‘ഭൂപടത്തിലെ ഒരു വര’; ഇന്ത്യ-പാക് വിഭജന വഴിയിൽ ആനയും കുതിരയും വരെ

‘ഭൂപടത്തിലെ ഒരു വര’; ഇന്ത്യ-പാക് വിഭജന വഴിയിൽ ആനയും കുതിരയും വരെ
‘ഭൂപടത്തിലെ ഒരു വര’; ഇന്ത്യ-പാക് വിഭജന വഴിയിൽ ആനയും കുതിരയും വരെ

1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി. ദില്ലിയിലെ പാര്‍ലമെന്റ് ഹൗസിന്റെ നടുത്തളത്തില്‍ ഒരു ഘനഗംഭീര ശബ്ദം മുഴങ്ങി, ‘Long years ago now we made a tryst with destiny…’ എന്ന് തുടങ്ങിയ ആ പാതിരാപ്രസംഗത്തിന് പിന്നാലെ ഇന്ത്യ, ബ്രിട്ടന്റെ നൂറ്റാണ്ടുകള്‍ നീണ്ട കോളനി ഭരണത്തില്‍ നിന്ന് മോചിതമാകുന്നു. ആ സ്വാതന്ത്ര്യലബ്ധിയിലേക്ക് രാജ്യത്തെ സ്വാഗതം ചെയ്ത പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. ആ സ്വാതന്ത്ര്യത്തിന് രാജ്യത്തിന് നല്‍കേണ്ടി വന്ന വില വലുതായിരുന്നു.

ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചതോടെ ഇന്ത്യ എന്ന വിശ്വ മഹാരാജ്യം ഇന്ത്യ, പാകിസ്ഥാന്‍ എന്നിങ്ങനെ രണ്ട് രാജ്യങ്ങളായി ഉടലെടുത്തു. ഇതിനായി നിയോഗിച്ചതാകട്ടെ ബ്രിട്ടീഷ് അഭിഭാഷകനായ സര്‍ സിറില്‍ റാഡ്ക്ലിഫിനെയും. എന്നാല്‍ ഇന്ത്യയെ രണ്ട് രാഷ്ട്രങ്ങളായി വിഭജിക്കാനുള്ള റാഡ്ക്ലിഫിന്റെ തീരുമാനം അദ്ദേഹം കൈക്കൊണ്ടത് ‘ഭൂപടത്തില്‍ ഒരു വര വരച്ചതിന്’ ശേഷമാണെന്ന് ചില ചരിത്ര വിവരണങ്ങള്‍ പറയുന്നു. ഇതോടെ, ഭൂമിശാസ്ത്രപരമായ വിഭജനം പൂര്‍ത്തിയായി. എന്നാല്‍ സൈനിക, സാംസ്‌കാരിക, സമ്പദ് മേഖലകള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ എങ്ങനെ തുല്യമായി വീതിച്ച് നല്‍കും എന്ന സംശയം അവശേഷിച്ചു. ഈ തന്ത്രപരമായ പങ്കുവെക്കല്‍ എങ്ങനെ നടത്തി എന്നതിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം…

ഭൂമിശാസ്ത്രപരമായി, ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍, പഞ്ചാബ് എന്നീ പ്രവിശ്യകളിലാണ് വിഭജനം നടന്നത്. പൂര്‍വ്വബംഗാള്‍, പശ്ചിമബംഗാള്‍ എന്നിങ്ങനെ ബംഗാള്‍ വിഭജിക്കപ്പെടുകയും പൂര്‍വ്വബംഗാള്‍ പാകിസ്ഥാനോടും പശ്ചിമബംഗാള്‍ ഇന്ത്യയോടും ചേര്‍ത്തു. ബ്രിട്ടീഷിന്ത്യയെ ഇന്ത്യന്‍ യൂണിയന്‍ എന്നും പാകിസ്ഥാന്‍ എന്നും വിഭജിച്ചത് ജൂണ്‍ തേഡ് പ്ലാന്‍ അഥവാ മൗണ്ട്ബാറ്റണ്‍ പദ്ധതി അനുസരിച്ചാണ്. 1947 ജൂണ്‍ 3 ന് ഒരു പത്രസമ്മേളനത്തില്‍ വെച്ച് മൗണ്ട് ബാറ്റന്‍ പ്രഭുവാണ് ഇത് പ്രഖ്യാപിച്ചത്.

