സെഞ്ചൂറിയന്‍:ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന മൂന്നാം ടി20 യില്‍ ദക്ഷിണാഫ്രിക്കയെ 11 റണ്‍സിന് വീഴ്ത്തി ടീം ഇന്ത്യ. സെഞ്ചൂറിയനില്‍ ഇന്ത്യ ഉയര്‍ത്തിയ 220 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മാര്‍ക്കോ യാന്‍സന്റെയും ഹെന്റിച്ച് ക്ലാസന്റെയും വെടിക്കെട്ട് ബാറ്റിംഗിന് മുന്നില്‍ പതറാതെ നിന്ന ഇന്ത്യ അവസാന നിമിഷം വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.
ഭേദപ്പെട്ട തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍മാരായ റിയാന്‍ റിക്കെല്‍റ്റനും (20) റീസ ഹെന്‍ഡ്രിക്‌സും (21) ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ പവര്‍ പ്ലേ അവസാനിക്കുന്നതിന് മുമ്പ് തന്നെ ഓപ്പണര്‍മാരെ ഇരുവരെയും നഷ്ടമായതോടെ പ്രോട്ടീസ് അപകടം മനസിലാക്കി. മൂന്നാമനായി ക്രീസിലെത്തിയ നായകന്‍ എയ്ഡന്‍ മാര്‍ക്രം ഫോമിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. 18 പന്തില്‍ 29 റണ്‍സ് നേടിയ മാര്‍ക്രത്തെ വരുണ്‍ ചക്രവര്‍ത്തി മടക്കിയയച്ചു. ട്രിസ്റ്റന്‍ സ്റ്റബ്‌സും (12) നിറം മങ്ങിയതോടെ എല്ലാ പ്രതീക്ഷകളും മില്ലര്‍-ക്ലാസന്‍ സഖ്യത്തിലായി. പതുക്കെ തുടങ്ങിയ ക്ലാസന്‍ വൈകാതെ തന്നെ താളം കണ്ടെത്തിയെങ്കിലും ഫോമിലേയ്ക്ക് ഉയരാനാകാതെ മില്ലര്‍ കിതച്ചത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.
Also Read: അടുപ്പിച്ച് 2 ഡക്ക്; സഞ്ജു വീണ്ടും ‘സംപൂജ്യന്‍’
മത്സരത്തിന്റെ 14-ാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെ ഹാട്രിക് സിക്‌സറുകള്‍ പായിച്ച് ക്ലാസന്‍ നിലപാട് വ്യക്തമാക്കി. 23 റണ്‍സാണ് ചക്രവര്‍ത്തിയുടെ അവസാന ഓവറില്‍ പിറന്നത്. ഇതിനിടെ മില്ലറെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കി. 18-ാം ഓവറില്‍ ക്ലാസനെ മടക്കി അയച്ച് അര്‍ഷ്ദീപ് സിംഗ് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍, മറുഭാഗത്തുണ്ടായിരുന്ന മാര്‍ക്കോ യാന്‍സന്‍ മുട്ടുമടക്കാന്‍ തയ്യാറായിരുന്നില്ല. 16 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച യാന്‍സന്‍ ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളാണ് അവസാന ഓവറുകളില്‍ കാണാനായത്. 4 പന്തില്‍ 18 റണ്‍സ് കൂടി വേണമെന്നിരിക്കെ കൂറ്റനടിയ്ക്ക് ശ്രമിച്ച യാന്‍സനെ (54) അര്‍ഷ്ദീപ് സിംഗ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ മൂന്ന് പന്തില്‍ 18 റണ്‍സായി മാറിയ വിജയലക്ഷ്യം മറികടക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞില്ല.