ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തിത്തര്‍ക്കം സംബന്ധിച്ച് നടത്തിയ പ്രസ്താവനക്കെതിരെ മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാവ് ജയറാം രമേശ്. ചൈനയ്ക്ക് മറുപടി നല്‍കാനുള്ള മികച്ച അവസരമായിരുന്നു മോദിക്ക് ലഭിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ ദുര്‍ബലമായ മറുപടി ഇന്ത്യന്‍ മണ്ണില്‍ അവകാശവാദം ഉന്നയിക്കാന്‍ ചൈനയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ജയറാം രമേശ് വിമര്‍ശിച്ചു.
ഇന്ത്യയുടെ പരാമാധികാരം ചൈന നിരന്തരം ലംഘിച്ചുകൊണ്ടിരിക്കെ, ഭീരുത്വത്തിന്റെ എല്ലാ പരിധിയും മോദി മറികടന്നതായി അദ്ദേഹം എക്‌സില്‍ കുറിച്ചു. ദീര്‍ഘകാലമായുള്ള ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം എത്രയുംവേഗം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഇതുവഴി ഉഭയകക്ഷി ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.
പ്രധാനമന്ത്രിയുടെ പ്രസ്താവന ലജ്ജാകരം മാത്രമല്ല, വലിയ ത്യാ?ഗംസഹിച്ച് ഇന്ത്യന്‍ അതിര്‍ത്തി കാത്ത രക്തസാക്ഷികളോടുള്ള അവഹേളനം കൂടിയാണ്. ആരും ഇന്ത്യയിലേക്ക് കടക്കില്ലെന്നും ഒരു ഇന്ത്യന്‍ പോസ്റ്റുപോലും കൈവശപ്പെടുത്തില്ലെന്നും 2020 ജൂണ്‍ 19-ന് ദേശീയ മാധ്യമത്തിലൂടെ നടത്തിയ പ്രസ്താവന പിന്‍വലിച്ച് രാജ്യത്തെ 140 കോടി ജനങ്ങളോട് പ്രധാനമന്ത്രി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിര്‍ത്തിയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടണമെന്നാണ് ഞാന്‍ കരുതുന്നതെന്നും ഇതുവഴി ഉഭയകക്ഷി ബന്ധത്തിലുണ്ടായ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നുമായിരുന്നു നരേന്ദ്രമോദി പറഞ്ഞത്. നയതന്ത്രതലത്തിലും സൈനികതലത്തിലും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ട് നമ്മുടെ അതിര്‍ത്തികളില്‍ സമാധാനം പുനഃസ്ഥാപിക്കാനും അത് നിലനിര്‍ത്താനും കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഈ മാസം ആദ്യം അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള 30 സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള പട്ടിക ചൈന പുറത്തിറക്കിയതാണ് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ഏറ്റവും ഒടുവിലത്തെ സംഭവവികാസം. ഇതിനുപിന്നാലെ, അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും പുതിയ പേരുകള്‍ നല്‍കിയാല്‍ ആ യാഥാര്‍ഥ്യം മായ്ക്കാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.