ഓട്ടവ: കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറി ഖലിസ്ഥാൻ വാദികൾ നടത്തിയ അക്രമണത്തിൽ അപലപിച്ച് ഇന്ത്യൻ കോൺസുലേറ്റ്. ടൊറന്റോക്ക് സമീപമുള്ള ഹിന്ദു സഭാ മന്ദിറിന് പുറത്ത് നടന്ന സംഭവത്തിൽ ഇന്ത്യാ വിരുദ്ധർ നടത്തിയ അക്രമാസക്തമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടു, നിലവിലെ സാഹചര്യം കണക്കിലെടുത്ത് അത്തരം പരിപാടികൾക്ക് ഇനി കൃത്യമായി സുരക്ഷാ നടപടികൾ ഉറപ്പാക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
അക്രമണത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേരത്തെ പ്രതികരിച്ചിരുന്നു. ക്ഷേത്രത്തിന് നേരെ നടന്ന ഇത്തരമൊരു അക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ട്രൂഡോ പറഞ്ഞു. കാനഡയിലുള്ള എല്ലാവർക്കും അവരുടെ വിശ്വാസം ആചരിക്കാനും, സംരക്ഷിക്കാനുമുള്ള അവകാശമുണ്ടെന്നും ട്രൂഡോ പറഞ്ഞു.
Also Read: ‘തീവ്രവാദത്തിനും മുസ്ലീം ലോകത്തെ ഭിന്നിപ്പിനും’ അമേരിക്കയെ കുറ്റപ്പെടുത്തി ഇറാനിയൻ കമാൻഡർ
സംഭവത്തിൽ കാനഡ കേന്ദ്രമന്ത്രി അനിത ആനന്ദ് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രതിഷേധക്കാർ യാതൊരു മുന്നറിയിപ്പുമില്ലാതെ പരിസരത്ത് നിന്നവർക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മത വിഭാഗങ്ങൾക്കും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാൻ അവകാശമുണ്ടെന്നും നിത ആനന്ദ് എക്‌സിൽ കുറിച്ചു. അതേസമയം, സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി കനേഡിയൻ എം.പി ചന്ദ്ര ആര്യയും രംഗത്തെത്തി. ഖാലിസ്ഥാൻ വിഘടനവാദികൾ ചുവപ്പുവര ലംഘിച്ചുവെന്നാണ് ആര്യ പറഞ്ഞത്.