1947 ജൂണ്‍ 16-ന്, പഞ്ചാബ് വിഭജന സമിതി എന്നറിയപ്പെട്ടിരുന്ന ഒരു കമ്മിറ്റി, ഗവര്‍ണര്‍ ജനറല്‍ ജെങ്കിന്‍സ് ലോര്‍ഡ് മൗണ്ട് ബാറ്റണും മറ്റു നേതാക്കളുമായും ചര്‍ച്ച നടത്തി. സാമ്പത്തിക വിഭജനം, സേനകളുടെ വിഭജനം, മുതിര്‍ന്ന ഭരണപരമായ സേവനങ്ങളുടെ വിഭജനം, തുടങ്ങിയവയായിരുന്നു അതിന്റെ പ്രധാന ലക്ഷ്യം. പിന്നീട് വിഭജന കൗണ്‍സില്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട കമ്മിറ്റിയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സര്‍ദാര്‍ വല്ലഭായ് പട്ടേലും, ഡോ. രാജേന്ദ്ര പ്രസാദും ഉള്‍പ്പെട്ടിരുന്നു. അഖിലേന്ത്യാ മുസ്ലീം ലീഗിനെ പ്രതിനിധീകരിച്ചത് ലിയാഖത്ത് അലി ഖാനും അബ്ദുറബ് നിഷ്താറും നിഷ്താറിന് പകരം മുഹമ്മദ് അലി ജിന്നയെ നിയമിച്ചു.

സൈനിക വഴിയിലെ വിഭജനം

ഇന്ത്യ-പാക് വിഭജനശേഷം കൗണ്‍സിലിന് മുമ്പുള്ള ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് പ്രതിരോധ സേനയുടെ വിഭജനമായിരുന്നു. നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ സേനയുടെ മൂന്നില്‍ രണ്ട് ഭാഗം ഇന്ത്യയില്‍ തുടരാനും, മൂന്നിലൊന്ന് പാകിസ്ഥാനിലേക്ക് അയയ്ക്കാനും തീരുമാനമായി. ഏകദേശം 2,60,000 പുരുഷന്മാര്‍ ഇന്ത്യയില്‍ തുടര്‍ന്നു. ഇതില്‍ ഭൂരിഭാഗവും ഹിന്ദുക്കളും സിഖുകാരുമായിരുന്നു. ഏകദേശം 1,40,000 പുരുഷന്മാര്‍ പാകിസ്ഥാനിലേക്ക് പോയി അവരില്‍ കൂടുതലും മുസ്ലിം വിഭാഗക്കാരുമായിരുന്നു. ഗൂര്‍ഖകളുടെ ബ്രിഗേഡ്, ഇന്ത്യയ്ക്കും ബ്രിട്ടനുമിടയില്‍ വിഭജിക്കപ്പെട്ടു.

പാക്കിസ്ഥാനിലെ 19-ാമത്തെ ലാന്‍സര്‍മാര്‍ അവരുടെ ജാട്ട്, സിഖ് സൈനികരെ ഇന്ത്യയിലെ സ്‌കിന്നേഴ്‌സ് ഹോഴ്‌സില്‍ നിന്ന് മുസ്ലീങ്ങള്‍ക്ക് കൈമാറി. നാഷണല്‍ ആര്‍മി മ്യൂസിയം (NAM) അനുസരിച്ച്, നിരവധി ബ്രിട്ടീഷ് ഉദ്യോഗസ്ഥരും വിഭജനത്തിന്റെ ഭാഗമായി. പാകിസ്ഥാന്റെ ആദ്യത്തെ കരസേനാ മേധാവിയായ ജനറല്‍ സര്‍ ഫ്രാങ്ക് മെസ്സര്‍വി, ഇന്ത്യയുടെ ആദ്യത്തെ കരസേനാ മേധാവിയായ
ജനറല്‍ സര്‍ റോബര്‍ട്ട് ലോക്ക്ഹാര്‍ട്ട് എന്നിവരും വിഭജന പട്ടികയില്‍ ഒടുവിലായി ഭാഗമായവരാണ്.

