ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക നടപടികള്‍ പൂര്‍ത്തിയാക്കി. കിഴക്കന്‍ ലഡാക്കിലെ ഡെപ്സാങ്, ഡെംചോക് മേഖലകളില്‍ അടക്കമാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിന്‍മാറ്റ നടപടികള്‍ പൂര്‍ത്തിയായത്. ഇരു സേനകളും അതിര്‍ത്തിയില്‍ പെട്രോളിങ് ആരംഭിച്ചിട്ടുണ്ട്. സൈനിക പിന്മാറ്റത്തിനൊപ്പം ഈ മേഖലയില്‍ നടത്തിയ താത്കാലിക നിര്‍മാണങ്ങളും പൊളിച്ചുമാറ്റിയിട്ടുണ്ട്. പ്രതിരോധ സാമഗ്രികളും സൈനിക വാഹനങ്ങളും ബേസ് ക്യാംപുകളിലേക്കു തിരികെക്കൊണ്ടുപോയി. മേഖലയില്‍ മുഖാമുഖം വരാതെയാണ് ഇരു സേന വിഭാഗങ്ങളുടെയും പട്രോളിങ്.
നിയന്ത്രണ രേഖയില്‍നിന്ന് പിന്‍വാങ്ങുന്നതില്‍ ധാരണയായതായി കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പട്രോളിങ് 2020 ഏപ്രിലിന് മുന്‍പുള്ള നിലയിലാണ് പുനഃരാരംഭിച്ചത്. 2020 ജൂണില്‍ ഗാല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് നിയന്ത്രണ രേഖയില്‍ ഇരു രാജ്യങ്ങളും സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചത്. വ്യാഴാഴ്ച ദീപാവലി ദിനത്തില്‍ ഇരുപക്ഷത്തെയും സൈനികര്‍ മധുരപലഹാരങ്ങള്‍ കൈമാറുമെന്നാണു പ്രതീക്ഷയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം സേനകളുടെ പിന്മാറ്റം സംബന്ധിച്ച വ്യക്തതയ്ക്കായി ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചും നേരിട്ടും സൈന്യം പരിശോധന നടത്തും. താത്ക്കാലിക നിര്‍മിതികള്‍ നീക്കം ചെയ്യുന്നതും പിന്മാറ്റത്തിന്റെ ഭാഗമാണ്. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനിക വിന്യാസം കുറയ്ക്കുന്നതിനുള്ള 3 ഘട്ട പ്രക്രിയയുടെ ആദ്യപടിയാണിത്.