ന്യൂയോര്‍ക്ക്: ഇന്ത്യ -ചൈന സഹകരണം ഏഷ്യയുടെ മുഴുവന്‍ ഭാവി നിര്‍ണയിക്കുന്നതില്‍ സുപ്രധാനമാണെന്നും എന്നാല്‍ അതിര്‍ത്തിയിലെ പ്രശ്‌നം പരിഹരിക്കുന്നതുവരെ മറ്റു വിഷയങ്ങളില്‍ ചര്‍ച്ചക്കില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. 2020ല്‍ ഗാല്‍വന്‍ താഴ്വരയില്‍ സേനകള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത് ഇരു രാജ്യവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വരുത്തി. ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ എല്ലായിടത്തും തര്‍ക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ ‘ഇന്ത്യ, ഏഷ്യ ആന്‍ഡ് ദ് വേള്‍ഡ്’ എന്ന പരിപാടിയിലായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം.
”ഇന്ത്യ -ചൈന ബന്ധം ഏഷ്യയുടെ ഭാവിയില്‍ നിര്‍ണായകമാണെന്ന് ഞാന്‍ കരുതുന്നു. ലോകം ഇപ്പോള്‍ ഇരുധ്രുവ ക്രമത്തിലല്ല, അത് ബഹുധ്രുവ ക്രമത്തിലാണ്. ഏഷ്യയിലും അങ്ങനെയാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ ഏഷ്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്റെ ഭാവിയെ സ്വാധീനിക്കുന്നതാകും ഇന്ത്യ -ചൈന ബന്ധം. അയല്‍ രാജ്യങ്ങളായ ഇന്ത്യയും ചൈനയും മാത്രമാണ് 100 കോടിയിലേറെ ജനസംഖ്യയുള്ള ലോകരാജ്യങ്ങള്‍. നിരവധി വിഷയങ്ങളില്‍ ഭിന്നതാല്‍പര്യങ്ങളുള്ള രാജ്യങ്ങളാണിവ. 75 ശതമാനം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനായിട്ടുണ്ട്. ഇപ്പോഴുള്ള പ്രധാന പ്രശ്‌നം അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ടതാണ്.
ചൈനയുമായി ഇന്ത്യക്ക് 3500 കിലോമീറ്റര്‍ അതിര്‍ത്തിയാണുള്ളത്. ഇതില്‍ എല്ലായിടത്തും തര്‍ക്കമുണ്ട്. അതിര്‍ത്തിയിലെ സേനാവിന്യാസം പിന്‍വലിക്കുന്ന മുറയ്ക്ക് മാത്രമേ അവിടെ പരിഹാരമാകുകയുള്ളൂ. അതിര്‍ത്തിയില്‍ സമാധാനം പുലര്‍ന്നാല്‍ മറ്റ് കാര്യങ്ങളേക്കുറിച്ച് ചര്‍ച്ച ചെയ്യാനും നല്ല ബന്ധം മുന്നോട്ടുകൊണ്ടുപോകാനുമാകും. 2020ല്‍ ചൈനീസ് സേന യഥാര്‍ഥ നിയന്ത്രണരേഖ ലംഘിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെ ബന്ധം വഷളായി. സേനകള്‍ മുമ്പ് ക്യാമ്പ് ചെയ്തിടത്തേക്ക് മടങ്ങിയാല്‍ മാത്രമേ അതില്‍ പരിഹാരമാകൂ” -ജയശങ്കര്‍ പറഞ്ഞു.