സാമ്പത്തിക വിഭജനം

ഇരുരാജ്യങ്ങളും തമ്മിലുള്ള സമ്പത്ത് വിഭജിക്കുന്നതായിരുന്നു മറ്റൊരു വലിയ വെല്ലുവിളി. വിഭജന കരാര്‍ പ്രകാരം ബ്രിട്ടീഷ് ഇന്ത്യയുടെ ആസ്തികളുടെയും ബാധ്യതകളുടെയും 17.5 ശതമാനം പാകിസ്ഥാന് ലഭിച്ചു. വിഭജന കൗണ്‍സില്‍, സെന്‍ട്രല്‍ ബാങ്ക് ഇന്ത്യയ്ക്കും പാകിസ്ഥാനും ഒരു വര്‍ഷത്തിലധികം സേവനം നല്‍കാനും തീരുമാനിച്ചു. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) പാകിസ്ഥാന്‍ സര്‍ക്കാരും തമ്മിലുള്ള ബന്ധം വഷളായപ്പോള്‍ ഭിന്നത വേഗത്തിലാക്കി.

1948 മാര്‍ച്ച് 31 വരെ ഇരു രാജ്യങ്ങളും നിലവിലുള്ള നാണയങ്ങളും കറന്‍സികളും ഇന്ത്യയിലും പാകിസ്ഥാനിലും തുടരുമെന്നും വിഭജന കൗണ്‍സില്‍ തീരുമാനിച്ചു. കൂടാതെ, 1948 ഏപ്രില്‍ 1 നും, സെപ്റ്റംബര്‍ 30 നും ഇടയില്‍ പുതിയ നാണയങ്ങളും നോട്ടുകളും അവതരിപ്പിക്കാനും തീരുമാനിച്ചു. പാകിസ്ഥാനില്‍, പഴയ രൂപയും പൈസയും ഉപയോഗിക്കുന്നത് അപ്പോഴും തുടര്‍ന്നു. എന്നാല്‍ വിഭജനത്തിന്റെ ആദ്യ അഞ്ച് വര്‍ഷത്തിന് ശേഷവും, പാകിസ്ഥാന്‍ നാണയങ്ങള്‍ കല്‍ക്കത്തയില്‍ സ്വതന്ത്രമായി പ്രചരിക്കുകയും, ‘ഗവണ്‍മെന്റ് ഓഫ് പാകിസ്ഥാന്‍’ എന്ന് ആലേഖനം ചെയ്ത റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ടുകള്‍ പാകിസ്ഥാനില്‍ പ്രചരിക്കുന്നതും കാണാം.

1947 ആഗസ്ത് 15 ന് ഇന്ത്യ വാഗ്ദാനം ചെയ്തതുപോലെ 20 കോടി രൂപ പാകിസ്ഥാന് നല്‍കി, എന്നാല്‍ സൈന്യത്തിന്റെ സഹായത്തോടെ പാകിസ്ഥാന്‍ അധിനിവേശത്തെ തുടര്‍ന്ന് മിച്ചം കൊടുക്കാനുണ്ടായിരുന്ന 75 കോടി രൂപ ഇന്ത്യ നല്കാന്‍ വിസമ്മതിച്ചതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. കാശ്മീര്‍ വിഷയത്തില്‍ തീരുമാനമുണ്ടാകാതെ പാകിസ്ഥാന് പണം നല്‍കില്ലെന്ന് ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വ്യക്തമാക്കി. എന്നാല്‍ സംഭവങ്ങളില്‍ അസന്തുഷ്ടനായ മഹാത്മാഗാന്ധി, പാകിസ്ഥാന് വാഗ്ദാനം ചെയ്തത് നടപ്പാക്കാന്‍ ഉപവാസസമരം നടത്തുകയും പട്ടേലിന്റെ

എതിര്‍പ്പുകള്‍ അവഗണിച്ച് ജനുവരി 15 ന് തന്നെ കരാര്‍ പാലിക്കാന്‍ സര്‍ക്കാരിന്റെയും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെയും മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. രസകരമെന്നു പറയട്ടെ, ഇരു രാജ്യങ്ങളും അവകാശപ്പെടുന്നത് തങ്ങള്‍ക്ക് പണം ഇനിയും ലഭിക്കാനുണ്ടെന്നാണ്. വിഭജനത്തിന് മുമ്പുള്ള കടമായി 300 കോടി രൂപ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് നല്‍കാനുണ്ടെന്ന് 2022-2023 ലെ ഇന്ത്യയുടെ സാമ്പത്തിക സര്‍വേ വെളിപ്പെടുത്തുന്നു. മറുവശത്ത്, സ്റ്റേറ്റ് ബാങ്ക് കണക്കുകള്‍ പ്രകാരം 2014 ല്‍ ഇന്ത്യ 560 കോടി രൂപ നല്‍കാനുണ്ടെന്ന് പാകിസ്ഥാനും അവകാശപ്പെടുന്നു.

