ന്യൂഡൽഹി: തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് തെളിവുകളൊന്നും ഹാജരാക്കാതെ മോദി സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് കഴിയില്ലെന്ന് കാനഡയോട് വ്യക്തമാക്കി ഇന്ത്യ. ഇക്കാര്യത്തിൽ ഇന്ത്യക്കാരെ കുടുക്കാൻ രാഷ്ട്രീയനിർദേശങ്ങൾ കൂടി കാനഡ സർക്കാർ അന്വേഷണസംഘത്തിന് നൽകിയെന്നും ഇന്ത്യ ആരോപിച്ചു.
കനേഡിയൻ പ്രധാനമന്ത്രിയുടെയും നിജ്ജാറിനെ കൊലപാതകമന്വേഷിക്കുന്നഏജൻസിയായ ആർസിഎംപിയുടെയും ആരോപണങ്ങൾ തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും ആരോപിച്ച ഇന്ത്യ നിലപാട് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെയും നയതന്ത്രജ്ഞരെയും ശനിയാഴ്ച അറിയിച്ചു. അന്വേഷണ ഏജൻസികൾക്ക് രാഷ്ട്രീയ നിർദ്ദേശങ്ങൾ നൽകുന്നത് നിയമപരമായി കുറ്റകരമാണെന്ന് ട്രൂഡോ ഭരണകൂടത്തോട് വ്യക്തമാക്കി.
Also Read: പ്രസിഡൻ്റാവാൻ ശാരീരികമായും മാനസികമായും ശേഷിയുണ്ട്; മെഡിക്കൽ റിപ്പോർട്ടുമായി കമല
ഇന്ത്യയുടെ ഉദ്യോഗസ്ഥർ കേസിൽ രാജ്യത്തിന് ഒന്നും മറക്കാനില്ലെന്ന് അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്ത്യയെ അപമാനിക്കാനിടയായ സാഹചര്യം വിശദീകരിക്കണമെന്നും കാനഡയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ലാവോസിൽ നടന്ന ആസിയാൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, പിന്നീട് ഇന്ത്യ സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ കാര്യമായ ചർച്ചകളൊന്നും ഇരു നേതാക്കളും തമ്മിൽ നടന്നിരുന്നില്ലെന്ന് വ്യക്തമാക്കി.