ഡൽഹി: സൽമാൻ റുഷ്ദിയുടെ ‘ദ സാത്താനിക് വേഴ്സസ്’ എന്ന നോവലിന്റെ നിരോധനം നീക്കി ഡൽഹി ഹൈക്കോടതി. രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് ഏർപ്പെടുത്തിയ നിരോധനമാണ് 36 വർഷത്തിനിപ്പുറം ഹൈക്കോടതി നീക്കിയിരിക്കുന്നത്. 1988-ൽ പ്രസിദ്ധീകരിച്ച ദ സാത്താനിക് വേഴ്സസ് ഇറങ്ങിയ ഉടൻ തന്നെ ഉള്ളടക്കത്തിലെ പ്രകോപനപരമായ പരാമർശങ്ങളിലൂടെ മുസ്ലിംമതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ആഗോളതലത്തിൽ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
ഈ നോവലിനെച്ചൊല്ലി സൽമാൻ റുഷ്ദി വധഭീഷണിയും നേരിട്ടിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി നിരോധനമേർപ്പെടുത്തേണ്ടി വന്ന നോവലാണ് ‘ദ സാത്താനിക് വേഴ്സസ്.’ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സാത്താനിക് വേഴ്സസ് ഇന്ത്യയിൽ ലഭ്യമാക്കാൻ കഴിയുമെങ്കിലും മറ്റനേകം രാജ്യങ്ങളിൽ നോവലിനുള്ള വിലക്ക് തുടരുന്നുണ്ട്.
Also Read: നയൻസിനെ അറിയാം; ‘ബിയോണ്ട് ദ് ഫെയറി ടെയ്ൽ’ ട്രെയ്ലർ നാളെ എത്തും
ജസ്റ്റിസ് രേഖ പള്ളി, ജസ്റ്റിസ് സൗരഭ് ബാനർജി എന്നിവരടങ്ങുന്ന ബെഞ്ചാണ് നവംബർ അഞ്ചിന് നോവൽ നിരോധനം പരിഗണനയ്ക്കെടുത്തത്. മുപ്പത്തിയാറ് വർഷം നീണ്ടുനിന്ന പുസ്തകനിരോധനത്തിന്റെ സാധുതകളെക്കുറിച്ച് വിശദീകരണം നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് കഴിയാതെ വന്നതാണ് നിരോധനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിശോധിച്ച കോടതി നിരോധനം നീക്കിയതായി അറിയിച്ചത്. നിരോധനം സംബന്ധിച്ച വിജ്ഞാപനം നിലവിലില്ലെന്ന് അനുമാനിച്ച കോടതി തങ്ങൾക്ക് ബോധ്യപ്പെട്ട സാഹചര്യങ്ങളുടെ വെളിച്ചത്തിൽ നിരോധനം നീക്കുന്നതായി അറിയിക്കുകയായിരുന്നു.
2019-ൽ സന്ദീപൻ ഖാൻ എന്നയാൾ നൽകിയ ഹർജിയിലാണ് സാത്താനിക് വേഴ്സസിന്റെ നിരോധനത്തെ ചോദ്യം ചെയ്തത്. നിരോധനം കാരണം പുസ്തകം ഇന്ത്യയിലേക്ക് കൊണ്ടുവരാനാവുന്നില്ല എന്നുകാണിച്ചായിരുന്നു സന്ദീപൻ ഖാനിന്റെ ഹർജി. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ ബന്ധപ്പെട്ട അധികാരസ്ഥാപനങ്ങളിൽ നിന്നോ നിരോധനത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ലാതിരിക്കെ നോവലിന്റെ നിരോധനം ഇന്ത്യയിൽ തുടരുന്ന സാഹചര്യത്തെയായിരുന്നു ഖാൻ ചോദ്യം ചെയ്തത്.