുള്ളവരുടെ ഉള്ളിലെത്തുകയും ചെയ്താല്‍ അവരും രോഗബാധിതരാകും.
ഭക്ഷണ പദാര്‍ഥങ്ങള്‍ തുറന്നു വയ്ക്കരുത്. കുടിവെള്ളം തിളപ്പിച്ചുപയോഗിക്കുന്നത് വൈറസ് ബാധ ഒഴിവാക്കും. മനുഷ്യ ശരീരത്തിനു പുറത്ത് ഒരു മാസത്തിലേറെ വൈറസിനു ജീവിക്കാനാകുമെന്നതും ശ്രദ്ധിക്കണം. ഭക്ഷണമുണ്ടാക്കുന്ന പാത്രങ്ങളിലും വൃത്തിഹീനമായ വസ്തുക്കളിലുമൊക്കെ ഇതുണ്ടാകും. എന്നാല്‍ ഉമിനീരിലൂടെ ഈ വൈറസ് പടരില്ല.

ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് വൈറസിനെ നശിപ്പിക്കാന്‍ ശേഷിയുള്ളതുകൊണ്ട് സാധാരണ ഗതിയില്‍ ഇത്തരം മരുന്നുകളുടെ ആവശ്യമില്ല. എന്നാല്‍ ഓര്‍ക്കുക, അശാസ്ത്രീയമായ, അനാവശ്യമായ മരുന്നുപയോഗം കരളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചേക്കാം.


ഏതാനും ചിലരില്‍ മഞ്ഞപ്പിത്തം ഏറെ നാള്‍ നീണ്ടു നിന്നേക്കാം. ലിവര്‍ സിറോസിസ് ഉള്ളവരിലോ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരിലോ ചിലപ്പോള്‍ രോഗം ഗുരുതരമാകുകയും അപൂര്‍വമായി മരണം സംഭവിക്കാറുമുണ്ട്. ചെറുപ്പക്കാരിലാണ് ഹെപ്പറ്റൈറ്റിസ് എ കൂടുതലായും ബാധിക്കുന്നത്. പലപ്പോഴും അപകടം വരുത്തി വയ്ക്കുന്നത് രോഗനിര്‍ണയം നടത്താതെതന്നെ തങ്ങളുടെ മഞ്ഞപ്പിത്തം നിസ്സാരമാണ് എന്ന് ആളുകള്‍ സ്വയം തീരുമാനിക്കുമ്പോഴാണ്. മഞ്ഞപ്പിത്തത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

Top