ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മോദിയുമായുള്ള സംഭാഷണത്തിലാണ് ട്രംപ് മോദിയെ കുറിച്ച് പറഞ്ഞതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യ ഒരു ഗംഭീര രാജ്യമാണെന്നും നരേന്ദ്രമോദി ഒരു ഗംഭീര മനുഷ്യനാണെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച തന്നെ ആദ്യം വിളിച്ച ലോകനേതാക്കളില്‍ ഒരാള്‍ നരേന്ദ്ര മോദിയാണെന്നും ട്രംപ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം സ്വന്തമാക്കിയ പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നൂ. എന്ന് പറഞ്ഞുകൊണ്ട് മോദി എക്സില്‍ ആശംസകള്‍ നേര്‍ന്നിരുന്നു. ട്രംപിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം എക്സില്‍ പങ്കുവെച്ചിരുന്നു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതുക്കാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചിരുന്നു.