ന്യൂഡൽഹി: പലസ്തീൻ അഭയാർത്ഥികൾക്കായി മാറ്റിവെച്ച വാർഷിക സംഭാവനയിൽ നിന്ന് ആദ്യ ഗഡുവായ 2.5 ദശലക്ഷം ഡോളർ (25 ലക്ഷം ഡോളർ) അയച്ചുനൽകി ഇന്ത്യ. നിയർ ഈസ്റ്റിലെ യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പലസ്തീൻ റെഫ്യൂജീസിനാണ് (യു.എൻ.ആർ.ഡബ്ല്യു.എ) തുക കൈമാറിയത്. 2024-25 വർഷത്തേക്കായി 5 ദശലക്ഷം ഡോളറാണ് സംഭാവന. റാമല്ലയിലെ ഇന്ത്യൻ പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്.
1950 മുതൽ രജിസ്റ്റർ ചെയ്ത പലസ്തീൻ അഭയാർത്ഥികൾക്കായി നേരിട്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന ഐക്യരാഷ്ട്രസഭാ സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ. ഗാസയിലെ ഇസ്രായേൽ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ നിലനിർത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പലസ്തീൻ അഭയാർത്ഥികളുടെ ആരോഗ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും യു.എൻ ഏജൻസിയുടെ സേവനങ്ങൾക്കുമായി 2023-24 വരെ 35 ദശലക്ഷം യു.എസ് ഡോളറിന്‍റെ സാമ്പത്തിക സഹായം ഇന്ത്യ നൽകി. കൂടാതെ മരുന്നുകൾക്കും സഹായം നൽകുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.