‘കോൺഗ്രസ് മാനിഫെസ്റ്റോ’; നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പരിഹസിച്ച് ഇൻഡ്യ സഖ്യം

‘കോൺഗ്രസ് മാനിഫെസ്റ്റോ’; നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പരിഹസിച്ച് ഇൻഡ്യ സഖ്യം
‘കോൺഗ്രസ് മാനിഫെസ്റ്റോ’; നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പരിഹസിച്ച് ഇൻഡ്യ സഖ്യം

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബജറ്റിനെ കുറിച്ച് പ്രതികരിച്ച് ഇൻഡ്യ സഖ്യം. നിർമലയുടെ ബജറ്റിനെ കോൺഗ്രസ് മാനിഫെസ്റ്റോ എന്നാണ് ഇൻഡ്യ സഖ്യം പരിഹസിച്ചത്. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പുറത്തിറക്കിയ മാനിഫെസ്റ്റോ ബഹുമാനപ്പെട്ട ധനമന്ത്രി തെരഞ്ഞെടുപ്പിനു ശേഷം വായിച്ചതിൽ സന്തോഷമുണ്ടെന്നാണ് മുതിർന്ന ​കോൺ​ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം എക്സിൽ കുറിച്ചത്. കോൺഗ്രസിന്റെ മാനിഫെസ്റ്റോയുടെ 30ാം പേജിൽ പറഞ്ഞിരിക്കുന്ന ജീവനക്കാർക്ക് ഇൻസെന്റീവ് നൽകുമെന്ന വാഗ്ദാനം അവർ സ്വീകരിച്ചതിൽ വളരെ സന്തോഷിക്കുന്നു.

ധനമന്ത്രി അലവൻസോടു കൂടി പ്രത്യേക അപ്രന്റിസ്ഷിപ്പ് പദ്ധതി അവതരിപ്പിച്ചതിൽ സന്തോഷം തോന്നുന്നു. ഇതെ കുറിച്ച് കോൺഗ്രസ് മാനിഫെസ്റ്റോയുടെ 11ാം പേജിൽ കൃത്യമായി പറയുന്നുണ്ട്. മാനിഫെസ്റ്റോയിൽ പറയുന്ന മറ്റ് കാര്യങ്ങൾ കൂടി അവർ സ്വീകരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്-എന്നും ചിദംബരം കൂട്ടിച്ചേർത്തു. എച്ച്.ഡി. ദേവഗൗഡയുടെയും ഐ.കെ. ഗുജ്റാളിന്റെയും ഡോ. മൻമോഹൻസിങ്ങിന്റെയും ഭരണകാലങ്ങളിൽ മൂന്നുതവണ ധനമന്ത്രിയായിട്ടുണ്ട് ചിദംബരം.

10 വർഷത്തെ തുടർച്ചയായ അവഗണനക്ക് ശേഷം സ്വയംഭൂവായ പ്രധാനമന്ത്രിയും കൂട്ടരും തൊഴിലിനെ കുറിച്ച് മിണ്ടാൻ തുടങ്ങിയിരിക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ മാനിഫെസ്റ്റോയിൽ പോലും തൊഴിലിനെ കുറിച്ച് പ്രധാനമന്ത്രി മിണ്ടിയിട്ടില്ല. തൊഴിലില്ലായ്മ എന്ന ദേശീയ ദുരന്തമാണെന്നും അതിന് മുന്തിയ പരിഗണന നൽകേണ്ടതുണ്ടെന്നും ഒടുവിൽ അവർ അംഗീകരിച്ചിരിക്കുന്നുവെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചത്.

ബജറ്റ് പ്രസംഗത്തിൽ കർമത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുപാട് കാര്യങ്ങൾ ബജറ്റിൽ മിസ്സിങ്ങാണ്. മഹാത്മാഗാന്ധി നാഷനൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരന്റി പദ്ധതിയെ കുറിച്ച് ബജറ്റിൽ സൂചനയില്ല. രാജ്യത്തെ 40 ശതമാനം വരുന്ന ദരിദ്ര വിഭാഗങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള മാർഗങ്ങളെ കുറിച്ച് പറയുന്നില്ല. നമ്മുടെ രാജ്യത്തെ സാമ്പത്തിക അസമത്വത്തെ കുറിച്ച് സൂചിപ്പിച്ച് പോവുന്നതേയുള്ളൂ.-കോൺഗ്രസ് എം.പി ശശി തരൂർ ​പറഞ്ഞു.

Top