CMDRF

ചെന്നൈ ടെസ്റ്റിൽ ബംഗ്ലാദേശിന് മുന്നിൽ വിജയലക്ഷ്യവുമായി ഇന്ത്യ

രണ്ട് സിക്സുകളുമായി ഗില്‍ അര്‍ധസെഞ്ചുറി തികച്ചെങ്കിലും ഗില്ലിനെ പിന്നിലെത്തി ആദ്യം സെഞ്ചുറി തികച്ചത് പന്തായിരുന്നു

ചെന്നൈ ടെസ്റ്റിൽ ബംഗ്ലാദേശിന് മുന്നിൽ വിജയലക്ഷ്യവുമായി ഇന്ത്യ
ചെന്നൈ ടെസ്റ്റിൽ ബംഗ്ലാദേശിന് മുന്നിൽ വിജയലക്ഷ്യവുമായി ഇന്ത്യ

ചെന്നൈ: ബംഗ്ലാദേശിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 514 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്ത് രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. സെഞ്ചുറികളുമായി തിളങ്ങിയ ശുഭ്മാന്‍ ഗില്ലിന്‍റെയും(119*) റിഷഭ് പന്തിന്‍റെയും(109) ബാറ്റിംഗ് മികവിലാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ അതിവേഗം സ്കോറുയര്‍ത്തി ബംഗ്ലാദേശിന് മുന്നില്‍ ഹിമാലയന്‍ വിജയക്ഷ്യം മുന്നോട്ടുവെച്ചത്. 19 പന്തില്‍ 22 റണ്‍സുമായി കെ എല്‍ രാഹുല്‍ ഗില്ലിനൊപ്പം പുറത്താകാതെ നിന്നു.

രണ്ട് വര്‍ഷം മുമ്പുണ്ടായ കാര്‍ അപകടത്തിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തിയശേഷമുള്ള ആദ്യ ടെസ്റ്റില്‍ തന്നെ റിഷഭ് പന്ത് സെഞ്ചുറി നേടിയപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായതിന്‍റെ നിരാശ മാറ്റിയ ശുഭ്മാന്‍ ഗില്ലും സെഞ്ചുറിയുമായി ആരാധകരുടെ മനം നിറച്ചു. ഇന്നലെ രാത്രി പെയ്ത മഴമൂലം തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെന്ന് കരുതിയ പിച്ചില്‍ സ്പിന്നര്‍മാരെ കടന്നാക്രമിച്ചായിരുന്നു പന്ത്-ഗില്‍ സഖ്യം മുന്നേറിയത്. പന്തിന് മുമ്പ് രണ്ട് സിക്സുകളുമായി ഗില്‍ അര്‍ധസെഞ്ചുറി തികച്ചെങ്കിലും ഗില്ലിനെ പിന്നിലെത്തി ആദ്യം സെഞ്ചുറി തികച്ചത് പന്തായിരുന്നു. 124 പന്തിലാണ് റിഷഭ് പന്ത് ആറാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയത്. സെഞ്ചുറി നേടിയതിന് പിന്നാലെ പന്ത് പുറത്തായി. മെഹ്ദി ഹസന്‍ മിറാസിനായിരുന്നു വിക്കറ്റ്. 13 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു പന്തിന്‍റെ ഇന്നിംഗ്സ്.

Also Read: ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ അഫ്ഗാനിസ്ഥാന് ചരിത്രവിജയം

പന്ത് പുറത്തായശേഷം ഷാക്കിബ് അല്‍ ഹസനെതിരെ തുടര്‍ച്ചയായ ബൗണ്ടറികളുമായി 97ലെത്തിയ ഗില്‍ 161 പന്തിലാണ് സെഞ്ചുറി തികച്ചത്. 176 പന്തില്‍ 119 റണ്‍സുമായി പുറത്താകാതെ നിന്ന ഗില്‍ 10 ഫോറും നാലു സിക്സും പറത്തി. രാഹുല്‍ നാലു ബൗണ്ടറികളോടെ 22 റണ്‍സുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ മിറാസ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയ ഹസന്‍ മെഹ്മൂദിന് വിക്കറ്റൊന്നും നേടാനായില്ല.

ആദ്യ സെഷനിലെ 28 ഓവറില്‍ 124 റണ്‍സാണ് ഗില്ലും പന്തും ചേര്‍ന്ന് അടിച്ചെടുത്തത്. നേരത്തെ 72 റണ്‍സില്‍ നില്‍ക്കെ ഷാക്കിബിന്‍റെ പന്തില്‍ റിഷഭ് പന്ത് നല്‍കിയ അനായാസ ക്യാച്ച് നജ്മുള്‍ ഹൊസൈൻ ഷാന്‍റോ നിലത്തിട്ടിരുന്നു. ശുഭ്മാന്‍ ഗില്‍ നല്‍കിയ അവസരം തൈജുള്‍ ഇസ്ലാമും കൈവിട്ടിരുന്നു.

Top