ആനപ്പുറത്തേറിയ വിഭജനം

സാമ്പത്തിക, സൈനിക ആസ്തികള്‍ക്ക് പുറമേ മറ്റ് ജംഗമ സ്വത്തുക്കളുടെ വിഭജനത്തിലും ഇന്ത്യയും പാക്കിസ്ഥാനും സമവായത്തിലെത്തി. ചലിക്കാവുന്ന എല്ലാ ആസ്തികളും 80:20 എന്ന അനുപാതത്തില്‍ വിഭജിക്കപ്പെട്ടു. ഇതില്‍ ഓഫീസ് ഫര്‍ണിച്ചറുകള്‍, സ്റ്റേഷനറി ഇനങ്ങള്‍, ലൈറ്റ് ബള്‍ബുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. കൂടാതെ, വിഭജനത്തിനുശേഷം 1950-കളിലെ പാര്‍ട്ടീഷന്‍ കൗണ്‍സിലിന്റെ ഔദ്യോഗിക കരാര്‍ പ്രകാരം പുരാതന വസ്തുക്കളും ശേഷിപ്പുകളും ഇരു രാജ്യങ്ങള്‍ക്കും തുല്യമായി വിഭജിക്കാനും ശ്രമിച്ചു. ഇന്ത്യയുടെ വൈസ്രോയിയുടെ സ്വര്‍ണ്ണം പൂശിയ കുതിരവണ്ടി, ബഗ്ഗി ഇവയെല്ലാം ഇതിന് ഉദാഹരണമാണ്.

വിഭജനത്തിന് തൊട്ടുപിന്നാലെ ഇന്ത്യയും, പാകിസ്ഥാനും ഫാന്‍സി ബഗ്ഗി അവകാശപ്പെട്ടു. പിന്നീട് കോയിന്‍ ടോസ് വഴിയാണ് ബഗ്ഗിയുടെ ഉടമസ്ഥാവകാശം തീരുമാനിച്ചത്, അതില്‍ ഇന്ത്യ വിജയിച്ചു. മൃഗങ്ങളുടെ കാര്യത്തില്‍ പോലും ഈ വിഭജനം നമുക്ക് കാണാവുന്നതാണ്. കൊളോണിയല്‍ ബംഗാളിലെ വനം വകുപ്പിലെ ജോയ്മോണി എന്ന ആനയുടെ അവകാശവാദ കേസ് ഇതില്‍ പ്രസിദ്ധമാണ്. ജോയ്‌മോണിയുടെ മൂല്യം ഒരു സ്റ്റേഷന്‍ വാഗണിന് തുല്യമായിരുന്നു. തുടര്‍ന്ന് പശ്ചിമ ബംഗാളിന് വാഹനം നല്‍കാനും ഈസ്റ്റ് ബംഗാളിന് ആനയെ നല്‍കാനും തീരുമാനിച്ചു.

എന്നാല്‍, സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍, ജോയ്മോണി പശ്ചിമ ബംഗാള്‍ ഉള്‍പ്പെടുന്ന മാള്‍ഡയിലായിരുന്നു. ജോയ്മോണിയുടെ മൂല്യം പുതിയ പ്രശ്നത്തിന് തിരികൊളുത്തി. ആനയുടെ വില ഈസ്റ്റ് ബംഗാള്‍ സര്‍ക്കാര്‍ നല്‍കണമെന്ന് മാള്‍ഡ കളക്ടര്‍ വാദിച്ചു. എന്നാല്‍, മാള്‍ഡ ആനയെ ഉപയോഗിച്ചതിനാല്‍ ചെലവ് തങ്ങള്‍ വഹിക്കണമെന്ന് മറുഭാഗം എതിര്‍ത്തു. തര്‍ക്കം ഒടുവില്‍ നയതന്ത്ര വൃത്തങ്ങളിലേക്ക് നീങ്ങിയെന്നും ചീഫ് സെക്രട്ടറിമാരുടെ തലത്തില്‍ പരിഹരിച്ചിരിക്കാമെന്നും പറയപ്പെടുന്നു.

Top