നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ 13ല്‍ 10 സീറ്റിലും ഇന്‍ഡ്യാ സഖ്യത്തിന് ലീഡ്

നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ 13ല്‍ 10 സീറ്റിലും ഇന്‍ഡ്യാ സഖ്യത്തിന് ലീഡ്
നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ 13ല്‍ 10 സീറ്റിലും ഇന്‍ഡ്യാ സഖ്യത്തിന് ലീഡ്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ ഏഴ് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിലും ഇന്‍ഡ്യ സഖ്യം മുന്നേറുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 13ല്‍ 10 സീറ്റുകളിലും ഇന്‍ഡ്യ സഖ്യമാണ് മുന്നില്‍. പശ്ചിമബംഗാള്‍, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കാതിരുന്ന ബിജെപിയെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം.

പശ്ചിമബംഗാളിലെ നാല് സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നേറുന്നത്. ബാഗ്ദയില്‍ തൃണമൂലിന്റെ മധുപര്‍ണ താക്കൂര്‍ 12,000ത്തിലേറെ വോട്ടുകള്‍ക്കാണ് മുന്നേറുന്നത്. റാണാഘട്ട്, മണികത്‌ല, റായിഗഞ്ച് മണ്ഡലങ്ങളിലും തൃണമൂല്‍ സ്ഥാനാര്‍ഥികളാണ് ലീഡ് ചെയ്യുന്നത്.

ഉത്തരാഖണ്ഡിലെ മാംഗലൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിസാമുദ്ദീനാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്തെ മറ്റൊരു മണ്ഡലമായ ബദ്രിനാഥിലും കോണ്‍ഗ്രസിന്റെ ലാക്പാത് സിങ് ബുട്ടോലയാണ് മുന്നേറുന്നത്. ഹിമാചല്‍ പ്രദേശിലെ ദേഹ്‌റ മണ്ഡലത്തില്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂറാണ് മുന്നില്‍. നാല്‍ഗാര്‍ഹ് മണ്ഡലത്തിലും കോണ്‍ഗ്രസിനാണ് മുന്നേറ്റം. എന്നാല്‍, ഹാമിപൂരില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്.

പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ് മണ്ഡലത്തില്‍ എഎപിയാണ് ലീഡ് ചെയ്യുന്നത്. ബിഹാറിലെ രുപൗലി മണ്ഡലത്തില്‍ ജെഡിയു സ്ഥാനാര്‍ഥിയും മുന്നേറുന്നുണ്ട്. തമിഴ്‌നാട്ടിലെ വിക്രവാണ്ടിയിലും ഇന്‍ഡ്യ സഖ്യ സ്ഥാനാര്‍ഥിയായ ഡിഎംകെയുടെ അന്നിയൂര്‍ ശിവയാണ് ലീഡ് ചെയ്യുന്നത്. മധ്യപ്രദേശിലെ അമര്‍വാര നിയമസഭ മണ്ഡലത്തില്‍ മൂന്ന് റൗണ്ട് വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ബിജെപിയാണ് മുന്നേറുന്നത്.

Top