ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വിദഗ്ദ്ധന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. രാജു നാരായണ സ്വാമി തന്റെ ഇലക്ഷൻ അനുഭവങ്ങളെക്കുറിച്ചു രചിച്ച പുസ്തകം മധ്യപ്രദേശിലെ നരസിംഗ്പൂരിൽ നടന്ന ചടങ്ങിൽ വച്ച് പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ ശീതള പാട്ടിലെയുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു പ്രകാശനം. ഒരു യാത്രവിവരണത്തിന്റെ കെട്ടിലും മട്ടിലുമാണ് പുസ്തകത്തിന്റെ രൂപകല്പന. എന്നാൽ ഗ്രാമീണ ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തുന്നതിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഇലക്ഷൻ നിയമങ്ങളെക്കുറിച്ചും പുസ്തകം വിശദമായി അപഗ്രഥിക്കുന്നുണ്ട്. മുപ്പത്തിയെട്ട് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ ആയ ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ്വ റെക്കോർഡിന്റെ ഉടമയായ സ്വാമി നിലവിൽ മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആണ്.
സ്വാമിയുടെ മുപ്പത്തിമൂന്നാമത്തെ പുസ്തകമാണിത്. സാഹിത്യ അക്കാദമി അവാർഡ് നേടിയ “ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ” മുതൽ കുഞ്ഞുണ്ണി പുരസ്കാരത്തിനർഹമായ “നീലക്കുറിഞ്ഞി: ഒരു വ്യാഴവട്ടത്തിലെ വസന്തം” വരെയുള്ള കൃതികൾ സ്വാമി ഇതിനുമുൻപെഴുതിയ പുസ്തകങ്ങളിൽപ്പെടും. അഞ്ചു ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എം.ഡി, കാർഷികോല്പാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐ.ഐ.ടി കാൺപൂർ അദ്ദേഹത്തിന് 2018 ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പും നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്സിറ്റി നൽകുന്ന അംഗീകാരമായ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് 2021 ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്. കമ്പ്യൂട്ടർ സയൻസിൽ ബിരുദവും നിയമത്തിൽ ഡോക്ടറേറ്റും ഉള്ള സ്വാമി 300 ലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
1991-ൽ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്കോടെ രാജു നാരായണ സ്വാമി ഐ.എ.എസ്. പാസ്സായി. ഡൽഹി ആസ്ഥാനമായുള്ള നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെ എൽ.എൽ.എം ഉം ഗുജറാത്ത് നാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ഡോക്‌ടറേറ്റും നേടിയിട്ടുണ്ട്.17 സംസ്ഥാനങ്ങളിലായി നടന്ന 37 തിരഞ്ഞെടുപ്പുകളിൽ കേന്ദ്ര തിരഞ്ഞെടുപ്പു നിരീക്ഷകനായി പ്രവർത്തിച്ചു. 2012-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ആറു ജില്ലകളുടെ ചുമതലയുള്ള റോൾ ഒബ്സർവർ ആയിരുന്നു. 2018-ൽ നടന്ന സിംബാബ്വേ ഇലക്ഷനിൽ അന്താരാഷ്ട്ര നിരീക്ഷകനായി നിയോഗിക്കപ്പെട്ടു.
ജനീവ ആസ്ഥാനമായ ലോകവ്യാപാര സംഘടനയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ആൻഡ് ടെക്‌നിക്കൽ കോഓപ്പറേഷൻ നടത്തുന്ന 22 കോഴ്‌സുകളും ഡിസ്റ്റിങ്ഷനോടെ പാസ്സായിട്ടുണ്ട്. IAEA യുടെ ഡോ. മോഹൻ സിൻഹ മേത്ത റിസർച്ച് ഫെല്ലോഷിപ്പിനും ഛത്തിസ്‌ഗഡ് സർക്കാരിൻ്റെ പ്രശസ്തിപത്രത്തിനും ഇദ്ദേഹം അർഹനായിട്ടുണ്ട്. ഫ്രാൻസിലെയും കാനഡയിലെയും പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നു പരിശീലനം നേടിയിട്ടുണ്ട്. ഇപ്പോൾ ഗവൺമെന്റ്റ് പ്രിൻസിപ്പൽ സെക്രട്ടറി. ഇതിനകം 32 പുസ്തകങ്ങളും 300 ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. സ്വർണ്ണം നിറച്ച കണ്ണൻ ചിരട്ട എന്ന ബാലസാഹിത്യകൃതി ഭീമാ ഗോൾഡ് മെഡൽ നേടി. 2013-ൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പി.ടി. ഭാസ്‌കരപ്പണിക്കർ പുരസ്‌കാരത്തിനും അർഹമായി.