ഡൽഹി: ഈമാസം നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ എൻഡിഎ ഘടകക്ഷിയായ ടിഡിപി സ്ഥാനാർഥിയെ നിർത്തിയാൽ ഇന്ത്യാസഖ്യം പിന്തുണയ്ക്കുമെന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്. സ്പീക്കർ പദവിയിൽനിന്ന് ബിജെപിയെ അകറ്റിനിർത്തുകയും എൻഡിഎയിൽ അസ്വാരസ്യം സൃഷ്ടിക്കുകയുമാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
സ്പീക്കർ വിഷയത്തിൽ എൻഡിഎയിലെ പ്രധാന ഘടകകക്ഷികളായ ടിഡിപിക്കും ജെഡിയുവിനും വ്യത്യസ്ത നിലപാടുകളാണ്. ബിജെപി നിർദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്നാണു ജെഡിയു നേതാവ് കെ.സി.ത്യാഗി പറഞ്ഞത്. എന്നാൽ, സ്ഥാനാർഥിയെ എൻഡിഎ ഘടകകക്ഷികൾ ഒരുമിച്ചു തീരുമാനിക്കണമെന്നാണു ടിഡിപിയുടെ പക്ഷം. ബിജെപിയുടെ ഏകപക്ഷീയ തീരുമാനത്തെ അതേപടി പിന്തുണയ്ക്കില്ലെന്നു ചുരുക്കം.
ടിഡിപിയുടെ ഈ നിലപാടിനെ ബിജെപിക്കെതിരെ ഉപയോഗിക്കാനാണു പ്രതിപക്ഷം ലക്ഷ്യമിടുന്നത്. സ്പീക്കർ പദവി ബിജെപിക്കു ലഭിച്ചാൽ സർക്കാരിനെ പിന്തുണയ്ക്കുന്ന ടിഡിപി, ജെഡിയു, എൽജെപി, ആർഎൽഡി എന്നീ പാർട്ടികളെ പിളർത്താനിടയുണ്ടെന്നു സഞ്ജയ് റൗത്ത് പറഞ്ഞു.
വാജ്പേയി സർക്കാരിന്റെ കാലത്ത് ടിഡിപി സ്പീക്കർ പദവി എടുത്തശേഷം സർക്കാരിനു പുറത്തുനിന്നു പിന്തുണ നൽകുകയായിരുന്നു. ഡപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു നൽകിയില്ലെങ്കിൽ ഇന്ത്യാസഖ്യം സ്പീക്കർ സ്ഥാനാർഥിയെ നിർത്തിയേക്കുമെന്നും അഭ്യൂഹമുണ്ട്. ഇക്കാര്യത്തിൽ സഖ്യം നിലപാട് വ്യക്തമാക്കിയിട്ടില്ല.